| Monday, 17th August 2026, 12:03 pm

ധ്രുവ് ജുറെല്‍ പുറത്തായ രീതിയില്‍ ഞാന്‍ ഏറെ സന്തോഷവാനാണ്; തുറന്നുപറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം

ആദർശ് എം.കെ.

ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ഗല്ലെയില്‍ നടക്കുന്ന ആദ്യ ടെസ്റ്റ് മത്സരത്തിനിടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറെല്‍ പുറത്തായ രീതിയില്‍ താന്‍ സന്തോഷവാനാണെന്ന് മുന്‍ ഇന്ത്യന്‍ താരം ദീപ് ദാസ് ഗുപ്ത.

താരം ക്രീസില്‍ കാണിച്ച പോസിറ്റീവ് മനോഭാവത്തെയും സ്വാര്‍ത്ഥതയില്ലാത്ത സമീപനത്തെയും പ്രശംസിച്ചുകെണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദീപ് ദാസ് ഗുപ്ത

‘ധ്രുവ് ജുറെല്‍ പുറത്തായ രീതിയില്‍ ഞാന്‍ ഏറെ സന്തോഷവാനാണ്. താന്‍ അമ്പത് റണ്‍സ് തികച്ചു എന്നതിലുപരി, ടീമിന് ആവശ്യമായ വേഗതയില്‍ റണ്‍സ് ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് അവന്‍ വിക്കറ്റ് നഷ്ടപ്പെടുത്തിയത്.

വ്യക്തിഗത അര്‍ധ സെഞ്ച്വറിയേക്കാള്‍ ടീമിന്റെ തന്ത്രപരമായ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന ഇത്തരം പോസിറ്റീവ് സമീപനമാണ് ടെസ്റ്റ് ക്രിക്കറ്റില്‍ കാണേണ്ടത്,’ അദ്ദേഹം പറഞ്ഞു.

ധ്രുവ് ജുറെല്‍. Photo: BCCI/x.com

തുടര്‍ച്ചയായ ഏഴ് ഇന്നിങ്‌സുകള്‍ക്ക് ശേഷം ധ്രുവ് ജുറെല്‍ നേടിയ അര്‍ധ സെഞ്ച്വറി ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിക്കുന്നതില്‍ നിര്‍ണായകമായിരുന്നു. 68 പന്തില്‍ നിന്ന് 4 ഫോറുകളും ഒരു സിക്‌സറുമടക്കം 51 റണ്‍സാണ് ജുറെല്‍ അടിച്ചെടുത്തത്.

സ്പിന്നര്‍ പ്രഭാത് ജയസൂര്യയുടെ പന്തില്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ധനഞ്ജയ ഡി സില്‍വയ്ക്ക് ക്യാച്ച് നല്‍കിയായിരുന്നു ജുറെല്‍ പുറത്തായത്. സ്ലിപ്പില്‍ ഒരു മികച്ച വണ്‍ ഹാന്‍ഡ് സ്റ്റണ്ണറിലൂടേയാണ് ഡി സില്‍വ ജുറെലിന് പവലിയനിലേക്കുള്ള വഴി കാണിച്ചുകൊടുത്തത്.

മത്സരശേഷം വ്യക്തിഗത നാഴികക്കല്ലുകള്‍ക്ക് പിന്നാലെ പോകുന്ന ശീലം തനിക്കില്ലെന്ന് ജുറെല്‍ പറഞ്ഞു. ഡ്രസ്സിങ് റൂമില്‍ നിന്നും നായകന്‍ ശുഭ്മന്‍ ഗില്ലും പരിശീലകന്‍ ഗൗതം ഗംഭീറും നല്‍കിയ വ്യക്തമായ പ്ലാന്‍ അനുസരിച്ച്, ടീമിന്റെ സ്‌കോര്‍ വേഗത്തിലാക്കാന്‍ ശ്രമിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റിഷബ് പന്ത്, കെ.എല്‍. രാഹുല്‍ എന്നിവര്‍ വേഗത്തില്‍ പുറത്തായ ശേഷം ക്രീസിലെത്തിയ ജുറെല്‍, മാനവ് സുതറുമായി ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ ഉണ്ടാക്കിയ 55 റണ്‍സിന്റെ പങ്കാളിത്തമാണ് ഇന്ത്യയെ 400 കടത്താന്‍ സഹായിച്ചത്.

Content Highlight: Former Indian star Deep Dasgupta praises Dhruv Jurel

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more