ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയില്‍ പുതുമുഖ താരം നമന്‍ ധിറിനെ തെരഞ്ഞെടുത്തതില്‍ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം ഹനുമ വിഹാരി. നമന്‍ ധിറിന്റെ ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനങ്ങള്‍ അത്ര മികച്ചതല്ല എന്ന ചൂണ്ടിക്കാട്ടിയാണ് താരം ഇത്തരമൊരു എതിര്‍പ്പ് ഉന്നയിച്ചത്.
തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹനുമ വിഹാരി
സെപ്റ്റംബര്‍ 27ന് ആരംഭിക്കുന്ന വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയാണ് നടക്കുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലാണ് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെ നേരിടുന്നത്.
2026ലെ ഏഷ്യന്‍ ഗെയിംസും വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയും ഒരേസമയം നടക്കുന്നതിനാല്‍ ഇന്ത്യന്‍ ഏകദിന ടീമില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് മുംബൈ ഇന്ത്യന്‍സിന്റെ ബാറ്ററായ നമന്‍ ധിറിന് ഇന്ത്യന്‍ ജേഴ്‌സിലേക്ക് വഴിയൊരുക്കിയത്.
എന്നാല്‍ ധിറിനെ ഉള്‍പ്പെടുത്തിയത് അപ്രതീക്ഷിതമാണെന്നും ഹനുമ വിഹാരി അഭിപ്രായപ്പെട്ടു.
‘ഏഷ്യന്‍ ഗെയിംസ് നടക്കുന്നതിനാല്‍ ഏകദിന ടീമില്‍ തീര്‍ച്ചയായും നിരവധി മാറ്റങ്ങളുണ്ട്. എന്നാല്‍ നമന്‍ ധീറിനെ അവര്‍ തിരഞ്ഞെടുത്തു. ഇത് എങ്ങനെ സാധിക്കും? അവന്റെ ആഭ്യന്തര ക്രിക്കറ്റിലെ കണക്കുകള്‍ അത്ര മികച്ചതല്ല. പഞ്ചാബ് ലീഗില്‍ അവന്‍ വലിയൊരു ഇന്നിങ്സ് കളിച്ചു. മുംബൈ ഇന്ത്യന്‍സിനായും ചില മത്സരങ്ങള്‍ വിജയിപ്പിച്ചിട്ടുണ്ട്. എന്നാല്‍ പ്രകടനത്തില്‍ സ്ഥിരതയില്ല. ഇത് ഞെട്ടിക്കുന്ന തീരുമാനമാണ്,’ വിഹാരി പറഞ്ഞു.
നമന്‍ ധിര്‍. Photo: MI/x.com
അടുത്തിടെ സമാപിച്ച ഷേര്‍-ഇ-പഞ്ചാബ് ടി-20 ലീഗില്‍ വെറും 64 പന്തില്‍ 173 റണ്‍സ് നേടിയ പ്രകടനത്തിലൂടെയാണ് ധിര്‍ ശ്രദ്ധ നേടിയത്. എന്നാല്‍ വ്യത്യസ്ത ഫോര്‍മാറ്റിലെ ആ ഒരു മികച്ച പ്രകടനം ഒഴിച്ചുനിര്‍ത്തിയാല്‍ താരത്തിന്റെ കണക്കുകള്‍ അത്ര മികച്ചതല്ല. ധീറിന് ടീമില്‍ ഇടം ലഭിച്ചതിന് പിന്നിലെ കാരണം ബൗളിങ് കഴിവായിരിക്കാമെന്നും വിഹാരി അഭിപ്രായപ്പെട്ടു.
‘എനിക്ക് ചിന്തിക്കാന്‍ കഴിയുന്ന ഒരേയൊരു കാരണം, അവന്‍ മികച്ച ബാറ്ററായതിനൊപ്പം ബൗള്‍ ചെയ്യാനും കഴിയും എന്നതാണ്. ഏകദിന ടീമിലെ ആദ്യ ആറ് ബാറ്റര്‍മാരില്‍ നന്നായി ബൗള്‍ ചെയ്യാന്‍ കഴിയുന്നവര്‍ അധികമില്ല. ജഡേജ തിരിച്ചെത്തിയിട്ടുണ്ട്. എന്നാല്‍ ആദ്യ ആറില്‍ മറ്റാരാണ് ബൗള്‍ ചെയ്യുന്നത്? അതുകൊണ്ടായിരിക്കാം അവര്‍ നമന്‍ ധീറിനെ ടീമിലെത്തിച്ചത് ,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നമന്‍ ധിര്‍. Photo: Sher E Punjab T20 League
2026 ലെ ഐ.പി.എല്ലില്‍ നമന്‍ ധിറിന് മികച്ച പ്രകടനം നടത്താന്‍ സാധിച്ചെങ്കിലും സ്ഥിരത പുലര്‍ത്താനായിരുന്നില്ല. 14 മത്സരങ്ങളില്‍ നിന്ന് 26.50 ശരാശരിയില്‍ 318 റണ്‍സാണ് താരം നേടിയത്. 147.22 സ്‌ട്രൈക്ക് റേറ്റും സ്വന്തമാക്കി. ലിസ്റ്റ് എ ക്രിക്കറ്റില്‍ 11 ഇന്നിങ്സുകളില്‍ നിന്ന് 39.00 ശരാശരിയില്‍ 351 റണ്‍സും നാല് അര്‍ധസെഞ്ചുറികളും താരത്തിനുണ്ട്.
വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യമത്സരം തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ സെപ്റ്റംബര്‍ 27 ന് നടക്കും. തുടര്‍ന്ന് രണ്ടാം മത്സരം സെപ്റ്റംബര്‍ 30 ന് ഗുവാഹത്തിയിലെ അസം ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലും അവസാന മത്സരം ഒക്ടോബര്‍ 3 ന് ന്യൂ ചണ്ഡീഗഡിലെ മഹാരാജ യാദവിന്ദ്ര സിങ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലും വെച്ച് അരങ്ങേറും.
ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ ഇന്ത്യന്‍ സ്‌ക്വാഡ്
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ, വിരാട് കോഹ്‌ലി, യശസ്വി ജയ്സ്വാള്‍, ഋതുരാജ് ഗെയ്ക്വാദ്, ധ്രുവ് ജുറെല്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍നൂര്‍ ബ്രാര്‍, ആഖിബ് നബി, നമന്‍ ധിര്‍.
Content highlight: Former Indian player Hanuma Vihari has criticized the inclusion of Naman Dhir in the India-West Indies ODI series.