| Saturday, 20th May 2023, 5:14 pm

കരബാവോ അല്ലേ കിട്ടിയത്, ചാമ്പ്യന്‍സ് ലീഗ് അല്ലാലോ? ഇത്രയും ആഘോഷം വേണോ? ടെന്‍ ഹാഗിനോട് മുന്‍ പരിശീലകന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ആറ് വര്‍ഷത്തെ കിരീട വരള്‍ച്ചക്ക് ശേഷം വിരാമമിട്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഈ സീസണിലെ കരബാവോ കപ്പില്‍ മുത്തമിട്ടിരുന്നു. വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ന്യൂകാസില്‍ യുണൈറ്റഡിനെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടൂര്‍ണമെന്റ് സ്വന്തമാക്കിയത്.

റെഡ് ഡെവില്‍സിന്റെ വിജയാഘോഷത്തില്‍ അഭിപ്രായ വ്യത്യാസം അറിയിച്ചെത്തിയിരിക്കുകയാണ് ഇപ്പോള്‍ യുണൈറ്റഡിന്റെ മുന്‍ കോച്ച് റെനെ മ്യൂളന്‍സ്റ്റീന്‍. കരബാവോ കപ്പ് നേടിയതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ ആഘോഷങ്ങള്‍ അതിരുകടക്കരുതെന്നും അദ്ദേഹം പറഞ്ഞു. മെട്രോ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മ്യൂളന്‍സ്റ്റീന്‍.

‘മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കരബാവോ കപ്പ് നേടിയത് പ്രശംസനീയമായ കാര്യമാണ്. എല്ലാ പരിശീലകരും ആഗ്രഹിക്കുന്ന കാര്യമാണത്. എന്ന് കരുതി സന്തോഷം അതിരുകടന്ന് പോകരുത്. കരബാവോ ആണ് കിട്ടിയത്, അല്ലാതെ ചാമ്പ്യന്‍സ് ലീഗ് അല്ല. ഇതിനുമാത്രം ആഘോഷിക്കപ്പെടേണ്ടതില്ല.

ഇനിയും മുന്നോട്ട് വലിയ കടമ്പ കടക്കാനുണ്ട്. അത് അച്ചീവ് ചെയ്യാന്‍ ശ്രമിക്കണം. അല്ലാതെ കരബാവോ പോലെ ഒരു ടൂര്‍ണമെന്റ് നേടി ഇത്ര മാത്രം കൊണ്ടാടേണ്ടതില്ല,’ മ്യൂളന്‍സ്റ്റീന്‍ പറഞ്ഞു.

അതേസമയം, പ്രീമിയര്‍ ലീഗില്‍ ഈ സീസണില്‍ ഇതുവരെ നടന്ന 35 മത്സരങ്ങളില്‍ 20 ജയവും 66 പോയിന്റുമായി പട്ടികയില്‍ നാലാം സ്ഥാനത്താണ് യുണൈറ്റഡ്. 26 പോയിന്റ് വ്യത്യാസത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയാണ് ഒന്നാം സ്ഥാനത്ത്. 81 പോയിന്റുമായി ആഴ്‌സണലും 69 പോയിന്റോടെ ന്യൂകാസിലും പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്.

മെയ് 20ന് ബോണ്‍മോത്തിനെതിരെയാണ് യുണൈറ്റഡിന്റെ അടുത്ത മത്സരം.

Content Highlights: Former Manchester United coach slams Eric Ten Hag after Carabao victory celebration

We use cookies to give you the best possible experience. Learn more