| Saturday, 13th June 2026, 3:51 pm

ലോകകപ്പിലെ കേരള കണക്ഷന്‍; ചരിത്രമെഴുതാന്‍ മുന്‍ ബ്ലാസ്റ്റേഴ്സ് താരം കളത്തിലേക്ക്

Sudev A

2026 ഫിഫ ലോകകപ്പിലെ ആദ്യ മത്സരത്തിനൊരുങ്ങുകയാണ് ഹെയ്തി. നാളെ നടക്കുന്ന മത്സരത്തില്‍ സ്‌കോട്‌ലാന്‍ഡ് ആണ് ഹെയ്തിയുടെ എതിരാളികള്‍. നീണ്ട 52 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഹെയ്തി ലോകകപ്പ് കളിക്കാനെത്തുന്നത്.

1974ലായിരുന്നു ഹെയ്തി അവസാനമായി ലോകകപ്പ് കളിച്ചിരുന്നത്. ഫ്രഞ്ച് പരിശീലകന്‍ സെബാസ്റ്റ്യന്‍ മീനിയുടെ കീഴില്‍ ലോകകപ്പിനെത്തുന്ന ഹെയ്തി അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലോകകപ്പില്‍ ഹെയ്തിക്കായി കളത്തിലിറങ്ങുന്ന ഒരു താരം മലയാളി ഫുട്ബോള്‍ പ്രേമികള്‍ക്ക് ഏറെ സുപരിചതമാണ്. മുന്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരമായ ഡക്കന്‍സ് നാസോണ്‍ ആണ് ഹെയ്തി നിരയിലെ പ്രധാനി.

ഐ.എസ്.എല്ലില്‍ 2016-17 സീസണിലായിരുന്നു ഡക്കന്‍സ് നാസോണ്‍ കേരളത്തിനായി പന്തുതട്ടിയത്. കളിക്കളത്തിലെ വേഗത കൊണ്ടും മുന്നേറ്റ നിരയിലെ മികച്ച ആക്രമണം കൊണ്ടും ഡക്കന്‍സ് നാസോണ്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറുകയും ചെയ്തിരുന്നു. ഇപ്പോള്‍ താരം ലോക ഫുട്ബോളിന്റെ വിശ്വവേദിയില്‍ പന്തുതട്ടാനൊരുങ്ങുമ്പോള്‍ കേരളത്തിലെ ഫുട്ബോള്‍ ആരാധകരും ആവേശത്തിലാണ്.

ഡക്കന്‍സ് നാസോണ്‍

ഹെയ്തിയുടെ മുന്നേറ്റ നിരയിലെ അവിഭാജ്യ ഘടകമാണ് നാസോണ്‍. ഹെയ്തിക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരവും നാസോണ്‍ തന്നെയാണ്. 44 തവണയാണ് താരം എതിരാളികളുടെ വലയില്‍ പന്തെത്തിച്ചത്.

ലോകകപ്പ് യോഗ്യത മത്സരങ്ങളിലും ഹെയ്തിക്കായി മിന്നും പ്രകടനമായിരുന്നു നാസോണ്‍ നടത്തിയിരുന്നത്. ആറ് ഗോളുകള്‍ അടിച്ചുകൂട്ടിയാണ് താരം ഹെയ്തിയെ ലോകകപ്പില്‍ എത്തിച്ചത്. ലോകകപ്പിലും താരത്തിന്റെ ബൂട്ടുകളില്‍ നിന്നും ഗോളുകള്‍ പിറവിയെടുക്കുമെന്നുറപ്പാണ്.

ലോകകപ്പില്‍ ഗ്രൂപ്പ് സി-യിലാണ് ഹെയ്തി ഇടം നേടിയിട്ടുള്ളത്. സ്‌കോട്‌ലാന്‍ഡിനൊപ്പം അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീലും ആഫ്രിക്കന്‍ കരുത്തരായ മൊറോക്കോയുമാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.

2022 ലോകകപ്പില്‍ സെമി ഫൈനല്‍ വരെ മുന്നേറിയ ടീമാണ് മൊറോക്കോ. സ്‌കോട്ലാന്‍ഡും അട്ടിമറികള്‍ നടത്തി പേരുകേട്ടവരാണ്. ബ്രസീലടമുള്ള ഈ വമ്പന്‍ ടീമുകള്‍ക്കൊപ്പം മത്സരിച്ചുകൊണ്ട് അടുത്ത റൗണ്ടിലേക്ക് മുന്നേറണമെങ്കില്‍ ഹെയ്തി മികച്ച പോരാട്ടവീര്യം തന്നെ കാഴ്ചവെക്കേണ്ടി വരും.

Content Highlight: Former Kerala Blasters player Duckens Nazon is set to play for Haiti in the World Cup

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more