| Sunday, 17th August 2025, 7:41 pm

ഇസ്രഈലിനെ നെതന്യാഹു അഗാധ ഗര്‍ത്തങ്ങളിലേക്ക് വലിച്ചിഴച്ചു: മുന്‍ ആര്‍മി ഉദ്യോഗസ്ഥന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെല്‍ അവീവ്: ഗസ യുദ്ധത്തില്‍ ഇസ്രഈല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലെ അഭാവത്തെ വിമര്‍ശിച്ച് ഇസ്രഈല്‍ ഒക്യുപേഷന്‍ ആര്‍മിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഗാദി ഐസന്‍കോട്ട്. യുദ്ധം ആരംഭിച്ച് 22 മാസങ്ങള്‍ പിന്നിട്ടിട്ടും യുദ്ധത്തിന്റെ ലക്ഷ്യങ്ങളിലെത്താന്‍ സാധിച്ചിട്ടില്ലെന്നും ഐസന്‍കോട്ട് പറഞ്ഞു.

നെതന്യാഹുവിന്റെ നേതൃനിരയിലെ അഭാവവും ശക്തമായ തീരുമാനമെടുക്കുന്നതിലെ പോരായ്മയും ഇസ്രഈലിനെ അഗാധതയിലേക്ക് വഴിച്ചിഴച്ചു എന്ന് ഐസന്‍കോട്ട് വിമര്‍ശിച്ചു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു ഐസന്‍കോട്ടിന്റെ വിമര്‍ശനം.

‘നെതന്യാഹുവിന്റെ നേതൃത്വത്തിലെ അഭാവവും വ്യക്തിപരവും രാഷ്ട്രീയവുമായ പരിഗണനകള്‍ മുന്‍നിര്‍ത്തി ശക്തമായ തീരുമാനങ്ങളെടുക്കാനുള്ള നിഷേധാത്മകമായ സമീപനവും ഇസ്രഈലിനെ അഗാധ ഗര്‍ത്തങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയാണ്.

ഒക്ടോബര്‍ ഏഴിലെ പരാജയത്തിന് ശേഷം 22 മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. യുദ്ധത്തിന്റെ ലക്ഷ്യങ്ങള്‍ ഇനിയും പൂര്‍ത്തിയാക്കപ്പെട്ടിട്ടില്ല. നമ്മുടെ സഹോദരങ്ങള്‍ ഹമാസിന്റെ തടങ്കലില്‍ മരിച്ചുവീഴുകയാണ്,’ ഐസന്‍കോട്ട് പറഞ്ഞു.

ഹമാസുമായി വെടിനിര്‍ത്തല്‍ കരാറിലെത്താന്‍ ബന്ദികളുടെ കുടുംബങ്ങള്‍ നടത്തുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ ഇസ്രഈലി കുടിയേറ്റക്കാരോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.

ബന്ദികളെ തിരിച്ചുകൊണ്ടുവരുന്നതില്‍ ഭരണകൂടത്തിന്റെ പരാജയത്തില്‍ കഴിഞ്ഞ നാളുകളിലായി ഇസ്രഈലിലുടനീളം പ്രതിഷേധങ്ങള്‍ തുടരുകയാണ്.

ദിവസങ്ങള്‍ക്ക് മുമ്പ് ടെല്‍ അവീവില്‍ ബന്ദികളുടെ കുടുംബങ്ങളടക്കം ലക്ഷത്തോളം വരുന്ന ആളുകള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു. ടെല്‍ അവീവില്‍ ഇസ്രഈലിന്റെ സൈനിക ആസ്ഥാനത്തേക്ക് നടന്ന റാലിയില്‍ ഗസയില്‍ ബന്ദികളാക്കപ്പെട്ട 50 പേരുടെയും ജീവിച്ചിരിക്കുന്നു എന്ന് കരുതപ്പെടുന്ന 20 പേരുടെയും കുടുംബങ്ങളും അണിചേര്‍ന്നിരുന്നു.

ഇസ്രഈല്‍ പതാക വീശിയും ബന്ദികളാക്കപ്പെട്ടവരുടെ ചിത്രങ്ങള്‍ ഉയര്‍ത്തിയുമാണ് ഇവര്‍ പ്രതിഷേധിച്ചത്. നെതന്യാഹുവിനെതിരെയുള്ള പോസ്റ്ററുകളും ഇവര്‍ ഉയര്‍ത്തിയിരുന്നു.

യുദ്ധം ഉടന്‍ തന്നെ അവസാനിപ്പിക്കണമെന്നും ബന്ദികളാക്കപ്പെട്ടവരെ മോചിപ്പിക്കണെന്നുമാണ് ഇസ്രഈലിന്റെ പൊതുവികാരം. രാജ്യത്തിനകത്ത് നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും ഇസ്രഈലിന്റെ നീക്കങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഇസ്രഈലിന്റെ ഏറ്റവുമടുത്ത യൂറോപ്യന്‍ സഖ്യകക്ഷികളും ഈ നീക്കത്തെ വിമര്‍ശിച്ചിരുന്നു.

എന്നാലിപ്പോഴും ഗസ പിടിച്ചടക്കാനുള്ള ഇസ്രഈലിന്റെ നടപടിയെ ന്യായീകരിക്കുക മാത്രമാണ് ബെഞ്ചമിന്‍ നെതന്യാഹു ചെയ്യുന്നത്. ബന്ദികളെ മോചിപ്പിക്കാനുള്ള നടപടികളുണ്ടായുമെന്നും നെതന്യാഹു പ്രതികരിച്ചു.

Content highlight: Former Israeli occupation army chief criticize Benjamin Netanyahu

We use cookies to give you the best possible experience. Learn more