ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി-20 മത്സരത്തിലെ പരാജയത്തിന് പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം സദഗോപന്‍ രമേശ്. മത്സരത്തില്‍ നിര്‍ണായകമായ 17ാം ഓവറില്‍ പരിചയസമ്പന്നതയില്ലാത്ത രവി ബിഷ്‌ണോയ്ക്ക് ഓവര്‍ നല്‍കാനുള്ള അയ്യരുടെ തീരുമാനത്തെയായിരുന്നു രമേശ് വിമര്‍ശിച്ചത്. ബിഷ്‌ണോയിയുടെ ഓവര്‍ വേണ്ട സമയത്ത് പൂര്‍ത്തിയാക്കി 17ാം ഓവറില്‍ പരിചയസന്നരായ മറ്റ് ബൗളര്‍മാരെ കൊണ്ടുവരാമായിരുന്നെന്നും മുന്‍ താരം കൂട്ടിച്ചേര്‍ത്തു.
മുന്‍ ഇന്ത്യന്‍ താരം സദഗോപന്‍ രമേശ്
’17ാം ഓവര്‍ എറിയാന്‍ ശ്രേയസ് അയ്യര്‍ രവി ബിഷ്‌ണോയിയെ കൊണ്ടുവന്നത് എന്നെ അത്ഭുതപ്പെടുത്തി. ചെന്നൈ സൂപ്പര്‍ കിങ്സും പഞ്ചാബ് കിങ്സും തമ്മിലുള്ള ഒരു ഐ.പി.എല്‍ മത്സരം എനിക്ക് ഓര്‍മയുണ്ട്. ആ മത്സരത്തില്‍ യുസ്വേന്ദ്ര ചഹല്‍ മൂന്ന് ഓവറുകള്‍ അതിഗംഭീരമായി പന്തെറിഞ്ഞിരുന്നു. എന്നിട്ടും നാലാമത്തെ ഓവര്‍ അയ്യര്‍ അദ്ദേഹത്തെ കൊണ്ട് എറിയിച്ചില്ല.
മത്സരശേഷം അതേക്കുറിച്ച് ചോദിച്ചപ്പോള്‍, ശിവം ദുബെയുടെ സാന്നിധ്യം കാരണം ‘മാച്ച്അപ്പ്’ പരിഗണിച്ചാണ് ചഹലിനെ ഉപയോഗിക്കാതിരുന്നതെന്ന് അയ്യര്‍ പറഞ്ഞിരുന്നു. ദുബെ രണ്ടോ മൂന്നോ സിക്സറുകള്‍ അടിച്ചാല്‍ അത് ടീമിന് തിരിച്ചടിയാകുമെന്ന് അദ്ദേഹം വിശദീകരിക്കുകയും ചെയ്തു.
രവി ബിഷ്‌ണോയ്
എന്നാല്‍ ഇവിടെ ബെഥലും സാം കറനും എന്നീ രണ്ട് ഇടംകൈയ്യന്‍ ബാറ്റര്‍മാരുണ്ടായിരുന്നിട്ടും, ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ അയ്യര്‍ എന്തുകൊണ്ടാണ് ബിഷ്ണോയിയെ തന്നെ 17ാം ഓവറിന് തെരഞ്ഞെടുത്തത്?
ഒരു സ്പിന്നര്‍ക്ക് ഓവര്‍ എറിയേണ്ടത് അനിവാര്യമായിരുന്ന സാഹചര്യത്തില്‍, ശ്രേയസ് അയ്യര്‍ ബിഷ്ണോയിയുടെ ഓവറുകള്‍ പൂര്‍ത്തിയാക്കേണ്ടതായിരുന്നു. അതിന് ശേഷം 17ാം ഓവറില്‍ ടീമിലുണ്ടായിരുന്ന മറ്റ് രണ്ട് പരിചയസമ്പന്നരായ സ്പിന്നര്‍മാരില്‍ ഒരാളെ ഉപയോഗിക്കേണ്ടതായിരുന്നു,’ സദഗോപന്‍ രമേശ് തന്റെ ഇന്റഗ്രാം അക്കൗണ്ടില്‍ പറഞ്ഞു.
മത്സരത്തില്‍ നാല് ഓവര്‍ എറിഞ്ഞ ബിഷ്‌ണോയ് വിക്കറ്റൊന്നും നേടാതെ 60 റണ്‍സായിരുന്നു നല്‍കിയത്. 15.00 എന്ന എക്കോണമിയിലാണ് താരം പന്തെറിഞ്ഞത്.
അതേസമയം മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ വീഴ്ത്തിയത്. മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 191 റണ്‍സിന്റെ വിജയലക്ഷ്യം ആറ് പന്തുകള്‍ ബാക്കി നില്‍ക്കെ ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു. നിലവില്‍ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഇംഗ്ലണ്ട് 1 – 0ന് മുന്നിലെത്തി. ആദ്യ മത്സരം മഴമൂലം ഉപേക്ഷിക്കപ്പെട്ടിരുന്നു. ജൂലൈ ഏഴിന് പരമ്പരയിലെ മൂന്നാം മത്സരം നടക്കുന്നത്.
Content Highlight: Former Indian Player Sadagoppan Ramesh Criticize Shreyas Iyer