അടുത്തിടെ വിരമിക്കല്‍ പ്രഖ്യാപിച്ച മുന്‍ ഇന്ത്യന്‍ താരം കെ.എസ് ഭരത് മറ്റൊരു ടീമിനായി കളിക്കാനൊരുങ്ങുന്നു. യു.എ.ഇയിലെ ടീമിന് വേണ്ടിയാണ് താരം കളത്തിലിറങ്ങുന്നത്. യു.എ.ഇയിലെ ഒരു പ്രാദേശിക ടീമായ സ്റ്റാലിയന്‍സിന് വേണ്ടിയാണ് ഭരത് ബാറ്റെടുക്കുക.
രണ്ട് ദിവസം നടക്കുന്ന ഒരു വൈറ്റ് ബോള്‍ ടൂര്‍ണമെന്റിലാണ് സ്റ്റാലിയന്‍സ് മത്സരിക്കുന്നത്. ടെസ്റ്റ് ഫോര്‍മാറ്റില്‍ കളിക്കുന്നതിന് വേണ്ടി താരങ്ങള്‍ക്ക് മികച്ച മാനസികാവസ്ഥ സൃഷ്ടിക്കുന്നതിനും താരങ്ങളുടെ കഴിവ് വികസിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ ടൂര്‍ണമെന്റ് നടത്തുന്നത്. ക്രിക് ബസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഈ ടൂര്‍ണമെന്റ് കളിച്ചുകൊണ്ട് ഭരത്തിന് നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നടക്കുന്ന യു.എ.ഇയിലെ ഫ്രാഞ്ചൈസി ലീഗായ ഐ.എല്‍ ടി-20യില്‍ പങ്കെടുക്കാനും സാധിക്കും. ഒക്ടോബറില്‍ നടക്കുന്ന ഈ ടൂര്‍ണമെന്റിന്റെ താര ലേലത്തില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസരവും ഭരത്തിന്റെ മുന്നിലുണ്ട്.
കെ.എസ് ഭരത്
തന്റെ 32ാം വയസിലാണ് ഭരത് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2023ലാണ് ഇന്ത്യയ്ക്ക് വേണ്ടി താരം അരങ്ങേറ്റം നടത്തിയത്. ടെസ്റ്റില്‍ അരങ്ങേറിയ താരം ഇന്ത്യയ്ക്ക് വേണ്ടി ഏഴ് മത്സരങ്ങളിലെ 12 ഇന്നിങ്സില്‍ നിന്ന് 221 റണ്‍സാണ് നേടിയത്.
44 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോര്‍ മാത്രമായിരുന്നു താരത്തിന് ഉണ്ടായിരുന്നത്. 20.01 എന്ന ആവറേജും 53.0 എന്ന സ്ട്രൈക്ക് റേറ്റുമാണ് താരത്തിനുണ്ടായിരുന്നത്. 2024 ഫെബ്രുവരിയില്‍ വിശാഖപട്ടണത്ത് ഇംഗ്ലണ്ടിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ അവസാന ടെസ്റ്റ് മത്സരം.
ഐ.പി.എല്ലില്‍ 11 മത്സരങ്ങള്‍ കളിച്ച ഭരത് 199 റണ്‍സ് നേടിയിട്ടുണ്ട്. 78* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോര്‍ താരത്തിനുണ്ട്. 28.4 എന്ന ആവറേജും 122.1 എന്ന സ്ട്രൈക്ക് റേറ്റും ഭരത്തിനുണ്ട്. മറ്റ് ഫോര്‍മാറ്റുകളിലൊന്നും ഭരത്തിന് അവസരം ലഭിച്ചിരുന്നില്ല.
Content Highlight: Former Indian player KS Bharath, who recently announced his retirement, is set to play for another team