ടെല്‍അവീവ്: ഈ മാസം നടക്കാനിരിക്കുന്ന നെസറ്റ് തെരഞ്ഞെടുപ്പ് വൈകിപ്പിക്കുന്നതിനായി ഒരു യുദ്ധത്തിനുള്ള സാഹചര്യം ഒരുക്കുകയണ് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവെന്ന് മുന്‍ പ്രധാനമന്ത്രി എഹുദ് ബരാക്. ഒക്ടോബര്‍ 27നാണ് നെസറ്റ് തെരഞ്ഞടുപ്പ്.
എപ്പോഴും കള്ളം പറയുന്ന നേതാവാണ് നെതന്യാഹുവെന്നും ചാനല്‍ 12നോട് സംസാരിക്കവെ ബരാക് കുറ്റപ്പെടുത്തി.
ഇസ്രഈല്‍ നെസറ്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ സ്വന്തം രാഷ്ട്രീയ ഭാവി ഇല്ലാതാവുമെന്നറിയാവുന്ന നെതന്യാഹു അത് വൈകിപ്പിക്കാന്‍ നോക്കുകയാണെന്ന് നേരത്തെ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബാരകിന്റെ പ്രതികരണം.
‘തെരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ കാരണമാകുന്ന രീതിയില്‍ യുദ്ധത്തിനുള്ള സാഹചര്യമൊരുക്കുകയാണ് നെതന്യാഹു. ശ്വാസം വിടുമ്പോഴും ഫ്രഞ്ച് ഫ്രൈസ് കഴിക്കുമ്പോഴും റെസ്റ്റോറന്റില്‍ നിന്ന് പണം നല്‍കാതെ ഇറങ്ങിപ്പോകുമ്പോഴും അദ്ദേഹം നുണ പറയുന്നു,’ ബരാക് പറഞ്ഞു.
നെസറ്റ് തെരഞ്ഞെടുപ്പില്‍ നെതന്യാഹുവിനെ അധികാരത്തില്‍ നിന്നിറക്കാന്‍ സാധ്യമായതെല്ലാം ചെയ്യണമെന്നും ബരാക് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരത്തില്‍ നെതന്യാഹു സുരക്ഷാ വിഷയങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനെച്ചൊല്ലി ഇസ്രഈലില്‍ ചര്‍ച്ചകള്‍ ശക്തമാകുന്നതിനിടെയാണ് ബരാകിന്റെ പ്രതികരണം.
തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇസ്രഈലിന് നേരെ ആക്രമണങ്ങള്‍ ഉണ്ടായേക്കാമെന്ന് നെതന്യാഹു ഈ ആഴ്ച ആദ്യം പറഞ്ഞിരുന്നു. ഫ്‌ളൈദുബായ് വിമാനത്തില്‍ പൈലറ്റിനെ സഹപൈലറ്റ് ആക്രമിച്ച സംഭവത്തെയും നെതന്യാഹു പ്രചാരണത്തിന് ഉപയോഗിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
പ്രചാരണത്തില്‍ തന്റെ സ്ഥാനം ഉറപ്പിക്കാന്‍ നെതന്യാഹു സുരക്ഷാ വിഷയങ്ങള്‍ മുതലെടുക്കുന്നുവെന്നാണ് എതിരാളികള്‍ പറയുന്നത്. ഇതിനിടെ ഫ്‌ലൈദുബായ് സംഭവം തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ ഒരു വിഷയമായി മാറുകയും ചെയ്തു.
നേരത്തെയും എഹൂദ് ബരാക് നെതന്യാഹുവിനെ വിമര്‍ശിച്ചിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് സുരക്ഷാ പ്രശ്‌നങ്ങളും സംഘര്‍ഷങ്ങളും ജനങ്ങളുടെ ആശങ്കയും നിലനില്‍ക്കുന്ന സാഹചര്യമുണ്ടാക്കാനാണ് നെതന്യാഹു ശ്രമിക്കുന്നതെന്ന് ബരാക് ഓഗസ്റ്റില്‍ പറഞ്ഞിരുന്നു.
ചില മേഖലകളിലെ സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്നത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ളാണെന്നും ബരാക് പറഞ്ഞിരുന്നു. ഇപ്പോള്‍ ഗസ, ലെബനന്‍, സിറിയ തുടങ്ങിയ മേഖലകളില്‍ ഇസ്രഈല്‍ സൈനിക നടപടികള്‍ തുടരുന്നതിനിടെയാണ് ബരാക്കിന്റെ പുതിയ പരാമര്‍ശങ്ങള്‍ വരുന്നത്.
Content Highlight: Former Israeli premier accuses Netanyahu of preparing ground for war that could delay elections