| Tuesday, 29th April 2025, 5:39 pm

ലീഗിലെ മികച്ച ടീം, മറ്റാരും അവരുടെ അടുത്തെത്തില്ല: പോള്‍ സ്‌കോള്‍സ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം കഴിഞ്ഞ ദിവസം ലിവര്‍പൂള്‍ നേടിയിരുന്നു. ടോട്ടന്‍ഹാം ഹോട്സ്പറിനെതിരായ മത്സരത്തില്‍ ഒന്നിനെതിരെ അഞ്ച് ഗോളിന് വിജയിച്ചതിന് പിന്നാലെയാണ് ദി റെഡ്സ് കിരീടമണിഞ്ഞത്.

ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ ലൂയീസ് ഡയസ്, അലക്സിസ് മക്അലിസ്റ്ററും കോഡി ഗാഗ്പോയും മുഹമ്മദ് സല എന്നിവര്‍ ലിവര്‍പൂളിനായി ഗോളുകള്‍ നേടി. ടോട്ടന്‍ഹാമിന്റെ ഒരു സെല്‍ഫ് ഗോളും ലിവറിന് തുണയായി. ഡൊമനിക് സോളങ്കിയാണ് ടോട്ടന്‍ഹാമിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്.

ലീഗ് ഘട്ടത്തില്‍ ഇനിയും നാല് മത്സരങ്ങള്‍ ബാക്കിയിരിക്കെയാണ് ലിവര്‍പൂളിന്റെ കിരീടനേട്ടം. നിലവില്‍ 34 മത്സരത്തില്‍ നിന്നും 82 പോയിന്റാണ് ലിവര്‍പൂളിനുള്ളത്. രണ്ടാമതുള്ള ആഴ്സണലിനാകട്ടെ 67 പോയിന്റ് മാത്രമാണുള്ളത്.

ഇപ്പോള്‍ ലിവര്‍പൂളിന് കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരവും പരിശീലകനുമായ പോള്‍ സ്‌കോള്‍സ്. തനിക്ക് ലീഗിലെ ഏറ്റവും മികച്ച ടീമാണ് ലിവര്‍പൂളെന്നും മറ്റാരും അവരുടെ അടുത്തെങ്ങും എത്തിയില്ലെന്നും സ്‌കോള്‍സ് പറഞ്ഞു.

താന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് വിരമിക്കുമ്പോള്‍ ലിവര്‍പൂള്‍ രണ്ട് ലീഗ് കിരീടങ്ങള്‍ മാത്രം പിന്നിലായിരുന്നുവെന്നും ഇപ്പോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് മുമ്പ് ലിവര്‍പൂള്‍ മറ്റൊരു കിരീടം നേടുമെന്ന് ആളുകള്‍ വാതുവെക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടി.എന്‍.ടി സ്‌പോര്‍ട്‌സിന്റെ കോളത്തിലാണ് മുന്‍ ഇംഗ്ലണ്ട് മിഡ്ഫീല്‍ഡര്‍ അഭിപ്രായം പറഞ്ഞത്.

‘ലീഗിലെ ഏറ്റവും മികച്ച ടീമാണ് ലിവര്‍പൂള്‍. മറ്റാരും അവരുടെ അടുത്തെങ്ങും എത്തിയില്ല. അതിനാല്‍ നിങ്ങള്‍ അവരെ അഭിനന്ദിക്കണം. ഞാന്‍ വിരമിക്കുമ്പോള്‍, ലിവര്‍പൂള്‍ ഞങ്ങള്‍ക്ക് രണ്ട് ലീഗ് കിരീടങ്ങള്‍ മാത്രം പിന്നിലായിരുന്നു.

അതിനാല്‍ അങ്ങനെ സംഭവിക്കാനുള്ള സാധ്യത എപ്പോഴും ഉണ്ടെന്ന് അറിയാമായിരുന്നു. ഇപ്പോള്‍ കാര്യങ്ങള്‍ നോക്കുമ്പോള്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് മുമ്പ് ലിവര്‍പൂള്‍ മറ്റൊരു കിരീടം നേടുമെന്ന് നിങ്ങള്‍ വാതുവെക്കാന്‍ സാധ്യതയുണ്ട്,’ സ്‌കോള്‍സ് പറഞ്ഞു.

ഇംഗ്ലീഷ് ഫുട്ബോള്‍ ചരിത്രത്തില്‍ ലിവര്‍പൂളിന്റെ 20ാം കിരീടമാണിത്. ഇതോടെ ഏറ്റവുമധികം ലീഗ് കിരീടങ്ങളെന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ റെക്കോഡിനൊപ്പമെത്താനും ലിവര്‍പൂളിന് സാധിച്ചു.

Content Highlight: Former Manchester United Midfielder Paul Scholes praises Liverpool after winning Premier League title

We use cookies to give you the best possible experience. Learn more