| Friday, 17th July 2026, 6:04 pm

'ലോര്‍ഡ്‌സില്‍ സെഞ്ച്വറിയടിച്ച് മടക്കം'; രോഹിത്തിനെക്കുറിച്ച് വമ്പന്‍ പ്രസ്താവനയുമായി പാര്‍ത്ഥിവ് പട്ടേല്‍

ശ്രീരാഗ് പാറക്കല്‍

ഇന്ത്യന്‍ സൂപ്പര്‍ താരം രോഹിത് ശര്‍മയുടെ വിരമിക്കല്‍ പ്രഖ്യാപനവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ ക്രിക്കറ്റ് സര്‍ക്കിളില്‍ നിറഞ്ഞുനില്‍ക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും രോഹിത്തിന് വലിയ സ്‌കോറുകള്‍ നേടാന്‍ സാധിച്ചിരുന്നില്ല. ആദ്യ മത്സരത്തില്‍ 21 പന്തില്‍ 11 റണ്‍സും രണ്ടാമത്തെ മത്സരത്തില്‍ 47 പന്തില്‍ 26 റണ്‍സുമായിരുന്നു താരത്തിന്റെ സമ്പാദ്യം.

ഇതിന് പിന്നാലെ 2027 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ സെലക്ഷന്‍ ലിസ്റ്റില്‍ രോഹിത് ശര്‍മ ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇതോടെ ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്‌സില്‍ നടക്കുന്ന മൂന്നാമത്തെയും അവസാനത്തെയും ഏകദിന മത്സരത്തില്‍ രോഹിത് വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

രോഹിത് ശര്‍മ

ഇപ്പോള്‍ രോഹിത് വിരമിക്കുന്നതിനെക്കുറിച്ച് തന്റെ അഭിപ്രായം പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം പാര്‍ത്ഥിവ് പട്ടേല്‍. ലോര്‍ഡ്സില്‍ നടക്കുന്ന മൂന്നാം ഏകദിനം രോഹിതിന്റെ അവസാനത്തെ ഏകദിനമാണെങ്കില്‍ അദ്ദേഹം ഒരു സെഞ്ച്വറി നേടാന്‍ ആഗ്രഹിക്കുമെന്നാണ് പാര്‍ത്ഥിവ് പറഞ്ഞത്.

‘ലോര്‍ഡ്സില്‍ നടക്കുന്ന മൂന്നാം ഏകദിനം രോഹിതിന്റെ അവസാനത്തെ ഏകദിനമാണെങ്കില്‍, അദ്ദേഹം ഒരു സെഞ്ച്വറി നേടാന്‍ ആഗ്രഹിക്കും, അദ്ദേഹത്തിന് അത് ചെയ്യാന്‍ സാധിക്കും. മുന്‍കാലങ്ങളിലും നമ്മള്‍ ഇത് കണ്ടിട്ടുണ്ട്. രണ്ടോ മൂന്നോ പരാജയങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം ഒരു വലിയ ഇന്നിങ്സ് കളിക്കുന്നത്.

വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും തമ്മിലുള്ള ഏക വ്യത്യാസം സ്ഥിരതയാണ്. എല്ലാ മത്സരങ്ങളിലും രോഹിത് വലിയ സ്‌കോര്‍ നേടാറില്ല, പക്ഷേ അദ്ദേഹം മികവ് പുലര്‍ത്തുമ്പോള്‍ പലപ്പോഴും പ്ലെയര്‍ ഓഫ് ദി മാച്ച് ആയിട്ട് തെരഞ്ഞെടുക്കാറുണ്ട്,’ ജിയോ ഹോട്സ്റ്റാറിന്റെ ‘മാച്ച് സെന്റര്‍ ലൈവില്‍’ സംസാരിക്കവെ പട്ടേല്‍ പറഞ്ഞു.രോഹിത് ശര്‍മ

അഭ്യൂഹങ്ങള്‍ക്ക് പുറമെ രോഹിത്തിന്റെ മാതാപിതാക്കള്‍ ഇംഗ്ലണ്ടിലേക്ക് എത്തിയതടക്കമുള്ള കാര്യങ്ങള്‍ താരത്തിന്റെ വിരമിക്കലിനെക്കുറിച്ചുള്ള അനുമാനങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. നിലവില്‍ ഏകദിന ഫോര്‍മാറ്റില്‍ മാത്രമാണ് രോഹിത് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നേരത്തെ ടെസ്റ്റില്‍ നിന്നും ടി-20യില്‍ നിന്നും താരം വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ 2023ല്‍ തങ്ങള്‍ക്ക് നഷ്ടപ്പെട്ട ഏകദിന ലോകകപ്പ്, 2027ല്‍ നേടാനാണ് രോഹിത് ലക്ഷ്യം വെച്ചത്.

Content Highlight: Former Indian Player Talking About Rohit Sharma’s Retirement In Cricket

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more