ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളായ രോഹിത് ശര്‍മയ്ക്കും വിരാട് കോഹ്‌ലിക്കും സമ്മര്‍ദമില്ലാതെ സ്വന്തന്ത്രമായി കളിക്കാന്‍ ഇന്ത്യന്‍ മാനേജ്‌മെന്റ് സമ്മതിക്കുന്നില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം സദഗോപന്‍ രമേശ്. ഇംഗ്ലണ്ട് ജോറൂട്ടിന് സമ്മര്‍ദമില്ലാതെ കളിക്കാനുള്ള സ്വാതന്ത്ര്യം നല്‍കുന്നുണ്ടെന്നും അതുപോലെ ഇന്ത്യ രോഹിത്തിനെയും വിരാടിനെയും പരിപാലിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘രോഹിത് ശര്‍മയ്ക്കും വിരാട് കോഹ്‌ലിക്കും സമ്മര്‍ദമില്ലാതെ സ്വതന്ത്രമായി കളിക്കാന്‍ ടീം മാനേജ്‌മെന്റ് അവസരം നല്‍കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ഇരുവരും ഇപ്പോഴും ഏകദിന റാങ്കിങ്ങിലെ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ തുടരുന്ന താരങ്ങളാണ്.
രോഹിത് ശര്‍മ, വിരാട് കോഹ്‌ലി
ഇംഗ്ലണ്ട് ജോ റൂട്ടിന് നല്‍കുന്ന സ്വാതന്ത്ര്യം നോക്കൂ. സമ്മര്‍ദമില്ലാതെ കളിക്കാന്‍ അനുവദിക്കുന്നതിലൂടെ സ്റ്റാര്‍ ബാറ്ററില്‍ നിന്ന് മികച്ച പ്രകടനം ലഭിക്കുമെന്നാണ് ഇംഗ്ലണ്ടിന്റെ വിശ്വാസം. റൂട്ടിനെ ടീമിന്റെ ഏറ്റവും വലിയ കരുത്തായാണ് അവര്‍ കാണുന്നത്. എന്നാല്‍ രോഹിത്തിന്റെയും കോഹ്‌ലിയുടെയും കാര്യത്തില്‍ ഇന്ത്യയുടെ സമീപനം അതില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്,’ സദഗോപന്‍ രമേശ് പറഞ്ഞു.
അതേസമയം ഇംഗ്ലണ്ടിനെതിരെ മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പര 2-1 എന്ന നിലയിലായിരുന്നു ഇന്ത്യ പരാജയപ്പെട്ടത്. സീരീസ് ഡിസൈഡറില്‍ മത്സരത്തില്‍ 27 റണ്‍സിനാണ് ഇംഗ്ലണ്ടിന്റെ വിജയം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 387 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 360 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.
ഓപ്പണര്‍ രോഹിത് ശര്‍മ വെടിക്കെട്ട് ബാറ്റിങ് പ്രകടനമായിരുന്നു പുറത്തെടുത്തത്. ആദ്യ രണ്ട് മത്സരത്തില്‍ നിറം മങ്ങിയെങ്കിലും സീരീസ് ഡിസൈഡറില്‍ സെഞ്ച്വറി നേടിയായിരുന്നു രോഹിത് തിളങ്ങിയത്. 110 പന്തില്‍ 17 ഫോറുകളും അഞ്ച് സിക്‌സുകളും അടക്കം 138 റണ്‍സാണ് രോഹിത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
രോഹിത്തിന് പുറമെ വിരാട് കോഹ്‌ലി 60 പന്തില്‍ മൂന്ന് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 74 റണ്‍സ് നേടി. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ 77 റണ്‍സും നേടിയിരുന്നു. മറ്റാര്‍ക്കും ഇന്ത്യന്‍ നിരയില്‍ മികച്ച പ്രകടനം നടത്താന്‍ സാധിച്ചില്ല.
അതേസമയം ഇന്ത്യയ്‌ക്കെതിരെ മിന്നും പ്രകടനമാണ് ഇംഗ്ലണ്ട് സൂപ്പര്‍ താരം ജോ റൂട്ട് കാഴ്ചവെച്ചത്. മൂന്ന് മത്സരങ്ങളില്‍ യധാക്രമം 76*, 99*, 74* എന്നിങ്ങനെയാണ് റൂട്ട് പുറത്താകാതെ സ്‌കോര്‍ ചെയ്തതത്. പരമ്പരയില്‍ ആകെ 249 റണ്‍സ് നേടിയ അദ്ദേഹം ഒരു ഏകദിന പരമ്പരയില്‍ പുറത്താകാതെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ലോക റെക്കോഡും സ്വന്തമാക്കി.
Content Highlight: Former Indian Player Sadagoppan Ramesh Talking About Joe Root, Rohit Sharma And Virat Kohli