| Tuesday, 26th May 2026, 6:35 pm

അവനെക്കുറിച്ച് ആരും ചർച്ച ചെയ്യാറില്ല; മറ്റേതെങ്കിലും രാജ്യത്തായിരുന്നുവെങ്കിൽ...: പ്രശംസിച്ച് എസ്. ബദ്രിനാഥ്

Sudev A

ഗുജറാത്ത് ടൈറ്റൻസ് ഓപ്പണർ സായ് സുദർശനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം സുബ്രഹ്മണ്യൻ ബദ്രിനാഥ്. വിരാട് കോഹ്‌ലിയുടെ അതേ സ്ട്രൈക്ക് റേറ്റിലാണ് സായ് സുദർശൻ ബാറ്റ് ചെയ്യുന്നതെന്നാണ് ബദ്രിനാഥ് പറഞ്ഞത്. സായ് സുദർശന്റെ പ്രകടനങ്ങൾ ആരും അധികം ശ്രദ്ധിക്കാറില്ലെന്നും മറ്റേതെങ്കിലും രാജ്യത്താണെങ്കിൽ അവരുടെ പ്രധാന ടി-20 ഓപ്പണറായി സായ് സുദർശൻ മാറുമായിരുന്നുവന്നും ബദ്രിനാഥ് വ്യക്തമാക്കി.

‘വിരാട് കോഹ്‌ലിയുടെ അതേ സ്ട്രൈക്ക് റേറ്റിലാണ് അവൻ ബാറ്റ് ചെയ്യുന്നത്. എന്നാൽ ആളുകൾ സായ് സുദർശന് വേണ്ടത്ര വില നൽകുന്നില്ല. മറ്റേതെങ്കിലും രാജ്യത്തായിരുന്നുവെങ്കിൽ അവൻ അവരുടെ പ്രധാന ടി-20 ഓപ്പണറായി മാറിയേനെ. പക്ഷേ ഇന്ത്യയിൽ ഇതിനോടകം തന്നെ മികച്ച ഓപ്പണർമാർ ഒരുപാടുണ്ട്. ഇതിന് പുറമെ വൈഭവ് സൂര്യവംശിയെ പോലുള്ള അസാധാരണ താരവും ഉള്ളതിനാൽ സായ് സുദർശനെയെക്കുറിച്ച് അധികമാരും ചർച്ച ചെയ്യില്ല.

അവന്റെ കളി ശൈലി മനസ്സിലാക്കണമെങ്കിൽ വിശദമായി പരിശോധിക്കണം. ഏകദേശം 160 സ്ട്രൈക്ക് റേറ്റിലാണ് അവൻ റൺസ് നേടുന്നത്. എന്നാൽ അവൻ കളിക്കുന്നത് കാണുമ്പോൾ അത്ര വേഗത്തിൽ കളിക്കുന്നുവെന്ന് നമുക്ക് തോന്നില്ല. അവൻ കൂടുതലായി ഫോറുകൾ അടിക്കുന്ന താരമാണ്. അതുകൊണ്ട് അഭിഷേക് ശർമയേയോ പ്രിയാൻഷ് ആര്യയെ പോലെയൊ മികച്ച ഷോട്ടുകൾ കൊണ്ട് ശ്രദ്ധ പിടിച്ചു പറ്റാൻ അവന് സാധിക്കില്ല,’ സുബ്രഹ്മണ്യം ബദ്രിനാഥ് പറഞ്ഞു.

ഈ സീസണിൽ ഗുജറാത്തിന് വേണ്ടി മിന്നും പ്രകടനമാണ് സായ് നടത്തിക്കൊണ്ടിരിക്കുന്നത്. 14 മത്സരങ്ങളിൽ നിന്നും 638 റൺസാണ് താരം ഇതുവരെ അടിച്ചുകൂട്ടിയത്. ഒരു തകർപ്പൻ സെഞ്ച്വറിയും സായ് ഈ സീസണിൽ സ്വന്തമാക്കിയിട്ടുണ്ട്. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെയാണ് താരം സെഞ്ച്വറി നേടിയത്. 58 പന്തിൽ 100 റൺസ് നേടിയാണ് താരം തിളങ്ങിയത്. 11 ഫോറുകളും അഞ്ച് സിക്സുകളും അടങ്ങുന്നതാണ് ഇന്നിങ്‌സ്. ഐ.പി.എല്ലിലെ സായ് സുദർശന്റെ മൂന്നാം സെഞ്ച്വറിയായിരുന്നു ഇത്. .

മൂന്നാം സെഞ്ച്വറിയിലൂടെ ഐ.പി.എല്ലിൽ ഒരു ഇന്ത്യൻ താരത്തിനും സ്വന്തമാക്കാനാവാത്ത നേട്ടത്തിലേക്കും സായ് നടന്നുകയറിരുന്നു. ഐ.പി.എല്ലിൽ തുടർച്ചയായ മൂന്ന് സീസണുകളിൽ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരമായാണ് സായ് മാറിയത്. 2024, 2025 ലും സെഞ്ച്വറി നേടിയ സായ് ഈ വർഷം തന്റെ ഹാട്രിക് സെഞ്ച്വറിയും സ്വന്തമാക്കി.

സായ് സുദർശൻ. Photo: IndianPremierLeague/x.com

2024ൽ ചെന്നൈ സൂപ്പർ കിങ്‌സിനെതിരെയാണ് താരം തന്റെ ആദ്യ ഐ.പി.എൽ സെഞ്ച്വറി നേടിയത്. 51 പന്തിൽ 103 റൺസായിരുന്നു സായ് ചെന്നൈക്കെതിരെ നേടിയത്. അഞ്ച് ഫോറുകളും ഏഴ് സിക്‌സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. കഴിഞ്ഞ സീസണിൽ ദൽഹി ക്യാപിറ്റൽസിനെതിരെയാണ് സായ് സെഞ്ച്വറി നേടിയത്. 58 പന്തിൽ പുറത്താവാതെ 108 റൺസ് നേടിയാണ് താരം തിളങ്ങിയത്.

Content Highlight: Former Indian player S.Badrinath praises Gujarat Titans opener Sai Sudarshan

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more