| Sunday, 4th May 2025, 1:32 pm

നെതന്യാഹുവിനെതിരെ രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്ക് ആഹ്വാനം ചെയ്ത് മുന്‍ ഇസ്രഈല്‍ പ്രധാനമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെല്‍ അവീവ്: ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് മുന്‍ ഇസ്രഈല്‍ പ്രധാനമന്ത്രി എഹുദ് ബരാക്. നെതന്യാഹു ഇസ്രഈലിനോടാണ് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നതെന്നും എഹുദ് ബരാക് പറഞ്ഞു. ചാനല്‍ 13നോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നെതന്യാഹുവിനെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാന്‍ അറ്റോര്‍ണി ജനറല്‍ ഗാലി ബഹരവ് മിയാര സമ്മര്‍ദം ചെലുത്തണമെന്നും ബരാക് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയെ നീക്കം ചെയ്യുന്നത് തടയുന്ന ബില്ല് സ്റ്റേ ചെയ്തുകൊണ്ടുള്ള കോടതി വിധി ഉദ്ധരിച്ചായിരുന്നു ബരാക്കിന്റെ പ്രതികരണം.

നെതന്യാഹുവിനെ അട്ടിമറിക്കാന്‍ കൂട്ടത്തോടെ സിവില്‍ അനുസരണക്കേട് കാണിക്കണമെന്നും എഹുദ് പറഞ്ഞു.

ഗസയില്‍ യുദ്ധം തുടരുന്ന നെതന്യാഹു സര്‍ക്കാരിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതോടെ, എഹുദ് ബരാക്കിനെതിരെ ഭരണകക്ഷിയായ ലികുഡ് പാര്‍ട്ടി രംഗത്തെത്തി.

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗിക പ്രവര്‍ത്തികള്‍ക്ക് പ്രേരിപ്പിച്ച ജെഫ്രി എപ്സ്റ്റീനുമായി 30ലധികം തവണ കൂടിക്കാഴ്ച നടത്തിയ എഹുദില്‍ നിന്ന് ധാര്‍മികമായ നിര്‍ദേശങ്ങള്‍ സ്വീകരിക്കില്ലെന്ന് ലികുഡ് പാര്‍ട്ടി പ്രതികരിച്ചു.

2023 മെയ് മാസത്തിലെ വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് അനുസരിച്ച്, 2013നും 2017നും ഇടയില്‍ ജെഫ്രി എപ്സ്റ്റീനുമായി ബരാക് നിരവധി തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.

2019ലെ ഇസ്രഈല്‍ തെരഞ്ഞെടുപ്പില്‍ എഹുദിന്റെയും ജെഫ്രി എപ്സ്റ്റീനിന്റെയും ബന്ധം വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗിക പ്രവര്‍ത്തികള്‍ക്ക് നിര്‍ബന്ധിച്ച സംഭവത്തില്‍ അറസ്റ്റിലായ ജെഫ്രി ജയിലില്‍ വെച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും തുടര്‍ന്ന് മരണപ്പെടുകയുമായിരുന്നു.

വിചാരണ ആരംഭിക്കാനിരിക്കെയാണ് ജെഫ്രി മരണപ്പെട്ടത്. ഇതിനിടെ ലൈംഗിക കടത്ത് ശൃഖലയുമായി ജെഫ്രിക്ക് ബന്ധമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. ഈ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് എഹുദിനെ ലികുഡ് പാര്‍ട്ടി പ്രതിരോധിച്ചത്.

അതേസമയം ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് 52,495 ഫലസ്തീനികളാണ് ഇസ്രഈലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 118,366 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിന് ശേഷം ഇസ്രഈല്‍ നടത്തിയ ആക്രമണങ്ങളില്‍ കുറഞ്ഞത് 2,396 പേര്‍ കൊല്ലപ്പെടുകയും 6,325 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 2023 ഒക്ടോബര്‍ ഏഴിന് തെക്കന്‍ ഇസ്രഈലില്‍ ഫലസ്തീന്‍ സായുധ സംഘടനായ ഹമാസ് നടത്തിയ പ്രത്യാക്രമണത്തിന് ശേഷമാണ് ഗസയിലെ യുദ്ധം ആരംഭിച്ചത്.

Content Highlight: Former Israeli PM Ehud Barak calls for nationwide protests against Netanyahu

We use cookies to give you the best possible experience. Learn more