| Wednesday, 25th June 2025, 7:03 pm

പ്ലാസ്റ്ററില്‍ ഒതുങ്ങേണ്ടത് സര്‍ജറിയിലെത്തി; ലീവ് ചോദിച്ചപ്പോള്‍ നിലമ്പൂര്‍ ഇലക്ഷന്‍ കഴിയട്ടെയെന്ന് പറഞ്ഞു: റിപ്പോര്‍ട്ടര്‍.ടി.വിയില്‍ നിന്ന് രാജിവെച്ച മാധ്യമപ്രവര്‍ത്തക

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: റിപ്പോര്‍ട്ടര്‍ ടി.വിക്കെതിരെ ഗുരുതര ആരോപണവുമായി മുന്‍ ജീവനക്കാരി. സാരമായി പരിക്കേറ്റിട്ടും ശസ്ത്രക്രിയയ്ക്കായി അവധി അനുവദിച്ചില്ലെന്ന് ആരോപിച്ച് റിപ്പോര്‍ട്ടര്‍ ടി.വി മാധ്യമപ്രവര്‍ത്തക അഞ്ജന അനില്‍ കുമാറാണ് രാജിവെച്ചത്.

ഒരു മാസം മുമ്പ് കോട്ടയത്തെ റിപ്പോര്‍ട്ടര്‍ ടി.വിയുടെ ഓഫീസില്‍ നിന്ന് തെന്നി വീണ് അഞ്ജനയ്ക്ക് വലത് കൈയ്ക്ക് രണ്ട് ഒടിവ് സംഭവിച്ചുവെന്നും തുടര്‍ന്ന് ലീവിനായി അപേക്ഷിച്ചപ്പോള്‍ കൈ ഒടിഞ്ഞല്ലേ ഉള്ളൂ വേറെ കുഴപ്പം ഒന്നുമില്ലലോ എന്നായിരുന്നു മേലുദ്യോഗസ്ഥന്‍ പ്രതികരിച്ചതെന്നും അഞ്ജന ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.

എന്നാല്‍ പ്ലാസ്റ്റര്‍ ഇട്ടാല്‍ മാറുമായിരുന്ന പരിക്ക് വിശ്രമമില്ലാത്ത ഓട്ടം കാരണം സര്‍ജറിയില്‍ എത്തിയെന്നും സര്‍ജറിക്കായി ലീവിന് ചോദിച്ചപ്പോള്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് കഴിയട്ടെയെന്ന് മറുപടിയാണ് ലഭിച്ചതെന്നും അഞ്ജന പറയുന്നു. ഫേസ്ബുക്ക് പോസ്റ്റ് വഴിയായിരുന്നു മാധ്യമപ്രവര്‍ത്തകയുടെ പ്രതികരണം.


Fight For Justice എന്നത് ചാനല്‍ പ്രൊമോയിലെ ഒരു വാചകമായും കാറിന്റെ സ്റ്റിക്കറായും മാത്രം ഒതുങ്ങേണ്ട ഒന്നല്ല എന്നും അത് ആദ്യം നടപ്പിലാക്കേണ്ടത് തൊഴിലിടത്തില്‍ ആയിരിക്കണമെന്നും അവര്‍ തന്റെ കുറിപ്പില്‍ പറയുന്നുണ്ട്.

കഴിഞ്ഞ ഒന്നരവര്‍ഷത്തോളമായി റിപ്പോര്‍ട്ടര്‍ ടി.വിയുടെ ഭാഗമായി പ്രവര്‍ത്തിച്ച് വരുകയായിരുന്നു എന്നാണ് അഞ്ജനയുടെ പോസ്റ്റില്‍ പറയുന്നത്. താന്‍ മാത്രമല്ല ഇത്തരത്തിലുള്ള പ്രശ്‌നങ്ങളാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ ഒരുപാട് പേര്‍ സ്ഥാപനം വിട്ട് പോയിട്ടുണ്ടെന്നും അഞ്ജന പറഞ്ഞു.

വാര്‍ത്തകള്‍ക്ക് വേണ്ടി തന്റെ കീഴിലുള്ള റിപ്പോര്‍ട്ടര്‍മാരെ എന്തും പറയാമെന്ന് വിശ്വസിക്കുന്ന ഒരു ബ്യുറോ ചീഫാണ് ഇതിനെല്ലാം കാരണമെന്നും സഹികെട്ടപ്പോള്‍ താനും പരാതി നല്‍കിയെന്നും അഞ്ജന പറയുന്നുണ്ട്‌. എന്നാല്‍ അതിന് പ്രത്യുപകാരമായി ഉടന്‍ തന്നെ ട്രാന്‍സ്ഫര്‍ തന്ന് സഹായിച്ചുവെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

‘ഒരു ജൂനിയര്‍ റിപ്പോര്‍ട്ടറുടെ പരാതി ആയതുകൊണ്ട് ഗൗരവത്തില്‍ എടുക്കാത്തതായിരിക്കുമെന്ന് ചിന്തിച്ചു. ചില മുതിര്‍ന്ന റിപ്പോര്‍ട്ടര്‍മാരും പരാതി നല്‍കി, ഗുണമുണ്ടായില്ല. ഒടുവില്‍ അവര്‍ ഇവിടം വിടുന്നതും നോക്കി നില്‍ക്കാന്‍ മാത്രമേ കഴിഞ്ഞുള്ളു. എന്തൊക്കെ സംഭവിച്ചാലും തലസ്ഥാനത്ത് ഒരു വിഷപ്പാമ്പായി അയാള്‍ വാഴുന്നു. ‘Karma is a boomerang’ എന്നാണല്ലോ നോക്കാം,’ അഞ്ജന ഫേസ്ബുക്കില്‍ എഴുതി.

Content Highlight: Former journalist raises serious allegations against Reporter TV

We use cookies to give you the best possible experience. Learn more