| Tuesday, 15th September 2026, 10:45 am

അവൻ അവസരത്തിനായി കാത്തിരിക്കുമ്പോൾ സഞ്ജുവിന് സമ്മർദം കൂടിക്കൊണ്ടിരിക്കും: ചൂണ്ടിക്കാട്ടി മുൻ ഇന്ത്യൻ താരം

സുദേവ് എ

ഇന്ത്യ-അഫ്ഗാനിസ്ഥാൻ ടി-20 പരമ്പരയിലെ രണ്ടാം മത്സരം ഇന്നാണ് നടക്കുന്നത്. ആദ്യ മത്സരത്തിലെ വമ്പൻ ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ നിലവിൽ ഇന്ത്യ 1-0ന് മുമ്പിലാണ്.

ദൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം വിജയിച്ചാൽ ശ്രേയസ് അയ്യർക്കും സംഘത്തിനും പരമ്പര സ്വന്തമാക്കാൻ സാധിക്കും. മറുഭാഗത്ത് പരമ്പര കൈവിടാതിരിക്കാൻ അഫ്ഗാനും വിജയം അനിവാര്യമാണ്.

ഈ മത്സരത്തിൽ ഏവരും ഉറ്റുനോക്കുന്നത് മലയാളി സൂപ്പർതാരം സഞ്ജു സാംസണിന്റെ തിരിച്ചുവരവിനാണ്. നീണ്ട ഇടവേളക്ക് ശേഷം അഫ്ഗാനെതിരെയുള്ള ആദ്യ മത്സരത്തിൽ കളത്തിലിറങ്ങിയ സഞ്ജുവിന് തിളങ്ങാൻ സാധിച്ചില്ല.

മൂന്നാം ഓവറിലെ ആദ്യ പന്തിൽ തന്നെ സഞ്ജു പുറത്താവുകയായിരുന്നു. എട്ട് പന്തിൽ പത്ത് റൺസാണ് സഞ്ജുവിന് നേടാൻ സാധിച്ചത്. രണ്ട് ഫോറുകൾ ആയിരുന്നു മലയാളി താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്.

രണ്ടാം മത്സരം സഞ്ജുവിനെ സംബന്ധിച്ച് അതിനിർണായകമാണ്. സഞ്ജു ഫോം വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ നിർണായക മത്സരത്തിന് മുന്നോടിയായി സഞ്ജുവിനെക്കുറിച്ച് സംസാരിക്കുകയാണ് മുൻ ഇന്ത്യൻ താരം തിരുമലൈസെട്ടി സുമൻ.

വൈഭവ് സൂര്യവംശി അവസരത്തിന് വേണ്ടി പുറത്തുകാത്തുനിൽക്കുമ്പോൾ സഞ്ജുവിന്റെ മേൽ വലിയ സമ്മർദമുണ്ടാവുമെന്നാണ് സുമൻ പറഞ്ഞത്. തന്റെ യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു മുൻ ഇന്ത്യൻ താരം.

‘സാംസൺ മികച്ച കഴിവുള്ള താരമാണെന്ന് എല്ലാവർക്കുമറിയാം. എന്നാൽ സ്ഥിരതയില്ലായ്മയാണ് അദ്ദേഹത്തിന്റെ പ്രധാന പ്രശ്നം. അവസരം കാത്ത് വൈഭവ് പുറത്തുണ്ടെന്നും നമുക്കറിയാം. സമയം ഇനി കുറവാണ്. വലിയ മത്സരങ്ങളിൽ മികച്ചതായായി കളിക്കുന്നത് പ്രധാനമാണ്. എല്ലാ മത്സരങ്ങളിലും സ്ഥിരതയോടെ കളിക്കാനും സാധിക്കണം.

സഞ്ജുവിന്റെ ഇപ്പോഴത്തെ റൺസും ഫോമും ഒരുപോലെ പ്രധാനപ്പെട്ടതാണ്. വൈഭവ് അവസരത്തിനായി കാത്തിരിക്കുമ്പോൾ സഞ്ജു കളിക്കുന്ന ഓരോ ഇന്നിങ്സിലും അദ്ദേഹത്തിന് മുകളിലുള്ള സമ്മർദം കൂടിക്കൊണ്ടിരിക്കും. ലോകകപ്പിലെ സമ്മർദം അദ്ദേഹം നന്നായി കൈകാര്യം ചെയ്തു. ഇപ്പോൾ ടീമിലുള്ള തന്റെ പൊസിഷൻ നിലനിർത്താനുള്ള സമ്മർദം അദ്ദേഹത്തിന് കൈകാര്യം ചെയ്യാൻ സാധിക്കുമോയെന്നതാണ് ചോദ്യം,’ സുമൻ പറഞ്ഞു.

Content Highlight: Former Indian player Thirumalasetti Suman talks about Sanju Samson

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more