കഴിഞ്ഞ ദിവസം ചെല്‍സിയുമായി നടന്ന മത്സരത്തില്‍ നിന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കോച്ച് എറിക് ടെന്‍ഹാഗ് പുറത്താക്കിയിരുന്നു.
ടോട്ടന്‍ഹാം ഹോട്‌സ്പറുമായി നടന്ന മത്സരത്തിനിടെ 90ാം മിനിട്ടില്‍ റൊണാള്‍ഡോ കളംവിട്ടറങ്ങി പോയതായിരുന്നു കാരണം.
ഈ സീസണില്‍ തുടര്‍ച്ചയായി ടെന്‍ഹാഗ് റൊണാള്‍ഡോയെ ബെഞ്ചിലിരുത്തുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ടെന്‍ഹാഗിനെതിരെ വിമര്‍ശനങ്ങള്‍ സജീവമായിരുന്നു. എന്നാല്‍ റൊണാള്‍ഡോ വിഷയത്തില്‍ യാതൊരു പ്രതികരണവും അറിയിച്ചിരുന്നില്ല.
എന്നാല്‍ ടോട്ടന്‍ഹാമുമായി മത്സരം നടക്കുന്നതിനിടെ താരത്തിന്റെ ഭാഗത്ത് നിന്ന് വലിയ വീഴ്ച വന്നതിനെ തുടര്‍ന്ന് യുണൈറ്റഡ് അദ്ദേഹത്തിന് നേരെ തിരിയുകയായിരുന്നു.
രണ്ടാഴ്ചത്തെ വേതനം റദ്ദ് ചെയ്തതിന് പുറമെ ടീമിലെ എല്ലാ അംഗങ്ങളോടും മാപ്പ് പറയാനുമാണ് ടെന്‍ഹാഗ് റൊണാള്‍ഡോയോട് ആവശ്യപ്പെട്ടത്. തൊട്ടടുത്ത ദിവസം തന്നെ താരം തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ഖേദ പ്രകടനം നടത്തിയിരുന്നു.
എന്നാല്‍ ചെല്‍സിക്കെതിരായ മത്സരത്തിനുള്ള സ്‌ക്വാഡില്‍ ടെന്‍ഹാഗ് റൊണാള്‍ഡോയുടെ പേരുള്‍പ്പെടുത്തിയിരുന്നില്ല. മത്സരത്തിന് ശേഷം ശക്തമായ വിമര്‍ശനമാണ് യുണൈറ്റഡിന് നേരെ ഉയരുന്നത്.
മത്സരത്തില്‍ യുണൈറ്റഡ് ചെല്‍സിയോട് സമനില വഴങ്ങുകയായിരുന്നു. ചെല്‍സിക്കായി ജോര്‍ജീഞ്ഞോയും യുണൈറ്റഡിന് വേണ്ടി കാസിമെറോയുമാണ് ഗോള്‍ നേടിയത്.
മത്സരത്തിന്റെ ആദ്യ പകുതിയില്‍ റാഷ്‌ഫോഡിന് ഓപ്പണ്‍ ചാന്‍സ് ലഭിച്ചിരുന്നെങ്കിലും ചെല്‍സിയുടെ കെപ്പ ബ്ലോക്ക് ചെയ്യുകയായിരുന്നു.
ഈ വിഷയത്തില്‍ തന്റെ പ്രതികരണമറിയിച്ചെത്തിയിരിക്കുകയാണ്് മുന്‍ മിഡി ഫീല്‍ഡറും ഫുട്‌ബോള്‍ വിദഗ്ധനുമായ റോയ് കീന്‍.
റൊണാള്‍ഡോ ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹമത് പുഷ്പം പോലെ ഗോള്‍ ആക്കുമെന്നുമായിരുന്നു എന്നാണ് റോയ് കീന്‍ പറഞ്ഞത്.
റാഷ്‌ഫോഡിന് ഫസ്റ്റ് ടച്ച് മികച്ച് രീതിയില്‍ ചെയ്യാമായിരുന്നെന്നും അശ്രദ്ധമൂലം പാഴായി പോവുകയുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്ലബ്ബിന്റെ അച്ചടക്ക നടപടി കാരണമാണ് റൊണാള്‍ഡോക്ക് മത്സരം നഷ്ടപ്പെട്ടത്. അടുത്ത മാച്ചില്‍ റൊണാള്‍ഡോ കളിക്കിറങ്ങുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകര്‍.
Content Highlights: Former Mid Fielder speaks about Cristiano Ronaldo