| Friday, 18th September 2026, 2:31 pm

ഇതുപോലൊരു താരത്തെ ഇനി കിട്ടില്ല; തുറന്ന് പറഞ്ഞ് മുഹമ്മദ് കൈഫ്

ശ്രീരാഗ് പാറക്കല്‍

അഫ്ഗാനിസ്ഥാനെതിരായ ടി-20 പരമ്പരയിലെ അവസാന മത്സരത്തിലും വിജയച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരിക്കുകയാണ്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 222 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ അഫ്ഗാനിസ്ഥാന്‍ 94 റണ്‍സിന് പുറത്താവുകയായിരുന്നു.

അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് സെഞ്ച്വറിയുടെ കരുത്തിലായിരുന്നു ഇന്ത്യ കൂറ്റന്‍ സ്‌കോറിലെത്തിയത്. മത്സരത്തിന് പിന്നാലെ അഭിഷേക് ശര്‍മയെ പ്രശംസിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. അഭിഷേകിന്റെ കളി ശൈലിയില്‍ മാറ്റമുണ്ടായിട്ടുണ്ടെന്നും ഇതുപോലൊരു താരത്തെ ഇനി കണ്ടെത്താനാവില്ലെന്നും കൈഫ് പറഞ്ഞു.

‘അഭിഷേക് തന്റെ കളിരീതിയിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഏഷ്യാ കപ്പില്‍ ആദ്യ പന്ത് മുതല്‍ക്കേ ആക്രമിച്ചു കളിക്കാന്‍ ശ്രമിച്ച് അവന്‍ പുറത്താകുന്നത് ഓര്‍മയുണ്ടാകുമല്ലോ. എന്നാല്‍ ഇപ്പോഴവന്‍ മൂന്നോ നാലോ പന്തുകള്‍ നേരിട്ട ശേഷമാണ് ആക്രമിച്ചു കളിക്കുന്നത്. ഇതൊരു മികച്ച ഇന്നിങ്സായിരുന്നു. ഇതുപോലൊരു താരത്തെ ഇനി കണ്ടെത്താനാവില്ല. നമ്മള്‍ സംരക്ഷിച്ചു നിര്‍ത്തേണ്ട ഒരു മുതല്‍ക്കൂട്ടാണവന്‍.

ഗ്രൗണ്ടില്‍ സിക്‌സറുകള്‍ അടിച്ചുകൊണ്ടിരുന്നു. ഈ പരമ്പരയില്‍, സമ്മര്‍ദത്തിലായിരുന്നിട്ടും അദ്ദേഹം കൂടുതല്‍ സിക്‌സറുകള്‍ അടിച്ചിട്ടുണ്ട്. ഇതില്‍ നിന്ന് നമുക്ക് പഠിക്കാന്‍ കഴിയുന്നത് ഒരു ബാറ്റര്‍ കുറച്ച് ഇന്നിങ്‌സുകളില്‍ റണ്‍സ് നേടിയില്ലെങ്കില്‍, അയാള്‍ മോശം ബാറ്ററായി മാറില്ല എന്നതാണ്. കാരണം, ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേടിയ ഒരു ഇന്നിങ്‌സ് അതിനുശേഷം വരുന്നു, അതുകൊണ്ട് കളിക്കാരെ പിന്തുണയ്‌ക്കേണ്ടത് പ്രധാനമാണ്,’ തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ മുഹമ്മദ് കൈഫ് പറഞ്ഞു.

മത്സരത്തില്‍ നേരിട്ട 30ാം പന്തില്‍ സെഞ്ച്വറി നേടിയ അഭിഷേക് 34 പന്തില്‍ 108 റണ്‍സുമായാണ് കളം വിട്ടത്. 11 കൂറ്റന്‍ സിക്‌സറും ഒമ്പത് ഫോറും അടക്കം 317.65 എന്ന വെടിക്കെട്ട് സ്‌ട്രൈക് റേറ്റിലാണ് താരം സ്‌കോര്‍ ഉയര്‍ത്തിയത്. ബൗണ്ടറികളില്‍ നിന്ന് മാത്രം അഭിഷേക് അടിച്ചെടുത്തത് 102 റണ്‍സാണ്.

പരമ്പയിലെ മൂന്ന് മത്സരങ്ങളില്‍ നിന്ന് 229 റണ്‍സാണ് അഭിഷേക് നേടിയത്. 76.33 ആവറേജില്‍ ബാറ്റ് വീശിയ താരത്തിന് 269.41 സ്‌ട്രൈക്ക് റേറ്റുമുണ്ട്. അഭിഷേക് തന്നെയായിരുന്നു പരമ്പയിലെ താരവും. ഇതിനെല്ലാം പുറമെ ഇന്ത്യയ്ക്ക് വേണ്ടി ടി-20യില്‍ അതിവേഗ സെഞ്ച്വറി നേടിയതടക്കമുള്ള ഒട്ടനവധി റെക്കോഡുകളും അഭിഷേക് സ്വന്തമാക്കിയിരിക്കുകയാണ്.

Content Highlight: Former Indian Player Mohammed Kaif Talking About Abhishek Sharma

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more