| Tuesday, 19th August 2025, 8:02 am

ഏഷ്യാ കപ്പില്‍ ഇന്ത്യ - പാകിസ്ഥാന്‍ മത്സരം നടക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ട്: കേദാര്‍ ജാദവ്

സ്പോര്‍ട്സ് ഡെസ്‌ക്

2025 ഏഷ്യാ കപ്പിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. ടൂര്‍ണമെന്റിനായുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ ഇന്ന് (ചൊവ്വ) പ്രഖ്യാപിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഏതൊക്കെ താരങ്ങളാകും സ്‌ക്വാഡില്‍ ഇടം പിടിക്കുക എന്ന ആകാംക്ഷയിലാണ് ആരാധകരും.

പതിവ് പോലെ ഇന്ത്യയും പാകിസ്ഥാനും ടൂര്‍ണമെന്റില്‍ ഒരേ ഗ്രൂപ്പില്‍ തന്നെയാണെന്നതും ആരാധകര്‍ക്ക് ആവേശം സൃഷ്ടിക്കുന്ന ഒന്നാണ്. ഗ്രൂപ്പ് ഘട്ടവും ഫൈനലുമടക്കം മൂന്ന് തവണ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരാനുള്ള സാധ്യതകളുമുണ്ട്.

എന്നാല്‍ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സിനിടെ പാകിസ്ഥാനെതിരായ മത്സരങ്ങള്‍ ഇന്ത്യ ബഹിഷ്‌കരിച്ചിരുന്നു. മെന്‍ ഇന്‍ ഗ്രീനിനെതിരായ മത്സരങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ഹര്‍ഭജന്‍ സിങ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ ബി.സി.സി.ഐയോട് അഭ്യര്‍ത്ഥിച്ചിരുന്നു.

സംഘര്‍ഷങ്ങള്‍ക്കിടയിലും ഇന്ത്യ ഏഷ്യാ കപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഏഷ്യാ കപ്പ് മത്സരങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം കേദാര്‍ ജാദവ്.

‘ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കരുത്, ഇന്ത്യ കളിക്കില്ലെന്ന് എനിക്കുറപ്പുണ്ട്. എന്തായാലും ഇന്ത്യ പാകിസ്ഥാനെ തോല്‍പ്പിക്കും. പക്ഷേ ഈ മത്സരം നടക്കരുത്. അത് നടക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ട്,’ ജാദവ് എഎന്‍ഐയോട് പറഞ്ഞു.

വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സില്‍ ഇന്ത്യ- പാക് മത്സരം സര്‍ക്കാര്‍ അനുവദിച്ചാല്‍ നടത്തുന്നതിന് പ്രശ്‌നമില്ലെന്ന് സൗരവ് ഗാംഗുലി നേരത്തെ പറഞ്ഞിരുന്നു. ഇതോടെ ഏഷ്യ കപ്പിലേക്ക് എത്തുമ്പോളും ഇന്ത്യ – പാക് മത്സരങ്ങളുടെ കാര്യത്തില്‍ രണ്ട് അഭിപ്രായങ്ങള്‍ ഉള്ളവരുണ്ട്.

‘സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ മത്സരം മുന്നോട്ട് പോകണം. തീവ്രവാദം അവസാനിപ്പിക്കണം. സര്‍ക്കാര്‍ അനുവദിക്കുകയാണെങ്കില്‍ മത്സരം നടത്തണം,’ ഗാംഗുലി പറഞ്ഞു.

അതേസമയം ഏഷ്യാകപ്പിനുള്ള 17 അംഗങ്ങളുടെ ടീമിനെ പാകിസ്ഥാന്‍ ചീഫ് സെലക്ടര്‍മാരും മൈക്ക് ഹസിയും ചേര്‍ന്ന് പുറത്ത് വിട്ടിരുന്നു. ഇന്ത്യയെ പരാജയപ്പെടുത്താന്‍ കഴിവുള്ള ടീമാണ് തങ്ങള്‍ രൂപീകരിച്ചതെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അവകാശപ്പെടുകയും ചെയ്തു.

Content Highlight: Former Indian player Kedar Jadhav is calling for a boycott of the Asia Cup matches between India and Pakistan

We use cookies to give you the best possible experience. Learn more