സൂപ്പര്‍ താരം സഞ്ജു സാംസണിന് പിന്തുണയുമായി മുന്‍ താരം സുരേഷ് റെയ്‌ന. ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച സഞ്ജുവിനെ വീണ്ടും ടീമില്‍ നിന്ന് പുറത്താക്കിയതിനെ രൂക്ഷമായി വിമര്‍ശിക്കുകയായിരുന്നു റെയ്‌ന.
ലോകകപ്പിന് ശേഷം സഞ്ജുവിന് അര്‍ഹിച്ച നീതി ലഭിക്കുമെന്ന് പ്രതീക്ഷിച്ചുവെന്നും എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്ക് ശേഷം കാര്യങ്ങളെല്ലാം മാറിമറിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ടീം മാനേജ്‌മെന്റിന് എങ്ങനെ സഞ്ജുവിനെ കൈവിടാന്‍ കഴിഞ്ഞെന്നും റെയ്‌ന ചോദിച്ചു.
‘ഇന്ത്യ പ്രതിസന്ധിയിലായിരുന്ന സമയത്ത് സഞ്ജു സാംസണ്‍ എവിടെ നിന്നോ വന്ന് അപ്രതീക്ഷിതമായി മൂന്ന് തകര്‍പ്പന്‍ ഇന്നിങ്സുകള്‍ കളിച്ചു. ആ പ്രകടനങ്ങളാണ് ഇന്ത്യയെ ലോകകപ്പ് കിരീടത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത്. ലോകകപ്പിലുടനീളം അദ്ദേഹം കാഴ്ചവെച്ച പ്രകടനം ശരിക്കും വിസ്മയിപ്പിക്കുന്നതായിരുന്നു.
ഒടുവില്‍ സഞ്ജുവിന് അര്‍ഹിച്ച നീതി ലഭിച്ചുവെന്നും ഇന്ത്യന്‍ ടീമില്‍ സ്ഥിരസാന്നിധ്യമായി മാറി രാജ്യത്തിന്റെ ക്രിക്കറ്റിന് മികച്ച സേവനം നല്‍കുമെന്നും തോന്നിയിരുന്നു. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ എല്ലാം മാറിമറിഞ്ഞു. ഇന്ന് അദ്ദേഹം മറന്നുപോയ ഒരു ഹീറോയായി മാറിയിരിക്കുന്നതുപോലെയാണ് തോന്നുന്നത്.
ലോകകപ്പില്‍ ഇത്രയും വീരോചിത പ്രകടനങ്ങള്‍ നടത്തിയിട്ടും ടീം മാനേജ്‌മെന്റിന് എങ്ങനെ അദ്ദേഹത്തെ കൈവിടാന്‍ കഴിഞ്ഞു? ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ടീമിനായി നടത്തിയ മികച്ച പ്രകടനങ്ങള്‍ കണക്കിലെടുത്ത് അദ്ദേഹത്തെ സംരക്ഷിക്കാനും പിന്തുണ നല്‍കാനും എന്തെങ്കിലും ചെയ്യേണ്ടതായിരുന്നില്ലേ?
തന്റെ കരിയറിലുടനീളം പലവട്ടം ശക്തമായി തിരിച്ചുവന്നതുപോലെ, ഒരിക്കല്‍ക്കൂടി തിരിച്ചുവരാന്‍ ആവശ്യമായ പോരാട്ടവീര്യം ഇപ്പോഴും സഞ്ജുവില്‍ ബാക്കിയുണ്ടാകുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്,’ റെയ്‌ന യൂട്യൂബ് ചാനലിലെ ചര്‍ച്ചയില്‍ പറഞ്ഞു.
അഭിഷേക് ശര്‍മയും സഞ്ജു സാംസണും ലോകകപ്പിനിടയില്‍
ലോകകപ്പില്‍ ഇന്ത്യയെ വിജയത്തിലെത്തിച്ചതില്‍ നിര്‍ണായകമായ പങ്ക് വഹിച്ചത് സഞ്ജുവായിരുന്നു. ടൂര്‍ണമെന്റില്‍ അഞ്ച് ഇന്നിങ്സില്‍ നിന്ന് 321 റണ്‍സ് നേടിയായിരുന്നു സഞ്ജു വമ്പന്‍ തിരിച്ചുവരവ് നടത്തിയത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ 97* റണ്‍സും പിന്നീട് ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിലും ന്യൂസിലാന്‍ഡിനെതിരായ ഫൈനലിലും 89 റണ്‍സുമാണ് സഞ്ജു അടിച്ചെടുത്തത്. സഞ്ജു സാംസണ്‍ തന്നെയായിരുന്നു പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് അവാര്‍ഡും സ്വന്തമാക്കിയത്.
വൈഭവും സഞ്ജു സാംസണും
എന്നാല്‍ ലോകകപ്പിന് ശേഷവും ബി.സി.സി.ഐ താരത്തോടുള്ള അവഗണന തുടരുകയാണ്. 2026 ടി-20 ലോകകപ്പിന് ശേഷം അയര്‍ലാന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിലായി നാല് മത്സരങ്ങളിലാണ് സഞ്ജു കളിച്ചത്.
വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റത്തിനായി സഞ്ജുവിനെ മാറ്റി നിര്‍ത്തുകയായിരുന്നു.
ഇംഗ്ലണ്ട് പരമ്പരയില്‍ സൂര്യവംശി പരാജയപ്പെട്ടതോടെ അവസാന മത്സരത്തില്‍ സഞ്ജുവിനെ തിരികെ കൊണ്ടുവന്നപ്പോള്‍ 14 പന്തില്‍ 27 റണ്‍സായിരുന്നു താരം നേടിയത്. എന്നാല്‍ ശേഷം നടന്ന സിംബാബ്‌വേ പര്യടത്തില്‍ സഞ്ജു സാംസണിനെ സ്‌ക്വാഡില്‍ പോലും ഉള്‍പ്പെടുത്തിയിരുന്നില്ല. മാത്രമല്ല ഓപ്പണര്‍ അഭിഷേക് ശര്‍മ പരാജയപ്പെട്ടിട്ടും സഞ്ജുവിനോട് കാണിക്കുന്ന ഇരട്ട നീതിയെ ക്രിക്കറ്റ് നിരീക്ഷകരും ആരാധകരും രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിക്കുന്നത്.