യുവതാരം വൈഭവ് സൂര്യവംശിയെ ഇന്ത്യന്‍ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഫാറൂഖ് എന്‍ജിനീയര്‍. ഏകദിനത്തില്‍ രോഹിത് ശര്‍മക്കൊപ്പം വൈഭവ് ഓപ്പണ്‍ ചെയ്യണമെന്നാണ് എന്‍ജിനീയര്‍ പറയുന്നത്.
ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ നാലാം നമ്പറില്‍ ബാറ്റ് ചെയ്യുന്നത് നല്ലതായിരിക്കുമെന്നും മുന്‍ ഇന്ത്യന്‍ താരം വ്യക്തമാക്കി. പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു എന്‍ജിനീയര്‍.
ഗില്‍ മികച്ച നിലവാരമുള്ള ഒരു ബാറ്ററാണ്. ടീമിലെ ഇപ്പോഴത്തെ മികച്ച ബാറ്റര്‍ അദ്ദേഹമാണെന്ന് ഞാന്‍ കരുതുന്നു. അതിനാല്‍ ഗില്‍ നാലാം നമ്പറില്‍ ബാറ്റ് ചെയ്യുന്നതാണ് നല്ലത്. തുടക്കത്തില്‍ തന്നെ വലിയ ഷോട്ടുകള്‍ കളിക്കുന്ന താരമല്ല ഗില്‍. അതുകൊണ്ട് ഏകദിനത്തില്‍ ഇടത്-വലത് ബാറ്റിങ് കോമ്പിനേഷന്‍ ടീമിന് കൂടുതല്‍ ഗുണം ചെയ്യും.
രോഹിത് ടീമിലുണ്ടെങ്കില്‍ സൂര്യവംശിയോടൊപ്പം അദ്ദേഹം ഓപ്പണ്‍ ചെയ്യണമെന്നാണ് എന്റെ അഭിപ്രായം. സൂര്യവംശിയെ പോലുള്ള ഒരു താരം ഓപ്പണറായി കളിക്കാന്‍ അനുയോഗ്യനാണ്. കാരണം ഫീല്‍ഡിനിടയിലെ ഗ്യാപ്പിലൂടെ റണ്‍സ് നേടാന്‍ അദ്ദേഹത്തിന് സാധിക്കും. വിരാട് കോഹ്ലി മൂന്നാം നമ്പറില്‍ ഇറങ്ങട്ടെ. ഗില്‍ നാലാം നമ്പറില്‍ വന്നാല്‍ ഇന്ത്യക്ക് ശക്തമായ ഒരു ബാറ്റിങ് നിര ലഭിക്കും,’ ഫാറൂഖ് എന്‍ജിനീയര്‍ പറഞ്ഞു.
സിംബാബ്‌വേക്കെതിരെയുള്ള മൂന്ന് ടി-20 പരമ്പരയില്‍ മിന്നും പ്രകടനമാണ് യുവതാരം വൈഭവ് സൂര്യവംശി നടത്തിയത്. മൂന്ന് മത്സരങ്ങളില്‍ രണ്ട് അര്‍ധ സെഞ്ച്വറികള്‍ അടക്കം 151 റണ്‍സാണ് വൈഭവിന്റെ ബാറ്റില്‍ നിന്നും പിറന്നത്. പരമ്പരയിലെ താരവും വൈഭവ് തന്നെയാണ്.
പരമ്പരയിലെ ആദ്യ മത്സരത്തിൽ. 19 പന്തുകളില്‍ നിന്നും 50 റണ്‍സ് നേടിയാണ് വൈഭവ് തിളങ്ങിയത്. നാല് വീതം ഫോറുകളും സിക്‌സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്.
അവസാന മത്സരത്തില്‍ 49 പന്തില്‍ എട്ട് ഫോറുകളും നാല് സിക്സുകളും അടക്കം 81 റണ്‍സാണ് വൈഭവ് അടിച്ചെടുത്തത്. മത്സരത്തിലെ പ്ലയെര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കിയതും വൈഭവാണ്.
വൈഭവ് നിലവില്‍ ടി-20 ടീമിന്റെ മാത്രം ഭാഗമാണ്. ഭാവിയില്‍ താരത്തെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തുമോയെന്ന് കണ്ടുതന്നെ അറിയണം.
Content Highlight: Former Indian player talks about Vaibhav Suryavanshi