അങ്കാറ: തുര്‍ക്കിയിലെ കെ.എഫ്.സിയുടെയും പിസ ഹട്ടിന്റെയും മുന്‍ ഓപ്പറേറ്ററായ ഇസ് ഗിഡ പാപ്പരത്തത്തിന് അപേക്ഷിച്ചു. 214 മില്യണ്‍ ഡോളറിന്റെ കടബാധ്യത ചൂണ്ടിക്കാട്ടിയാണ് ഇസ് ഗിഡ പാപ്പരത്തത്തിന് അപേക്ഷിച്ചത്.
ഓപ്പറേറ്റര്‍മാരുമായുള്ള ഫ്രാഞ്ചൈസി കരാറുകള്‍ കമ്പനികള്‍ അവസാനിപ്പിച്ചതിനെ തുടര്‍ന്നാണ് ഇസ് ഗിഡ കടബാധ്യത നേരിട്ടത്. ബാധ്യത നേരിട്ടതോടെ ഫാക്ടറികള്‍ ഉള്‍പ്പെടെ പണയത്തിലാണെന്ന് ഇസ് ഗിഡ സി.ഇ.ഒ ഇല്‍കെം സാഹിന്‍ പ്രതികരിച്ചു.
വ്യവസ്ഥകള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് കരാറില്‍ നിന്ന് പിന്മാറുകയായിരുന്നുവെന്നാണ് കമ്പനികള്‍ നല്‍കുന്ന വിശദീകരണം.
ഇതോടെ തുര്‍ക്കിയിലെ 537 റെസ്റ്റോറന്റുകള്‍ അടച്ചുപൂട്ടലിന്റെ വക്കിലെത്തി. ഏകദേശം 7000ത്തിലധികം ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടവും ഉണ്ടായിട്ടുണ്ട്. നിരവധി തൊഴിലാളികളെ ശബളം നല്‍കാതെ പിരിച്ചുവിട്ടതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ജീവനക്കാരുടെ പിരിച്ചുവിടലില്‍ പ്രതിഷേധിച്ച് തലസ്ഥാന നഗരമായ അങ്കാറയിലും ഇസ്മിറിലും ഇസ്താംബൂളിലും പ്രകടനങ്ങള്‍ നടന്നിരുന്നു. പ്രതിസന്ധിയില്‍ ഇടപെടണമെന്ന് കെ.എഫ്.സി നേരിട്ട് ഇടപെടണമെന്ന് ആവശ്യപ്പെട്ട് തുര്‍ക്കിയിലെ 283 കെ.എഫ്.സി റെസ്റ്റോറന്റുകളും രംഗത്തെത്തി.
തുര്‍ക്കിയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ബ്രാഞ്ചുകള്‍ക്കെതിരായ ബഹിഷ്‌കരണാഹ്വാനവും ഇസ് ഗിഡയ്ക്ക് നഷ്ടമുണ്ടാക്കിയിട്ടുണ്ട്.
ഗസയിലെ ഫലസ്തീനികള്‍ക്കെതിരായ യുദ്ധത്തില്‍ ഇസ്രഈലിന് അനുകൂലമായ നിലപാടെടുത്തതില്‍ കെ.എഫ്.സി അടക്കമുള്ള ആഗോള ബ്രാന്‍ഡുകള്‍ ബഹിഷ്‌കരണാഹ്വാനം നേരിട്ടിരുന്നു.
മലേഷ്യയില്‍ അമേരിക്കന്‍ ഫാസ്റ്റ് ഫുഡ് ശൃംഖലയായ കെ.എഫ്.സിയുടെ നൂറിലധികം ഔട്ട്ലെറ്റുകള്‍ അടച്ചുപൂട്ടുകയും ചെയ്തിരുന്നു.
2024 ഫെബ്രുവരിയില്‍ ഇസ്രഈലി സൈനികര്‍ക്ക് ഭക്ഷണം വിതരണം ചെയ്തെന്ന് പ്രസ്താവന നടത്തിയതിന് പിന്നാലെ മക്ഡൊണാള്‍ഡ്സിനെതിരെയും ബഹിഷ്‌കരണ ആഹ്വാനം ഉണ്ടായിരുന്നു.
ഇതിനുപിന്നാലെ ബഹിഷ്‌കരണം തങ്ങളെ സാമ്പത്തികമായി തകര്‍ത്തെന്ന് മക്ഡൊണാള്‍ഡ്സ് പ്രതികരിച്ചിരുന്നു.
ബഹിഷ്‌കരണാഹ്വാനം നേരിട്ട സ്റ്റാര്‍ബക്സിന്റെ വില്‍പനയില്‍ മൂന്ന് തവണയാണ് ഇടിവ് സംഭവിച്ചത്. 2024 ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ആഗോളവില്‍പനയില്‍ സ്റ്റാര്‍ബക്സ് ഏഴ് ശതമാനം ഇടിവ് നേരിട്ടിരുന്നു.
ഈ കമ്പനികള്‍ക്ക് പുറമെ സാറ, ടാറ്റ തുടങ്ങിയ ബിസിനസ് ഭീമന്മാരും ബഹിഷ്‌കരണാഹ്വാനം നേരിട്ടിരുന്നു.
Content Highlight: Former KFC and Pizza Hut operator in Turkey declares bankruptcy