| Tuesday, 28th April 2026, 6:36 pm

വൈദ്യുതി നിയന്ത്രണം കൊണ്ട് നിങ്ങള്‍ രാത്രിയില്‍ വിയര്‍ക്കുന്നതിന് കാരണം അമേരിക്ക ഇറാനെ ആക്രമിച്ചതും; KSEB മുന്‍ ഉദ്യോഗസ്ഥന്റെ വിശദീകരണമിങ്ങനെ

ആദര്‍ശ് എം.കെ.

കൊച്ചി: കേരളത്തില്‍ നടപ്പില്‍ വരുത്തിയ വൈദ്യുതി നിയന്ത്രണത്തിന് അമേരിക്ക ഇറാനില്‍ നടത്തുന്ന ആക്രമണങ്ങളും കാരണമായെന്ന് മുന്‍ കെ.എസ്.ഇ.ബി എക്‌സിക്യുട്ടീവ് എന്‍ജിനീയറും കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റുമായ ഡോ. എം.ജി. സുരേഷ് കുമാര്‍.

അമേരിക്ക – ഇറാന്‍ യുദ്ധം കാരണം പാചകവാതക ലഭ്യത കുറഞ്ഞുവെന്നും പിന്നാലെ ഇന്‍ഡക്ഷന്‍ കുക്കറുകളുടെ അമിത ഉപയോഗവും വൈദ്യുതി പ്രതിസന്ധിക്ക് കാരണമായെന്നും അദ്ദേഹം കണക്കുകള്‍ നിരത്തി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം 24 ന്യൂസിന്റെ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഫെബ്രുവരി 28ാം തീയതി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനില്‍ ആക്രമണം നടത്തുമെന്നും അതുവഴി ഇത്തരത്തില്‍ ഒരു പാചകവാതക പ്രതിസന്ധി ഉണ്ടാകുമെന്നും നമ്മളാരും തന്നെ പ്രതീക്ഷിച്ചതല്ല, ഇതിന്റെ ഇംപാക്ട് കൂടി പറയേണ്ടതുണ്ട്.

കഴിഞ്ഞ ഫെബ്രുവരി മാസം വരെ കേരളത്തില്‍ ആകെ വില്‍ക്കപ്പെട്ടിട്ടുള്ള ഇന്‍ഡക്ഷന്‍ സ്റ്റൗവുകളുടെ എണ്ണം 12 ലക്ഷമാണ്. എന്നാല്‍ കഴിഞ്ഞ ഒരൊറ്റ മാസം കൊണ്ട് 12 ലക്ഷം സ്റ്റൗവുകള്‍ കൂടി അധികമായി വില്‍ക്കപ്പെട്ടു. ഇപ്പോള്‍ കേരളത്തിലെ ഗ്രിഡ്ഡില്‍ കണക്ട് ചെയ്യപ്പെട്ടിട്ടുള്ള സ്റ്റൗവിന്റെ എണ്ണം 24 ലക്ഷമാണ്.

ഒരു സ്റ്റൗ 1000 വാട്ട് മുതല്‍ 2000 വാട്ട് വരെയാണ്, 2400 മെഗാവാട്ടാണ് ഇതുണ്ടാക്കുന്ന ലോഡ്. അത്ര വലിയ ഇപാക്ടാണ് ഇത് ഉണ്ടാക്കുന്നത്. ഈ പ്രതിസന്ധി ആര്‍ക്കും മുന്‍കൂട്ടി കാണാല്‍ പറ്റുന്നതല്ല. ഇതിന്റെ ഭാഗമായി ഉണ്ടായ പ്രതിസന്ധിയാണ് ഇപ്പോഴുള്ളത്. ഇത്തരമൊരു പ്രതിസന്ധി ആര്‍ക്കും മുന്‍കൂട്ടി കാണാന്‍ സാധിക്കുന്നതല്ല.

ഫെബ്രുവരി 28ന് ട്രംപ് ഇറാനില്‍ ആക്രമണം നടത്തുമെന്നും ഇവിടെ പാചകവാതക പ്രതിസന്ധി ഉണ്ടാകുമെന്നും കഴിഞ്ഞ ജൂണ്‍ മാസത്തിലോ ജൂലൈ മാസത്തിലോ ഇക്കഴിഞ്ഞ ജനുവരി മാസത്തിലോ എന്തിന് ഫെബ്രുവരി 27ന് പോലും കെ.സ്.ഇ.ബിക്ക് കാണാന്‍ സാധിക്കുന്നതല്ല.

മാര്‍ച്ച് അവസാനത്തോടെയാണ് ഇവിടെ പാചകവാതക പ്രതിസന്ധി ഉണ്ടായത്. എട്ടാം തീയ്യതി കെ.സെ്.,ഇ.ബി റെഗുലേറ്ററി കമ്മീഷന് മുമ്പില്‍ അപേക്ഷ സമര്‍പ്പിച്ചിരരുന്നു. നിലവില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഉദ്യോഗസ്ഥര്‍ക്ക് സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും, റെഗുലേറ്ററി കമ്മീഷന്റെ അനുമതിക്കായി അപേക്ഷ നല്‍കി കാത്തിരിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി

വേനലിന്റെ കടുപ്പമോ മറ്റെന്തെങ്കിലോ അല്ലാതെയുളള വലിയ ഉപഭോഗ വര്‍ധനവാണ് ഈ വര്‍ഷം ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ വര്‍ഷത്തെ വേനലിലുണ്ടായിരുന്ന പരമാവധി വൈദ്യുതി ആവശ്യകത 5500 മെഗാവാട്ടിന് താഴെയായിരുന്നുവെന്നും എന്നാല്‍ വേനലിന് മുമ്പുള്ള മാസങ്ങളില്‍ തന്നെയത് 4100 മുതല്‍ 5100 മെഗാ വാട്ട് വരെയായിരുന്നു. ഇലക്ഷന്‍ ഇയര്‍ ആയതുകൊണ്ട് വൈദ്യുതി ഉപയോഗം 5900 മുതല്‍ 6000 മെഗാ വാട്ട് വരെയായാലും പ്രശ്നമില്ലയെന്ന രീതിയിലാണ് വൈദ്യുതി ബോര്‍ഡ് ഈ വേനല്‍ കാലത്തെ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

എട്ട് മുതല്‍ പത്ത് മെഗാ വാട്ട് വരെ അധിക ഉപഭോഗമുണ്ടായാല്‍ പോലും പ്രശ്നമില്ലാത്ത രീതിയിലായിരുന്നു ആസൂത്രണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content highlight: Former KSEB official says US-Iran war also caused power outage in Kerala

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more