ടെൽ അവീവ്: ഗസയിലെ വംശഹത്യയിൽ പങ്കാളിയായ മുൻ ഇസ്രഈൽ സൈനികനെ പുതിയ പരസ്യ കാമ്പെയ്‌നിൽ ഉൾപ്പെടുത്തിയതിനെത്തുടർന്ന് പ്രമുഖ സ്പോർട്സ് വെയർ ബ്രാൻഡായ അഡിഡാസിനെതിരെ ആഗോളതലത്തിൽ വ്യാപക പ്രതിഷേധം.
2021ലെ ഗസ ആക്രമണത്തിൽ പങ്കെടുത്ത സൈനികനായ ഷലേവ് ബിറ്റണെ ഉൾപ്പെടുത്തിക്കൊണ്ടാണ് അഡിഡാസ് ‘സിംഗിൾ-ഷൂ സർവീസ്’ ക്യാമ്പയിൻ അവതരിപ്പിച്ചത്.
കാലുകൾ നഷ്ടപ്പെട്ടവർക്കായി ഒരു ജോഡി ഷൂവിന്റെ പകുതി വിലയ്ക്ക് ഒറ്റ ഷൂ ലഭ്യമാക്കുന്ന പദ്ധതിയാണിത്. 2021ൽ ഗസയിൽ ഇസ്രഈൽ നടത്തിയ വ്യോമാക്രമണങ്ങൾക്കിടെയാണ് ബിറ്റണ് കാൽ നഷ്ടപ്പെട്ടത്.
ഗസയിലെ നിരപരാധികളെ കൊന്നൊടുക്കിയ സൈനിക നടപടികളിൽ പങ്കാളിയായ ഒരാളെ മുൻനിർത്തി ‘സാമൂഹിക പ്രതിബദ്ധത’ പ്രദർശിപ്പിക്കാൻ ശ്രമിക്കുന്നത് ഇരട്ടത്താപ്പാണെന്ന് ചൂണ്ടിക്കാട്ടി മനുഷ്യാവകാശ പ്രവർത്തകരും ഫലസ്തീൻ അനുകൂല സംഘടനകളും രംഗത്തെത്തി.
സമൂഹമാധ്യമങ്ങളിലും കമ്പനിക്കെതിരെ ബഹിഷ്കരണ ആഹ്വാനങ്ങൾ ഉയരുകയാണ്.ഇസ്രഈൽ ആക്രമണങ്ങളിൽ കൈകാലുകൾ നഷ്ടപ്പെട്ട ആയിരക്കണക്കിന് ഫലസ്തീനി കുട്ടികൾക്കായി കമ്പനി എന്തെങ്കിലും ചെയ്യുന്നുണ്ടോയെന്നാണ് ആളുകൾ ചോദിക്കുന്നത്.
‘അവയവങ്ങൾ നഷ്ടപ്പെട്ട ഫലസ്തീനികൾക്കായും നിങ്ങൾ ഇതേ സൗകര്യം നൽകുന്നുണ്ടോ?’ എന്ന് സാമൂഹ്യമാധ്യമങ്ങളിൽ ഒരാൾ ചോദിച്ചു.
‘ഇസ്രഈലിന്റെ ആക്രമണങ്ങൾ കാരണം ലോകത്ത് ഏറ്റവും കൂടുതൽ കുട്ടികൾക്ക് അവയവങ്ങൾ നഷ്ടപ്പെട്ട പ്രദേശങ്ങളിലൊന്നാണ് ഗസ; ബാക്കി വരുന്ന ഷൂ അഡിഡാസ് അവർക്ക് നൽകുമോ?’ എന്ന് മറ്റൊരാൾ കുറിച്ചു.
മുമ്പും ഇസ്രഈൽ അനുകൂല നിലപാടുകളുടെ പേരിൽ അഡിഡാസ് പ്രതിക്കൂട്ടിലായിട്ടുണ്ട്. റെട്രോ ‘SL72’ സ്നീക്കർ ക്യാമ്പയിനിൽ നിന്ന് ഫലസ്തീൻ-അമേരിക്കൻ മോഡൽ ബെല്ല ഹദീദിനെ ഒഴിവാക്കിയത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നടപടിയും അന്താരാഷ്ട്ര തലത്തിൽ കമ്പനിക്കെതിരെ തിരിഞ്ഞിരിക്കുന്നത്.
Content Highlight:Former Israeli soldier involved in the Gaza genocide featured in advertisement: Global protests against Adidas.