| Wednesday, 12th March 2025, 3:43 pm

ബുംറയുടെ കരിയര്‍ പോലും ഇല്ലാതെയാകും; ആശങ്ക വ്യക്തമാക്കി ന്യൂസിലാന്‍ഡ് ലെജന്‍ഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറ നിലവില്‍ പരിക്കിന്റെ പിടിയിലാണ്. ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലേറ്റ പരിക്കാണ് താരത്തെ കളത്തില്‍ നിന്നും പിന്നോട്ട് വലിച്ചത്. പരിക്കിനെ തുടര്‍ന്ന് ഇന്ത്യയുടെ പരമ്പരകളും ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയും താരത്തിന് നഷ്ടമായിരുന്നു.

ചാമ്പ്യന്‍സ് ട്രോഫിയുടെ ആദ്യ സ്‌ക്വാഡില്‍ ബുംറയുടെ പേരും അപെക്‌സ് ബോര്‍ഡ് ഉള്‍പ്പെടുത്തിയിരുന്നു. ടൂര്‍ണമെന്റിന് മുമ്പ് പരിക്ക് ഭേദപ്പെടുകയാണെങ്കില്‍ താരത്തെ ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിപ്പിക്കാം എന്നായിരുന്നു ബി.സി.സി.ഐയുടെ കണക്കുകൂട്ടലുകള്‍. എന്നാല്‍ അതെല്ലാം പാടെ തെറ്റുകയായിരുന്നു.

ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഐ.പി.എല്ലിലെ ചില മത്സരങ്ങളും ബുംറയ്ക്ക് നഷ്ടമായേക്കും.

ഇപ്പോള്‍ ബുംറയുടെ പരിക്കിനെ കുറിച്ചും ആരോഗ്യസ്ഥിതിയെ കുറിച്ചും സംസാരിക്കുകയാണ് മുന്‍ ന്യൂസിലാന്‍ഡ് സ്റ്റാര്‍ പേസറും മുംബൈ ഇന്ത്യന്‍സ് ബൗളിങ് പരിശീലകനുമായ ഷെയ്ന്‍ ബോണ്ട്. ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇപ്പോള്‍ പരിക്കേറ്റ അതേ സ്ഥലത്ത് മറ്റൊരു പരിക്ക് കൂടിയുണ്ടായാല്‍, അത് ഒരുപക്ഷേ ബുംറയുടെ കരിയര്‍ തന്നെ അവസാനിപ്പിച്ചേക്കും. അതേ സ്ഥലത്ത് തന്നെ വീണ്ടും ശസ്ത്രക്രിയ നടത്താന്‍ സാധിക്കുമോ എന്ന കാര്യം സംശയമാണ്,’ ബോണ്ട് പറഞ്ഞു.

ബുംറയുടെ വര്‍ക്‌ലോഡിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

‘സ്‌കാനിങ്ങിനായി അവന്‍ സിഡ്‌നിയിലേക്കായിരുന്നു പോയത്, അവന് ഉളുക്ക് സംഭവിച്ചെന്ന രീതിയിലുള്ള ചില സന്ദേശങ്ങള്‍ വന്നുകൊണ്ടിരുന്നു. അത് ഉളുക്കല്ലെന്നും ആ ഭാഗത്ത് (പുറകില്‍) എല്ലിന് പരിക്കായിരിക്കാമെന്നുമായിരുന്നു എന്റെ ആശങ്ക. അങ്ങനെയാണെങ്കില്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തിന് ബുദ്ധിമുട്ടായിരിക്കുമെന്ന് ഞാന്‍ കരുതി.

നോക്കൂ, ബൂംസ് (ബുംറ) കുഴപ്പങ്ങളൊന്നുമില്ലാതെയിരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. വര്‍ക്‌ലോഡ് മാനേജ്‌മെന്റ് മാത്രമാണ് പ്രശ്‌നമായിട്ടുള്ളത്.

ടൂറുകളും മുന്നോട്ടുള്ള ഷെഡ്യൂളുകളും കണക്കിലെടുക്കുമ്പോള്‍ എപ്പോഴാണ് നിങ്ങളവന് വിശ്രമം അനുവദിക്കുക? യഥാര്‍ത്ഥത്തില്‍ അപകടകരമായ കാലഘട്ടങ്ങള്‍ മുന്നിലുണ്ട്? പലപ്പോഴും ഐ.പി.എല്ലില്‍ നിന്ന് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലേക്ക് മാറുമ്പോള്‍ ഒരു അപകടസാധ്യതയായിരിക്കും. പ്രത്യേകിച്ച് ടി-20യില്‍ നിന്ന് ടെസ്റ്റ് മത്സരത്തിലേക്ക് മാറുന്നിടത്തെല്ലാം അത് വെല്ലുവിളി നിറഞ്ഞതായിരിക്കും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാര്‍ച്ച് 23നാണ് ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ മത്സരം. ചെന്നൈയുടെ തട്ടകമായ ചെപ്പോക്കാണ് വേദി. ഈ മത്സരത്തില്‍ ബുംറ ടീമിനൊപ്പമുണ്ടാകില്ല എന്ന് ഉറപ്പാണ്.

ഐ.പി.എല്ലിന് ശേഷം ഇംഗ്ലണ്ടിനെതിരെ ജൂണ്‍ 20 മുതല്‍ ആരംഭിക്കുന്ന അഞ്ച് ടെസ്റ്റ് പരമ്പരയാകും ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് ശേഷമുള്ള ബുംറയുടെ രാജ്യാന്തര മത്സരം. നിലവില്‍ ബി.സി.സി.ഐയുടെ സെന്‍ട്രല്‍ ഓഫ് എക്സലന്‍സില്‍ തുടരുകയാണ് ഇന്ത്യന്‍ സൂപ്പര്‍ പേസര്‍.

Content Highlight: Former New Zealand pacer Shane Bond about Jasprit Bumrah’s injury

We use cookies to give you the best possible experience. Learn more