| Tuesday, 4th August 2026, 8:25 pm

അഭിഷേക് ഇരട്ട സെഞ്ച്വറി നേടിയത് എല്ലാവരെയും അത്ഭുതപ്പെടുത്തിയെങ്കിലും... വിമര്‍ശനവുമായി സദഗോപന്‍ രമേശ്

ശ്രീരാഗ് പാറക്കല്‍

വണ്‍ ഡേ ആഭ്യന്തര ക്രിക്കറ്റ് മത്സരത്തില്‍ അഭിഷേക് ശര്‍മ ഇരട്ട സെഞ്ച്വറി നേടിയതിന് പിന്നാലെ ഇന്ത്യന്‍ പിച്ചുകള്‍ക്കെതിരെ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം സദഗോപന്‍ രമേശ്. അഭിഷേകിന്റെ സ്‌കോറുകള്‍ സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ അത് ആരോഗ്യകരമല്ലെന്നും ഫോമില്ലാത്ത ഒരു കളിക്കാരന്‍ ഇന്ത്യയില്‍ തിരിച്ചെത്തി ഇരട്ടസെഞ്ച്വറി നേടുമ്പോള്‍ സ്വന്തം നാട്ടിലെ പിച്ചുകളെ വീണ്ടും ചോദ്യം ചെയ്യേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.

‘ഏകദിന മത്സരത്തില്‍ അഭിഷേക് ഇരട്ട സെഞ്ച്വറി നേടിയത് എല്ലാവരെയും അത്ഭുതപ്പെടുത്തിയെങ്കിലും, സ്‌കോറുകള്‍ സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ അത് ആരോഗ്യകരമല്ല. ഒന്നാമതായി, ഏത് ലെവലിലും 200 റണ്‍സ് നേടുന്നത് ബുദ്ധിമുട്ടായതിനാല്‍ അദ്ദേഹം പ്രശംസ അര്‍ഹിക്കുന്നു. എന്നാല്‍ ഫോമില്ലാത്ത ഒരു കളിക്കാരന്‍ ഇന്ത്യയില്‍ തിരിച്ചെത്തി 91 പന്തില്‍ നിന്ന് പെട്ടന്ന് 233 റണ്‍സ് നേടിയാല്‍, സ്വന്തം നാട്ടിലെ പിച്ചുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ വീണ്ടും ചോദിക്കേണ്ടിവരും.

ഒരു ടീം 500ലധികം റണ്‍സ് നേടി. ആകെ 100 ഓവറില്‍ ഇരു ടീമുകളും ചേര്‍ന്ന് 800ലധികം റണ്‍സാണ് നേടിയത്. ബാറ്റര്‍മാര്‍ക്ക് മാത്രമായി അനുകൂലമാകുന്ന ഇത്തരം പിച്ചുകളെക്കുറിച്ച് ബി.സി.സി.ഐ ഗൗരവമായി ശ്രദ്ധിക്കേണ്ട സമയമാണിത്. ടൂര്‍ണമെന്റിന്റെ പ്രാധാന്യം എന്തുതന്നെയായാലും, ബാറ്റര്‍മാര്‍ക്ക് മാത്രമല്ല, ബൗളര്‍മാര്‍ക്കും സഹായകമാകുന്ന പിച്ചുകള്‍ ഒരുക്കാന്‍ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് ബി.സി.സി.ഐ നിര്‍ദേശം നല്‍കണം,’ സദഗോപന്‍ രമേശ് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

ടാണ്‍ ടരണ്‍ മെന്‍ സീനിയറിനെതിരെ നടന്ന വണ്‍ ഡേ ഡിസ്ട്രിക്ട് മത്സരത്തില്‍ അഭിഷേക് 91 പന്തില്‍ 233 റണ്‍സായിരുന്നു അടിച്ചത്. അമൃത്‌സര്‍ സീനിയര്‍ ടീമിന് വേണ്ടി 15 ഫോറുകളും 25 സിക്‌സറുകളും ഉള്‍പ്പെടെയായിരുന്നു അഭിഷേകിന്റെ പ്രകടനം. മാത്രമല്ല 256.07 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.

മത്സരത്തില്‍ അമൃത്സര്‍ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 533 റണ്‍സായിരുന്നു നേടിയത്. മറുപടി ബാറ്റിങ്ങില്‍ ടാണ്‍ ടരണ്‍ 220 റണ്‍സിന് പരാജയപ്പെടുകയായിരുന്നു. 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 313 റണ്‍സായിരുന്നു ടാണ്‍ ടരണ്‍ നേടിയത്.

ലോകകപ്പിലെ മോശം പ്രകടനങ്ങള്‍ക്ക് പിന്നാലെ ഇംഗ്ലണ്ടിനോടും സിംബാബ്വേയോടും നടന്ന പരമ്പരയില്‍ അഭിഷേക് മോശം പ്രകടനമായിരുന്നു നടത്തിയത്. സിംബാബ് വേയ്‌ക്കെതിരായ മത്സരത്തില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് വെറും 11 റണ്‍സാ മാത്രമായിരുന്നു അഭിഷേക് നേടിയത്.

മാത്രമല്ല 2026ല്‍ അഭിഷേക് ശര്‍മ 23 മത്സരങ്ങളില്‍ നിന്ന് 514 റണ്‍സാണ് നേടിയത്. 84 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 23.36 എന്ന ആവറേജാണ് അഭിഷേകിനുള്ളത്. 185.55 എന്ന സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്. അഞ്ച് അര്‍ധ സെഞ്ച്വറികളാണ് അഭിഷേക് ഈ വര്‍ഷം ഇന്ത്യയ്ക്ക് വേണ്ടി നേടിയത്.

കൂടാതെ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ഡക്കായ ഇന്ത്യന്‍ താരത്തിന്റെ പേര് നോക്കിയാല്‍ അതില്‍ ഏറ്റവും മുന്നിലുള്ളത് അഭിഷേകാണ് മുന്നിലുള്ളതെന്ന് കാണാം. ആറ് തവണയാണ് താരം അന്താരാഷ്ട്ര ടി-20യില്‍ പൂജ്യത്തിന് പുറത്തായത്. അതില്‍ 2026 ലോകകപ്പിലായിരുന്നു അഭിഷേക് ശര്‍മ മൂന്ന് തവണ തുടര്‍ച്ചയായി പൂജ്യത്തിന് കൂടാരം കയറിയത്.

Content Highlight: Former Indian player Sadagoppan Ramesh has criticized Indian pitches following Abhishek Sharma’s double century

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more