| Tuesday, 6th January 2026, 3:45 pm

മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു

രാഗേന്ദു. പി.ആര്‍

കോഴിക്കോട്: മുന്‍ മന്ത്രിയും മുതിർന്ന മുസ്‌ലിം ലീഗ് നേതാവുമായ വി.കെ. ഇബ്രാഹിംകുഞ്ഞ് (73) അന്തരിച്ചു. ലേക് ഷോര്‍ ആശുപത്രിയിലായിരുന്നു അന്ത്യം.

അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യനില കഴിഞ്ഞ ദിവസങ്ങളില്‍ അതീവ ഗുരുതരമായി തുടരുകയായിരുന്നു. ഇന്ന് (ചൊവ്വ) ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

മുസ്‌ലിം ലീഗിന്റെ പ്രധാന നേതാക്കളില്‍ ഒരാളായിരുന്നു വി.കെ. ഇബ്രാഹിംകുഞ്ഞ്. രണ്ട് തവണ മന്ത്രിയും നാല് തവണ എം.എല്‍.എയുമായിരുന്നു അദ്ദേഹം. വ്യവസായ-സാമൂഹിക ക്ഷേമം, പൊതുമരാമത്ത് എന്നീ വകുപ്പുകളാണ് അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്.

2001, 2006, 2011, 2016 എന്നീ വര്‍ഷങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ വിജയിച്ചാണ് ഇബ്രാഹിംകുഞ്ഞ് നിയമസഭയില്‍ എത്തിയത്. 2005ല്‍ അന്നത്തെ വ്യവസായ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ പി.കെ. കുഞ്ഞാലിക്കുട്ടി രാജിവെച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന് മന്ത്രിസ്ഥാനം ലഭിച്ചത്.

2011 മുതല്‍ 2016 വരെയുള്ള ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് കീഴിലാണ് ഇബ്രാഹിംകുഞ്ഞ് പൊതുമരാമത്ത് മന്ത്രിയായത്.

മുസ്‌ലിം സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ (എം.എസ്.എഫ്), മുസ്‌ലിം യൂത്ത് ലീഗ് എന്നിവയിലൂടെയാണ് ഇബ്രാഹിംകുഞ്ഞ് സജീവ രാഷ്ട്രീയത്തിലേക്ക് എത്തിയത്. ട്രേഡ് യൂണിയന്‍ മേഖലയിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു.

Content Highlight: Former Minister Ebrahim Kunju passed away

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more