| Wednesday, 29th July 2026, 7:01 am

സഞ്ജുവിന് വിശ്രമം നല്‍കുകയോ പുറത്താക്കുകയോ ചെയ്തിട്ടില്ല: ദീപ് ദാസ്ഗുപ്ത

ശ്രീരാഗ് പാറക്കല്‍

ഇന്ത്യന്‍ സൂപ്പര്‍ താരം സഞ്ജു സാംസണിനെ ടീമില്‍ നിന്ന് മാറ്റിനിര്‍ത്തിയതിനെക്കുറിച്ച് മുന്‍ ഇന്ത്യന്‍ താരം ദീപ് ദാസ്ഗുപ്ത. സഞ്ജുവിന് വിശ്രമം നല്‍കുകയോ ടീമില്‍ നിന്ന് പുറത്താക്കുകയോ ചെയ്തിട്ടില്ലെന്ന് മുന്‍ താരം പറഞ്ഞു. മൂന്ന് ഓപ്പണിങ് കോമ്പിനേഷനുകളില്‍ ഏതാണ് മികച്ചതെന്ന് മനസിലാക്കാനുള്ള ഒരു പരീക്ഷണമാണിതെന്ന് ദീപ് ദാസ്ഗുപ്ത പറഞ്ഞു.

‘നിര്‍ഭാഗ്യവശാല്‍, രണ്ട് ഓപ്പണര്‍മാര്‍ക്ക് മാത്രമേ കളിക്കാന്‍ കഴിയൂ. അതുകൊണ്ടുതന്നെ സഞ്ജുവിന് വിശ്രമം നല്‍കുകയോ പുറത്താക്കുകയോ ചെയ്തിട്ടില്ല. മൂന്ന് ഓപ്പണിങ് കോമ്പിനേഷനുകളില്‍ ഏതാണ് മികച്ചതെന്ന് മനസിലാക്കാനുള്ള ഒരു പരീക്ഷണമായിട്ട് ഇതിനെ കാണണം. ശുഭ്മന്‍ ഗില്‍, സായ് സുദര്‍ശന്‍, യശസ്വി ജെയ്സ്വാള്‍, പ്രഭ്‌സിമ്രാന്‍ സിങ്, പ്രിയാന്‍ഷ് ആര്യ തുടങ്ങിയ മറ്റ് ഓപ്ഷനുകളെ പോലും അവര്‍ പരീക്ഷിച്ചിട്ടില്ല.

എന്നാല്‍ ഇംഗ്ലണ്ടിനെതിരായ മുന്‍ പരമ്പരയില്‍ സഞ്ജു കൂടുതല്‍ കളിക്കേണ്ടതായിരുന്നു. അടുത്ത വലിയ ടൂര്‍ണമെന്റിനായി 25 മുതല്‍ 30 വരെ കളിക്കാര്‍ക്ക് കഴിയുന്നത്ര അവസരം നല്‍കേണ്ടത് പ്രധാനമാണ്. ഒരു ടൂര്‍ണമെന്റിന് തൊട്ടുമുമ്പ് ഐഡിയല്‍ 15 രൂപപ്പെടുത്താനുള്ള ഏറ്റവും നല്ല മാര്‍ഗം അതാണ്,’ ദീപ് ദാസ്തുപ്ത തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

2026 ടി-20 ലോകകപ്പിന് ശേഷം അയര്‍ലാന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിലായി നാല് മത്സരങ്ങളിലാണ് സഞ്ജു കളിച്ചത്. അയര്‍ലാന്‍ഡില്‍ 5, 0 എന്നിങ്ങനെയും ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ മത്സരത്തില്‍ ഒരു റണ്‍സുമാണ് നേടിയത്.

പിന്നീട് വൈഭവ് സൂര്യവംശിക്ക് അവസരം നല്‍കിയതോടെ പുറത്തിരുന്ന സഞ്ജു, അവസാന മത്സരത്തില്‍ തിരിച്ചെത്തി 14 പന്തില്‍ 27 റണ്‍സ് നേടിയിരുന്നു. മാത്രമല്ല ശേഷം നടന്ന സിംബാബ്‌വേ പര്യടത്തില്‍ സഞ്ജു സാംസണിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ 2026ലെ ഏഷ്യന്‍ ഗെയിംസിനുള്ള സ്‌ക്വാഡില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം ലോകകപ്പില്‍ ഇന്ത്യയെ വിജയത്തിലെത്തിച്ചതില്‍ നിര്‍ണായകമായ പങ്ക് വഹിച്ചത് സഞ്ജുവായിരുന്നു. ലോകകപ്പില്‍ മൊത്തം അഞ്ച് ഇന്നിങ്സില്‍ നിന്ന് 321 റണ്‍സ് നേടിയായിരുന്നു സഞ്ജു വമ്പന്‍ തിരിച്ചുവരവ് നടത്തിയത്. സഞ്ജു തന്നെയായിരുന്നു പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് അവാര്‍ഡും സ്വന്തമാക്കിയത്.

Content Highlight: Former Indian player Deep Dasgupta on Indian superstar Sanju Samson being left out of the team

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more