| Tuesday, 28th April 2026, 7:17 pm

ഒരു ജൂതനെന്നതില്‍ ലജ്ജിക്കുന്നു, ഈസ്രഈലി കുടിയേറ്റക്കാരുടെ ആക്രമണം നാസി ജര്‍മനിയുടെ ക്രൂരതയ്ക്ക് തുല്യം: മുന്‍ മൊസാദ് മേധാവി

ആദര്‍ശ് എം.കെ.

ടെല്‍ അവീവ്: വെസ്റ്റ് ബാങ്കില്‍ ഇസ്രഈലി കുടിയേറ്റക്കാര്‍ നടത്തുന്ന അക്രമങ്ങളെ നാസി ജര്‍മനിയിലെ ജൂതവിരുദ്ധ ക്രൂരതകളോട് ഉപമിച്ച് ഇസ്രഈലി ഇന്റലിജന്‍സ് ഏജന്‍സിയായ മൊസാദിന്റെ മുന്‍ മേധാവി തമീര്‍ പാര്‍ദോ. അധിനിവേശ വെസ്റ്റ് ബാങ്കില്‍ നടത്തിയ സന്ദര്‍ശനത്തിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഇന്ന് ഞാന്‍ കണ്ട കാഴ്ചകള്‍ ഒരു ജൂതനാണെന്ന് പറയുന്നതില്‍ എന്നെ ലജ്ജിപ്പിക്കുന്നു,’ ചാനല്‍ 13നോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

2011 മുതല്‍ 2016 വരെ മൊസാദ് ഡയറക്ടറായിരുന്ന പാര്‍ദോ, മുന്‍ ഇസ്രഈല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐ.ഡി.എഫ്) അംഗങ്ങള്‍ക്കൊപ്പമാണ് വെസ്റ്റ് ബാങ്ക് സന്ദര്‍ശിച്ചത്.

‘എന്റെ അമ്മ ഹോളോകോസ്റ്റ് അതിജീവിച്ച വ്യക്തിയാണ്. കഴിഞ്ഞ നൂറ്റാണ്ടില്‍ ജൂതന്മാര്‍ക്കെതിരെ നടന്ന സംഭവങ്ങളെയാണ് അവിടെ കണ്ട ഓരോ കാഴ്ചകളും എന്നെ ഓര്‍മിപ്പിച്ചത്,’ പാര്‍ദോ കൂട്ടിച്ചേര്‍ത്തു.

വെസ്റ്റ് ബാങ്കിലെ നിലവിലെ സാഹചര്യങ്ങള്‍ ‘അടുത്ത ഒക്ടോബര്‍ ഏഴിന്’ വഴിയൊരുക്കുകയാണെന്ന് പാര്‍ദോ മുന്നറിയിപ്പ് നല്‍കി. ഇത് പഴയതിനേക്കാള്‍ സങ്കീര്‍ണവും കൂടുതല്‍ വേദനാജനകവുമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘അടുത്ത ഒക്ടോബര്‍ ഏഴിനുള്ള വിത്തുകള്‍ പാകാനാണ് രാജ്യം തീരുമാനിച്ചിരിക്കുന്നത്’ എന്ന് അദ്ദേഹം വിമര്‍ശിച്ചു.

കുടിയേറ്റക്കാരുടെ അക്രമങ്ങളെക്കുറിച്ച് ഇസ്രഈല്‍ അധികാരികള്‍ക്ക് കൃത്യമായ അറിവുണ്ടെങ്കിലും അവര്‍ അത് ബോധപൂര്‍വം അവഗണിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

വെസ്റ്റ് ബാങ്കിലെ കുടിയേറ്റ അക്രമങ്ങള്‍ ഇസ്രഈല്‍ രാജ്യത്തിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാണെന്നും മുന്നറിയിപ്പ് നല്‍കി.

തീവ്ര വലതുപക്ഷ കുടിയേറ്റക്കാര്‍ക്ക് നിലവിലെ ബെഞ്ചമിന്‍ നെതന്യാഹു സര്‍ക്കാരില്‍ ലഭിക്കുന്ന പിന്തുണ രാജ്യത്തെ ആഭ്യന്തര കലഹങ്ങളിലേക്ക് നയിക്കുമെന്നും, ഇത് ലെബനനിലെ അവസ്ഥയ്ക്ക് സമാനമായി രാജ്യത്തെ തകര്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദശലക്ഷക്കണക്കിന് ഫലസ്തീനികളെ അടിച്ചമര്‍ത്തുന്നത് ഇസ്രഈലി സമൂഹത്തെ വലിയ അഴിമതിയിലേക്ക് നയിക്കുമെന്ന തത്വചിന്തകനായ യേശയാഹു ലെയ്ബോവിറ്റ്സിന്റെ വാക്കുകളില്‍ ഇപ്പോള്‍ താന്‍ വിശ്വസിക്കുന്നുന്നുവെന്നും മുന്‍ മൊസാദ് മേധാവി വ്യക്തമാക്കി.

2023 ഒക്ടോബറിന് ശേഷം ഫലസ്തീനികള്‍ക്കെതിരെയുള്ള കുടിയേറ്റക്കാരുടെ അക്രമങ്ങള്‍ വര്‍ധിച്ചതായും ഇത് വലിയ മാനുഷിക പ്രതിസന്ധിക്ക് കാരണമായതായും വിവിധ മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.

Content Highlight: Former Mossad chief compares violence by West Bank Israeli settlers to that committed by Nazis during the Holocaust

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more