| Wednesday, 23rd September 2026, 8:44 am

ഇന്ത്യ ഞങ്ങളെ കൊന്നുകളയുമെന്നാണ് ഞാന്‍ കരുതിയത്; ഇന്ത്യക്കെതിരായ അവിശ്വസനീയ പോരാട്ടത്തിന് പിന്നാലെ ജപ്പാന്‍ മുന്‍ മന്ത്രി

ആദർശ് എം.കെ.

കഴിഞ്ഞ ദിവസം ജപ്പാനെതിരെ നടന്ന മത്സരത്തില്‍ ഇന്ത്യ കഷ്ടിച്ച് ജയിച്ചിരുന്നു. മോശം കാലാവസ്ഥമൂലം അഞ്ച് ഓവറായി ചുരുക്കിയ മത്സരത്തില്‍ രണ്ട് റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം.

ഇന്ത്യ ഉയര്‍ത്തിയ 33 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ജപ്പാന് അഞ്ച് ഓവറില്‍ 30 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

ഇന്ത്യയും ജപ്പാനും തമ്മിലുള്ള 75 വര്‍ഷത്തെ നയതന്ത്ര ബന്ധത്തിന്റെ വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് മത്സരം നടന്നത്.

Photo: BCCI

ശക്തരായ ഇന്ത്യന്‍ ടീം ജപ്പാനെ നിഷ്പ്രയാസം തകര്‍ക്കുമെന്ന് കരുതിയ ആരാധകരെ ഞെട്ടിച്ചുകൊണ്ട് വെറും 2 റണ്‍സിന്റെ പരാജയമാണ് ജപ്പാന്‍ വഴങ്ങിയത്.

തങ്ങളുടെ ദേശീയ ടീമിന്റെ പോരാട്ടവീര്യത്തെ അഭിന്ദിക്കുകയാണ് ജപ്പാന്‍ മുന്‍ വിദേശകാര്യ മന്ത്രി ടാരോ കോനോ. ഇന്ത്യ തങ്ങളെ ഇല്ലാതാക്കുമെന്ന് കരുതിയെന്നും തങ്ങള്‍ വിജയത്തിന് തൊട്ടടുത്തെത്തിയെന്നും അദ്ദേഹം പറഞ്ഞു.

എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ടാരോ കോനോ.

‘ഇന്ത്യന്‍ ടീം ഞങ്ങളെ വന്‍ തോല്‍വിയിലേക്ക് തള്ളിയിട്ട് കൊന്നുകളയുമെന്നാണ് ഞാന്‍ കരുതുന്നത്. എന്നാല്‍ വിജയം ഞങ്ങള്‍ക്ക് തൊട്ടടുത്ത് വരെയെത്തി. അതിനാല്‍ കളിക്കാരുടെ മികച്ച പ്രകടനത്തിന് നന്ദി പറയുന്നു.

ജപ്പാനില്‍ കൂടുതല്‍ ആളുകളിലേക്ക് ക്രിക്കറ്റ് പ്രചരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. വരാനിരിക്കുന്ന ഒളിമ്പിക്‌സില്‍ ക്രിക്കറ്റും ഉള്ളതിനാല്‍, ഒളിമ്പിക്‌സില്‍ ഞങ്ങളുടെ ടീമിന് മികച്ച പ്രതീക്ഷയാണുള്ളത്,’ ടാരോ കോനോ പറഞ്ഞു.

മോശം കാലാവസ്ഥ മൂലം അഞ്ച് ഓവറായി ചുരുക്കിയ മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്ക് തൊട്ടതെല്ലാം പിഴച്ചിരുന്നു. അഭിഷേക് ശര്‍മ ഗോള്‍ഡന്‍ ഡക്കായപ്പോള്‍ സഞ്ജു സാംസണ്‍ ഒമ്പത് റണ്‍സിനും ഇഷാന്‍ കിഷന്‍ മൂന്ന് റണ്‍സിനും മടങ്ങി.

12 പന്തില്‍ 16 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ് ടോപ്പ് സ്‌കോറര്‍. ഇന്ത്യന്‍ നിരയില്‍ ഇരട്ടയക്കം കണ്ട ഏക താരം. ഒമ്പത് റണ്‍സടിച്ച സഞ്ജു സാംസണാണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍.

ഒടുവില്‍ അഞ്ച് ഓവറില്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 32 റണ്‍സിന് പോരാട്ടം അവസാനിപ്പിച്ചു.

ജപ്പാനായി ചാര്‍ളി ഹിന്‍സെ രണ്ട് വിക്കറ്റും ബെഞ്ചമിന്‍ ഇറ്റോ ഡേവിസ്, ഇബ്രാഹിം തകഹാഷി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ജപ്പാന് ആദ്യ രണ്ട് ഓവറില്‍ തന്നെ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും ക്യാപ്റ്റന്‍ കെന്‍ഡല്‍ കഡോവാക്കിഫ്‌ളെമിങ് ചെറുത്തുനിന്നു. 12 പന്തില്‍ 12 റണ്‍സ് നേടിയാണ് ഫ്‌ളെമിങ് പുറത്തായത്.

അക്‌സര്‍ പട്ടേല്‍ എറിഞ്ഞ അവസാന ഓവറില്‍ വിജയിക്കാന്‍ വേണ്ടിയിരുന്നത് എട്ട് റണ്‍സായിരുന്നു. എന്നാല്‍ അക്‌സര്‍ അത് കൃത്യമായി ഡിഫന്‍ഡ് ചെയ്തതോടെ ജപ്പാന്റെ പോരാട്ടം 30/3ന് അവസാനിക്കുകയായിരുന്നു.

Content Highlight: Former Japan Minister reacts to India vs Japan match

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more