| Wednesday, 5th August 2026, 7:27 pm

ആവശ്യമെങ്കില്‍ ബുംറ ഒരു വര്‍ഷം വരെ ക്രിക്കറ്റില്‍ നിന്ന് ഇടവേള എടുക്കണം; പ്രസ്താവനയുമായി മുന്‍ താരം

ശ്രീരാഗ് പാറക്കല്‍

ശ്രീലങ്കന്‍ ടെസ്റ്റ് പരമ്പരയില്‍ നിന്ന് പരിക്ക് മൂലം പുറത്തായ ജസ്പ്രീത് ബുംറ 100 ശതമാനവും ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ ഒരു വര്‍ഷമെങ്കിലും ബ്രേക്ക് എടുക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം കാര്‍സന്‍ ഗാര്‍വി. പൂര്‍ണ ഫിറ്റല്ലെങ്കിലും ബുംറ ടൂര്‍ണമെന്റുകളില്‍ കളിക്കാന്‍ ഇറങ്ങുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘100 ശതമാനം ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ ജസ്പ്രീത് ബുംറ അഞ്ച്-ആറ് മാസമോ, ആവശ്യമെങ്കില്‍ ഒരു വര്‍ഷം വരെ ക്രിക്കറ്റില്‍ നിന്ന് ഇടവേള എടുക്കണം. പൂര്‍ണ ഫിറ്റല്ലെങ്കിലും അദ്ദേഹം ടൂര്‍ണമെന്റുകളില്‍ കളിക്കാന്‍ ഇറങ്ങുന്നു. തുടര്‍ന്ന് അമിത ജോലിഭാരം കാരണം പര്യടനത്തിന്റെ പാതിവഴിയില്‍ തന്നെ പരിക്കേറ്റ് പുറത്താകുകയാണ്. ഇത് അനാവശ്യമാണ്. ടീമില്‍ ഉള്‍പ്പെടുത്തിയാല്‍ ഒരു പരമ്പര മുഴുവന്‍ തന്റെ ജോലിഭാരം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ബുംറയ്ക്ക് മാത്രമേ ശരിയായി തീരുമാനിക്കാന്‍ കഴിയൂ.

ശ്രീലങ്കയ്‌ക്കെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. പരമ്പരയിലെ ആദ്യ മത്സരം ഓഗസ്റ്റ് 15 മുതല്‍ 19 വരെ ഗല്ലെയിലാണ് നടക്കുക. രണ്ടാം മത്സരം ഓഗസ്റ്റ് 23 മുതല്‍ 27 വരെ കൊളംബോയിലും നടക്കും.

എന്നാല്‍ പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ് സംഭവിച്ചിരിക്കുന്നത്. സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറ പരിക്കിന്റെ പിടിയിലായിരിക്കുകയാണ്. നേരത്തെ ബുംറ സുഖം പ്രാപിച്ചെന്നും ലങ്കയ്ക്കെതിരെ കളിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ബുംറയ്ക്ക് പരമ്പര തന്നെ നഷ്ടമായിരിക്കുകയാണ് ഇപ്പോള്‍. ബുംറയ്ക്ക് പകരമായി ജമ്മു കശ്മീരിന്റെ സൂപ്പര്‍ പേസര്‍ ആഖിബ് നബിയാണ് സ്‌ക്വാഡില്‍ ഇടം നേടിയത്.

അതേസമയം റെഡ് ബോളില്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി ഇന്ത്യയ്ക്ക് മികവ് പുലര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ മോശം പ്രകടനങ്ങള്‍ പരിശീലകന്‍ ഗൗതം ഗംഭീറിനെയും പ്രതിരോധത്തിലാക്കിയിരുന്നു. ഫോര്‍മാറ്റില്‍ തിരിച്ചുവരാനൊരുങ്ങുന്ന ഇന്ത്യയ്ക്ക് ബുംറയടക്കമുള്ള താരങ്ങളുടെ പരിക്ക് വലിയ തരിച്ചടി തന്നെയാണ് നല്‍കിയിരിക്കുന്നത്.

Content Highlight: Former Indian player Karsan Ghavri Talking About Jasprit Bumrah

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more