| Friday, 16th January 2026, 9:47 pm

വൈഭവിന്റെ വളര്‍ച്ച തടസപ്പെടും; അഭിപ്രായവുമായി ഡബ്ല്യു.ബി. രാമന്‍

ശ്രീരാഗ് പാറക്കല്‍

ഇന്ത്യന്‍ യുവ താരവും വെടിക്കെട്ട് ബാറ്ററുമായ വൈഭവ് സൂര്യവംശിയെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഡബ്ല്യു.ബി. രാമന്‍. വൈഭവ് ഐ.പി.എല്ലിലും ലിസ്റ്റ് എ ക്രിക്കറ്റിലും തന്റെ മികവ് തെളിയിച്ചതാണെന്നും അണ്ടര്‍ 19 തലത്തില്‍ കളിപ്പിക്കുന്നത് താരത്തിന്റെ വളര്‍ച്ചയെ തടസപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. അണ്ടര്‍ 19 മത്സരങ്ങള്‍ വൈഭവ് വിജയിപ്പിച്ചുതന്നേക്കാം എന്നും എന്നാല്‍ നമ്മള്‍ എപ്പോഴും വലിയ ലക്ഷ്യങ്ങളെ കുറിച്ചാണ് ചിന്തിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ഇതൊരു ജനപ്രിയമല്ലാത്ത അഭിപ്രായമായേക്കാം, വൈഭവ് സൂര്യവംശി ഇതിനോടകം തന്നെ ഐ.പി.എല്ലിലും എ സീരീസിലും തന്റെ മികവ് തെളിയിച്ചതാണ്. അവനെ വീണ്ടും അണ്ടര്‍ 19 തലത്തില്‍ കളിപ്പിക്കുന്നത് വളര്‍ച്ചയെ തടസപ്പെടുത്തും. അദ്ദേഹം മത്സരങ്ങള്‍ ജയിപ്പിച്ചു തന്നേക്കാം, പക്ഷേ നമ്മള്‍ എപ്പോഴും വലിയ ലക്ഷ്യങ്ങളെക്കുറിച്ചായിരിക്കണം ചിന്തിക്കേണ്ടത്,’ ഡബ്ലയു.ബി രാമന്‍ പറഞ്ഞു.

വൈഭവ്സൂര്യവംശി. Photo: BCCI/x.com

അതേസമയം അണ്ടര്‍ 19 ലോകകപ്പില്‍ കഴിഞ്ഞ ദിവസം യു.എസ്.എയ്ക്കെതിരെയുള്ള ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യ വിജയിച്ചിരുന്നു. മഴ മൂലം തടസപ്പെട്ട മത്സരത്തില്‍ ഡി.എല്‍.എസ് രീതിയിലാണ് വിജയിയെ തെരഞ്ഞെടുത്തത്. മത്സരത്തില്‍ സൂപ്പര്‍ താരം വൈഭവ് ക്ലീന്‍ ബൗള്‍ഡായാണ് മടങ്ങിയത്. രണ്ട് റണ്‍സിനാണ് താരം പുറത്തായത്. ഋത്വിവിക് റെഡ്ഡി അപ്പിഡിയുടെ പന്തിലാണ് വൈഭവിന്റെ മടക്കം.

എന്നിരുന്നാലും നിലവില്‍ കളിച്ച എല്ലാ ഫോര്‍മാറ്റിലും വൈഭവ് തന്റെ വ്യക്തിമുദ്ര പതിപ്പിച്ചുകഴിഞ്ഞു. ഐ.പി.എല്ലിലും യൂത്ത് ഏകദിനത്തിലും എമര്‍ജിങ് ഏഷ്യാ കപ്പിലുമെല്ലാം സെഞ്ച്വറി നേടിയാണ് വൈഭവ് ആറാടിയത്. നിലവില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 207 റണ്‍സും ലിസ്റ്റ് എ ക്രിക്കറ്റില്‍ ഒരു സെഞ്ച്വറിയടക്കം 353 റണ്‍സും താരം നേടി.

അതേസമയം ടി-20സില്‍ മൂന്ന് സെഞ്ച്വറികളടക്കം 701 റണ്‍സാണ് താരത്തിന്റെ സ്‌കോര്‍. ഇന്ത്യയുടെ സൂപ്പര്‍ കിഡ് എന്ന് വിശേഷിപ്പിക്കുന്ന വൈഭവിന് ഉടന്‍ തന്നെ സീനിയര്‍ ടീമിലേക്ക് അവസരം ലഭിക്കുമെന്നാണ് ആരാധകരും ക്രിക്കറ്റ് നിരീക്ഷകരും വിശ്വസിക്കുന്നത്.

Content Highlight: Former Indian Player WB Raman Talking About Vaibhav Suryavanshi

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more