| Thursday, 16th July 2026, 1:39 pm

സഞ്ജു അദ്ദേഹത്തിന്റെ കീഴില്‍ ആത്മവിശ്വാസത്തോടെ കളിച്ചു: മുന്‍ ഇന്ത്യന്‍ താരം

സുദേവ് എ

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുഖ്യ പരിശീലക സ്ഥാനത്ത് നിന്നും സ്റ്റീഫന്‍ ഫ്‌ലെമിങ് പടിയിറങ്ങിയിരുന്നു. നിലവില്‍ സി.എസ്.കെ ഫ്‌ലെമിങ്ങിന്റെ പകരക്കാരനെ തേടുകയാണ്. ഇപ്പോള്‍ ചെന്നൈക്ക് പരിശീലകനാവാന്‍ ഏറ്റവും അനുയോജ്യന്‍ ആരാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം രമേശ് സദഗോപന്‍.

മുന്‍ ഇന്ത്യന്‍ താരം വി.വി.എസ് ലക്ഷ്മണ്‍ ചെന്നൈയുടെ പരിശീലകനായി എത്തണമെന്നാണ് രമേശ് പറഞ്ഞത്. സഞ്ജു സാംസണ്‍ ലക്ഷ്മണിന്റെ കീഴില്‍ മികച്ച പ്രകടനം നടത്തുമെന്ന ആത്മവിശ്വാസവും മുന്‍ ഇന്ത്യന്‍ താരം പ്രകടിപ്പിച്ചു. തന്റെ ഇന്‍സ്റ്റാഗ്രാം ഹാന്‍ഡിലൂടെ സംസാരിക്കുകയായിരുന്നു രമേശ്.

‘ഭാവിയില്‍ ചെന്നൈയുടെ പ്രധാന താരമാവാന്‍ സഞ്ജു സാംസണിന് സാധിക്കും. 2024ല്‍ സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ടി-20 പാരമ്പരയിലായിരുന്നു ഇന്ത്യയുടെ പരിശീലകനെന്ന നിലയില്‍ ലക്ഷ്മണിന്റെ അവസാന ചുമതല. ആ പരമ്പരയില്‍ സഞ്ജു തുടര്‍ച്ചയായി രണ്ട് സെഞ്ച്വറികള്‍ നേടി. ലക്ഷ്മണിന്റെ കീഴില്‍ സഞ്ജു ആത്മവിശ്വാസത്തോടെ കളിച്ചു. സി.എസ്.കെ അടുത്ത ക്യാപ്റ്റനായി സഞ്ജുവിനെ തെരഞ്ഞെടുത്താല്‍ സഞ്ജുവും ലക്ഷ്മണും മികച്ച കൂട്ടുക്കെട്ടുണ്ടാക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു,’ രമേശ് സദഗോപന്‍ പറഞ്ഞു.

2026 ഐ.പി.എല്ലില്‍ സഞ്ജു മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. രാജസ്ഥാനൊപ്പമുള്ള നീണ്ട കരിയര്‍ അവസാനിപ്പിച്ചുകൊണ്ട് ചെന്നൈ സൂപ്പര്‍ കിങ്‌സിലെത്തിയ സഞ്ജു അരങ്ങേറ്റ സീസണില്‍ തന്നെ ടീമിനായി മികച്ച പോരാട്ടമാണ് കാഴ്ചവെച്ചത്.

ഈ സീസണില്‍ 14 ഇന്നിങ്സില്‍ നിന്നും 477 റണ്‍സാണ് സഞ്ജു നേടിയത്. സീസണില്‍ രണ്ട് സെഞ്ച്വറികളും ഒരു അര്‍ധ സെഞ്ച്വറിയും സഞ്ജു സ്വന്തമാക്കി. ആദ്യ സീസണില്‍ തന്നെ ചെന്നൈയുടെ റണ്‍ വേട്ടക്കാരില്‍ ഒന്നാമനായി വരവറിയിച്ച സഞ്ജു അടുത്ത സീസണിലും ടീമിന്റെ മുന്‍നിരയില്‍ പ്രധാനിയാവുമെന്ന് ഉറപ്പാണ്.

അതേസമയം ഐ.പി.എല്ലിന്റെ അരങ്ങേറ്റ സീസണായ 2008ല്‍ താരമായാണ് ഫ്‌ലെമിങ് ചെന്നൈയില്‍ എത്തുന്നത്. ഫ്‌ലെമിങ് അടുത്ത സീസണില്‍ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുകയായിരുന്നു. പിന്നാലെ 2026 സീസണ്‍ വരെ സി.എസ്.കെ നയിച്ചു. ഈ കാലയളവില്‍ ഐ.പി.എല്ലില്‍ അഞ്ച് തവണ ടീമിനെ കിരീടമണിയിച്ചു.

രണ്ട് തവണ ഫ്‌ലെമിങ് ചെന്നൈയെ ചാമ്പ്യന്‍സ് ലീഗ് ടി – 20 ടൂര്‍ണമെന്റില്‍ ചാമ്പ്യന്മാരാക്കുകയും ചെയ്തു. 12 സീസണുകളില്‍ പ്ലേ ഓഫിലേക്ക് നയിച്ച പരിശീലകന്‍ ടീമിനെ പത്ത് തവണ ഐ.പി.എല്‍ ഫൈനലുകളില്‍ എത്തിക്കുകയും ചെയ്തിട്ടുണ്ട്.

Content Highlight: Former Indian player talks about Sanju Samson and VVS Laxman combination

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more