| Tuesday, 3rd March 2026, 9:01 am

വിക്കറ്റിന് നിങ്ങള്‍ വില കല്‍പ്പിക്കാത്തപ്പോള്‍ അശ്രദ്ധമായ ഷോട്ടുകള്‍ കളിക്കും; സൂപ്പര്‍ താരത്തിന് നിര്‍ദേശവുമായി തിവാരി

ശ്രീരാഗ് പാറക്കല്‍

മോശം ഫോമില്‍ തുടരുന്ന ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയ്ക്ക് ഉപദേശവുമായി മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരി. ചരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ അഭിഷേക് ഒരു താരമായി മാറിയിരിക്കുന്നുവെന്നും പക്ഷേ ഒരു സൂപ്പര്‍സ്റ്റാര്‍ ആകണമെങ്കില്‍ ടീമിനായി മത്സരങ്ങള്‍ ജയിക്കണമെന്നും തിവാരി പറഞ്ഞു.

അഭിഷേക് തന്റെ വിക്കറ്റിന് വില കല്‍പ്പിക്കണമെന്നും അശ്രദ്ധമായ ഷോട്ടുകള്‍ കളിക്കരുതെന്നും തിവാരി പറഞ്ഞു. മാത്രമല്ല വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ അഭിഷേക് രണ്ട് ക്യാച്ച് വിടുകയും ചെയ്‌തെന്ന് മുന്‍ താരം ചൂണ്ടിക്കാട്ടി. ഡോട്ട് ബോളുകള്‍ വന്നാലും കഴിവ് ഉപയോഗിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ അഭിഷേക് ഒരു താരമായി മാറിയിരിക്കുന്നു, പക്ഷേ ഒരു സൂപ്പര്‍സ്റ്റാര്‍ ആകണമെങ്കില്‍, ടീമിനായി മത്സരങ്ങള്‍ ജയിക്കണം. ഇപ്പോള്‍ തന്നെ ഇന്ത്യയ്ക്ക് ഒരുപാട് മാച്ച് വിന്നര്‍മാരുണ്ട്. നിങ്ങളുടെ വിക്കറ്റിന് നിങ്ങള്‍ വില കല്‍പ്പിക്കാത്തപ്പോള്‍, നിങ്ങള്‍ അശ്രദ്ധമായ ഷോട്ടുകള്‍ കളിക്കാന്‍ പ്രവണത കാണിക്കുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ അത് ഒരു ഓഫ് ഡേ ആയി മാറി.

മാത്രമല്ല രണ്ട് ക്യാച്ചുകളും അദ്ദേഹം കൈവിട്ടു. ഏത് പന്തുകള്‍ ആക്രമിക്കണമെന്നും ഏത് ഉപേക്ഷിക്കണമെന്നും അറിയാനുള്ള മാനസികാവസ്ഥ അദ്ദേഹം വികസിപ്പിക്കേണ്ടതുണ്ട്. എതിര്‍ ബൗളര്‍മാരോട് അദ്ദേഹം കൂടുതല്‍ ബഹുമാനം കാണിക്കണം. ആരും അദ്ദേഹത്തോട് തന്റെ സമീപനം മാറ്റാന്‍ ആവശ്യപ്പെടുന്നില്ല, 3-4 ഡോട്ട് ബോളുകള്‍ നേരിട്ടാലും അദ്ദേഹത്തിന്റെ കഴിവ് ഉപയോഗിച്ച്, പ്രശ്‌നങ്ങള്‍ പരിഹരിക്കണം,’ തിവാരി ക്രിക്ക്ബസില്‍ പറഞ്ഞു.

അഭിഷേക് ശര്‍മ

നിലവില്‍ ഇന്ത്യയ്ക്ക് വേണ്ടി 2026 ടി-20 ലോകകപ്പില്‍ ആറ് ഇന്നിങ്‌സില്‍ നിന്ന് 80 റണ്‍സാണ് അഭിഷേക് നേടിയത്. സിംബാബ്‌വേക്കെതിരായ അര്‍ധ സെഞ്ച്വറി (55) മാറ്റി നിര്‍ത്തിയാല്‍ മൂന്ന് ഡക്ക് ഉള്‍പ്പെടെയാണ് താരത്തിന്റെ റണ്‍സ്. 13.3 എന്ന ആവറേജും 131 എന്ന സ്‌ട്രൈക്ക് റേറ്റുമാണ് താരത്തിനുള്ളത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ 10 റണ്‍സായിരുന്നു താരത്തിന്റെ സംഭാവന.

അതേസമയം കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന സൂപ്പര്‍ 8 മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 196 റണ്‍സാണ് ഇന്ത്യയ്ക്ക് മുന്നില്‍ വെച്ചുനീട്ടിയത്. മറുപടി ബാറ്റിങ്ങില്‍ 19.2 ഓവറില്‍ 199 റണ്‍സ് നേടി ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു. സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ 97 റണ്‍സിന്റെ കരുത്തിലാണ് ഇന്ത്യ സെമി ഫൈനല്‍ ടിക്കറ്റ് എടുത്തത്.

സെമി ഫൈനലില്‍ കരുത്തരായ ഇംഗ്ലണ്ടിനെയാണ് ഇന്ത്യയ്ക്ക് നേരിടാനുള്ളത്. മാര്‍ച്ച് അഞ്ചിന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം. മാര്‍ച്ച് നാലിന് നടക്കുന്ന ആദ്യ സെമിയില്‍ സൗത്ത് ആഫ്രിക്ക ന്യൂസിലാന്‍ഡിനെ നേരിടും. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സാണ് വേദി.

Content Highlight: Former Indian Player Manoj Tiwari Talking About Abhishek Sharma

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more