| Friday, 24th April 2026, 5:33 pm

അത്ഭുതകരമായ താരം, കൊല്‍ക്കത്ത അവനെ മിസ് ചെയ്യുന്നു: മുന്‍ ഇന്ത്യന്‍ താരം

Sudev A

2026 ഐ.പി.എല്ലില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് മുന്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നടത്തിക്കൊണ്ടിരിക്കുന്നത്. നിലവില്‍ മൂന്ന് പോയിന്റുമായി അവസാന സ്ഥാനത്താണ് കെ.കെ.ആര്‍. ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെ മാത്രമാണ് കൊല്‍ക്കത്ത പരാജയപ്പെടുത്തിയത്. പഞ്ചാബ് കിങ്‌സിനെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ ഒരു പോയിന്റും ലഭിച്ചു.

ഇപ്പോള്‍ കൊല്‍ക്കത്തയുടെ മോശം പ്രകടനങ്ങള്‍ക്ക് പിന്നാലെ ഈ സീസണില്‍ ടീം ഏറ്റവുമധികം മിസ് ചെയ്യുന്നത് ഏത് താരത്തെയാണെന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും മുന്‍ കൊല്‍ക്കത്ത ഹെഡ് കോച്ചുമായ ചന്ദ്രകാന്ത് പണ്ഡിറ്റ്. 2024ല്‍ കൊല്‍ക്കത്തയെ കിരീടത്തിലേക്ക് നയിച്ച ശ്രേയസ് അയ്യരെകുറിച്ചാണ് ചന്ദ്രകാന്ത് സംസാരിച്ചത്.

നിര്‍ഭാഗ്യവശാല്‍ ലേലത്തില്‍ അയ്യരെ നിലനിര്‍ത്താനായില്ലെന്നാണ് ചന്ദ്രകാന്ത് പറഞ്ഞത് ഇതില്‍ തങ്ങള്‍ക്ക് വിഷമമുണ്ടെന്നും മുന്‍ ഇന്ത്യന്‍ താരം വ്യക്തമാക്കി. റേവ് സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മുന്‍ കെ.കെ.ആര്‍ പരിശീലകന്‍.

”നിര്‍ഭാഗ്യവശാല്‍ ഞങ്ങള്‍ അദ്ദേഹത്തെ മിസ് ചെയ്തു. ക്യാപ്റ്റനെന്ന നിലയില്‍ കൊല്‍ക്കത്തയ്ക്ക് ട്രോഫി നേടിത്തന്ന അത്ഭുതകരമായ താരമാണ് ശ്രേയസ് അയ്യര്‍. അദ്ദേഹം ടീമിനെ നയിച്ച രീതിയും മികച്ചതായിരുന്നു. ചില സാഹചര്യങ്ങള്‍ അത്തരത്തിലുള്ള താരങ്ങളെ നഷ്ടപ്പെടുത്താന്‍ നിങ്ങളെ നിര്‍ബന്ധിതരാക്കും” ചന്ദ്രകാന്ത് പണ്ഡിറ്റ് പറഞ്ഞു.

നീണ്ട 10 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് കൊല്‍ക്കത്ത മൂന്നാം ഐ.പി.എല്‍ കിരീടം 2024ല്‍ സ്വന്തമാക്കിയത്. ഫൈനലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തിയാണ് അയ്യരിന്റെ കീഴില്‍ കൊല്‍ക്കത്ത ചാമ്പ്യന്മാരായത്. ഈ കിരീട നേട്ടത്തിനൊപ്പം ഐ.പി.എല്ലില്‍ എമര്‍ജിങ് പ്ലെയര്‍ അവാര്‍ഡ് നേടിയതിന് ശേഷം ഐ.പി.എല്‍ കിരീടം നേടുന്ന രണ്ടാമത്തെ നായകനായും ശ്രേയസ് മാറിയിരുന്നു. 2015 സീസണില്‍ ആണ് ശ്രേയസ് അയ്യര്‍ എമര്‍ജിങ് പ്ലെയര്‍ അവാര്‍ഡ് സ്വന്തമാക്കിയത്. ദല്‍ഹി ക്യാപിറ്റല്‍സിനൊപ്പമാണ് അയ്യര്‍ ഈ നേട്ടം കൈവരിച്ചത്.

ആദ്യമായി ഈ നേട്ടം സ്വന്തമാക്കിയത് മുന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയാണ്. 2009ല്‍ ഡക്കാന്‍ ചാര്‍ജേഴ്സിന് വേണ്ടി കളിക്കുന്ന സമയത്തായിരുന്നു രോഹിത് എമര്‍ജിങ് പ്ലെയര്‍ അവാര്‍ഡ് നേടിയത്. പിന്നീട് മുംബൈ ഇന്ത്യന്‍സിനായി അഞ്ച് കിരീടങ്ങളാണ് രോഹിത് നേടികൊടുത്തത്.

എന്നാല്‍ 2025 മെഗാ ലേലത്തില്‍ അയ്യരിനെ കൊല്‍ക്കത്ത കൈവിടുകയായിരുന്നു. പഞ്ചാബ് കിങ്സ് 26.75 കോടിക്കാണ് പഞ്ചാബ് അയ്യരിനെ ലേലത്തില്‍ സ്വന്തമാക്കിയത്. പഞ്ചാബിനൊപ്പവും അത്ഭുതകരമായ പ്രകടനമാണ് അയ്യര്‍ നടത്തിയത്.

ശ്രേയസ് അയ്യർ. Photo: IndianPremierLeague/x.com

നീണ്ട 11 വര്‍ഷങ്ങള്‍ക്ക് ശേഷം പഞ്ചാബിനെ കഴിഞ്ഞ സീസണിൽ ഫൈനലിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ അയ്യരിന് സാധിച്ചിരുന്നു. 2026 ഐ.പി.എല്ലിലും ശ്രേയസ് അയ്യരിന്റെ ചിറകിലേറി പഞ്ചാബ് കിങ്സ് അജയ്യരായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഒരു സീസണില്‍ ആദ്യ ആറ് മത്സരങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ ഒറ്റ മത്സരവും പരാജയപ്പെടാതെ മുന്നേറുന്ന ആദ്യ ടീം കൂടിയാണ് പഞ്ചാബ്.

Content Highlight: Former Indian player Chandraganth pandit talks about Shreyas iyer

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more