| Saturday, 10th May 2025, 2:07 pm

അവനാണ് ഇന്ത്യയെ നയിക്കാന്‍ ശരിയായ വ്യക്തി; രോഹിത്തിന്റെ പിന്‍ഗാമിയെ തെരഞ്ഞെടുത്ത് 1983 ലോകകപ്പ് ജേതാവ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ നയിക്കാന്‍ ആരെത്തുമെന്നാണ് ക്രിക്കറ്റ് ആരാധകര്‍ ഉറ്റുനോക്കുന്നത്. നിലവിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ മെയ് ഏഴിന് ഈ ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതോടെയാണ് പുതിയ ക്യാപ്റ്റനെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായത്.

രോഹിത് ശര്‍മ സോഷ്യല്‍ മീഡിയ ഹാന്‍ഡിലായ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ വളരെ അപ്രതീക്ഷിതമായാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ താരത്തിനെ അഭിനന്ദിച്ചും താരത്തിന് ശേഷം ക്യാപ്റ്റന്‍ ആരാകണമെന്നും സീനിയര്‍ താരങ്ങളടക്കം പ്രതികരിച്ചിരുന്നു.

ഇപ്പോള്‍ രോഹിത്തിന്റെ പിന്‍ഗാമി ആരായിരിക്കണമെന്ന് പ്രതികരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും 1983 ലോകകപ്പ് ജേതാവുമായ മദന്‍ ലാല്‍. ഇന്ത്യയെ നയിക്കാന്‍ സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് ശരിയായ വ്യക്തിയെന്ന് അദ്ദേഹം പറഞ്ഞു.

ആരോഗ്യവാനാണെങ്കില്‍ തന്റെ ഫസ്റ്റ് ചോയ്‌സ് ബുംറയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ ടുഡേയില്‍ സംസാരിക്കുകയായിരുന്നു മദന്‍ ലാല്‍.

‘ഇന്ത്യയെ നയിക്കാന്‍ ജസ്പ്രീത് ബുംറയാണ് ശരിയായ വ്യക്തി എന്ന് എനിക്ക് തോന്നുന്നു. ഫിറ്റ്‌നസ് വ്യത്യസ്തമാണ്, പക്ഷേ അദ്ദേഹം ലഭ്യവും ആരോഗ്യവാനുമാണെങ്കില്‍, അദ്ദേഹമാണ് എന്റെ ആദ്യ ചോയ്‌സ്,’ ലാല്‍ പറഞ്ഞു.

ബുംറ ഇന്ത്യന്‍ ക്യാപ്റ്റനായി പരിഗണിക്കപ്പെടുന്നവരില്‍ പ്രധാനിയാണ്. പക്ഷേ, ഇടയ്ക്കിടെയുള്ള താരത്തിന്റെ പരിക്ക് ആശങ്ക സൃഷ്ടിക്കുന്നതും ക്യാപ്റ്റന്‍സി തെരഞ്ഞെടുപ്പില്‍ വിനയായേക്കുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

മുമ്പ് ബുംറ ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ മൂന്ന് പ്രാവശ്യം നയിച്ചിട്ടുണ്ട്. 2022ല്‍ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യയെ നയിച്ചിരുന്നത് ബുംറയായിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ പരമ്പരയിലും ഇന്ത്യന്‍ ടീമിന്റെ നായക കുപ്പായത്തിലെത്തിയിട്ടുണ്ട്.

രോഹിത്തിന്റെ അഭാവത്തില്‍ ഒന്നാം ടെസ്റ്റിലും പരമ്പരയിലെ അവസാന ടെസ്റ്റിലും ഫാസ്റ്റ് ബൗളറാണ് ഇന്ത്യയെ നയിച്ചിരുന്നത്. ഇതില്‍ ആദ്യ ടെസ്റ്റില്‍ ഇന്ത്യ വിജയിക്കുകയും ചെയ്തിരുന്നു. ക്യാപ്റ്റനായി മൂന്ന് ടെസ്റ്റില്‍ നിന്ന് താരം 15 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.

കെ.എല്‍ രാഹുല്‍, റിഷബ് പന്ത്, ശുഭ്മന്‍ ഗില്‍ എന്നിവരാണ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മറ്റ് താരങ്ങള്‍.

Content Highlight: Former Indian player Madan Lal suggests Jasprit Bumrah as the successor of Rohit Sharma in Test Cricket

We use cookies to give you the best possible experience. Learn more