തിരുവനന്തപുരം: തൊണ്ടിമുതല്‍ തിരിമറി കേസില്‍ കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍മന്ത്രി ആന്റണി രാജു നല്‍കിയ ഹരജി തള്ളി കോടതി. ആന്റണി രാജുവിന്റെ നിയമസഭയിലെ അയോഗ്യതയും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അയോഗ്യതയും നിലനില്‍ക്കുമെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി.
തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് കേസില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. വിദേശ പൗരനെ ക്രിമിനല്‍ കേസില്‍ നിന്നും രക്ഷിക്കാനായി തൊണ്ടി മുതലില്‍ കൃത്രിമം നടത്തിയെന്നാണ് ആന്റണി രാജുവിനെതിരെ തെളിഞ്ഞിരിക്കുന്ന കുറ്റം.
നേരത്തെ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി ആന്റണി രാജുവിന് മൂന്ന് വര്‍ഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. ഈ ഉത്തരവിനെതിരെ മുന്‍മന്ത്രി നല്‍കിയ ഹരജി ഫയലില്‍ സ്വീകരിച്ച തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി കീഴ്‌ക്കോടതി വിധി താത്കാലികമായി മരവിപ്പിച്ചുകൊണ്ട് ഉത്തരവിട്ടിരുന്നു.
ഇതിന് പിന്നാലെയാണ് ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു കോടതിയെ സമീപിച്ചത്.
1990 ഏപ്രില്‍ നാലിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ച് ഹാഷിഷ് ഓയില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ ഓസ്‌ട്രേലിയന്‍ പൗരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലി പിടിയിലാവുകയും ഇയാള്‍ 10 വര്‍ഷം തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്തിരുന്നു.
അന്ന് പ്രതിഭാഗം അഭിഭാഷകയുടെ ജൂനിയര്‍ അഭിഭാഷകനായിരുന്ന ആന്റണി രാജു ഉള്‍പ്പടെയുള്ളവര്‍ പ്രധാന തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമത്വം നടത്തി അത് പ്രതിയുടേതല്ലെന്ന് സ്ഥാപിച്ചിരുന്നു.
തുടര്‍ന്ന് പ്രതിയെ വെറുതെ വിടുകയും ഇയാള്‍ ഓസ്‌ട്രേലിയയിലേക്ക് മടങ്ങുകയും ചെയ്തു. സമാനമായ കേസില്‍ സര്‍വലി വീണ്ടും പിടിയിലായതോടെയാണ് കോടതിയെ കബളിപ്പിച്ചത് തെളിഞ്ഞത്.
സംഭവത്തില്‍ 1994ല്‍ വഞ്ചിയൂര്‍ പൊലീസാണ് കേസെടുത്തത്. 2005ല്‍ ഐ.ജി അന്വേഷണത്തിന് ഉത്തരവിടുകയും 2006ല്‍ ആന്റണി രാജുവിനെ രണ്ടാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. പിന്നീട് 16 വര്‍ഷത്തിന് ശേഷമാണ് വിചാരണ നടന്നത്.
Content Highlight: Former Minister Antony Raju’s petition seeking quashing of court verdict dismissed