| Tuesday, 4th August 2026, 6:45 pm

ജെയ്‌സ്വാളിനെ ഓപ്പണറായി ഉള്‍പ്പെടുത്തിയത് അത്ഭുതപ്പെടുത്തി; ശാസ്ത്രിയുടെ ലോകകപ്പ് സ്‌ക്വാഡിനെതിരെ ആകാശ് ചോപ്ര

ശ്രീരാഗ് പാറക്കല്‍

2027 ഏകദിന ലോകകപ്പിനായി മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി തെരഞ്ഞെടുത്ത 15 അംഗ സ്‌ക്വാഡിനെ വിലയിരുത്തി മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര. ടീമിന് മൊത്തത്തില്‍ 10ല്‍ 8 മാര്‍ക്ക് നല്‍കുന്നുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ ഇതേ സ്‌ക്വാഡ് ഇന്ത്യന്‍ സെലക്ടര്‍മാര്‍ തെരഞ്ഞെടുക്കാന്‍ സാധ്യത വളരെ കുറവാണെന്നാണ് ചോപ്രയുടെ അഭിപ്രായം.

ശുഭ്മന്‍ ഗില്ലിനെ നായകനാക്കിയ ശാസ്ത്രിയുടെ ടീമില്‍ വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ശ്രേയസ് അയ്യര്‍, യശസ്വി ജെയ്‌സ്വാള്‍, കെ.എല്‍. രാഹുല്‍, റിഷബ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, അകസര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ് എന്നിവരാണ് ഇടംപിടിച്ചത്. പരിചയസമ്പത്തിനും നിലവാരത്തിനും പ്രാധാന്യം നല്‍കിയുള്ള തെരഞ്ഞെടുപ്പാണ് ശാസ്ത്രി നടത്തിയതെന്ന് ചോപ്ര അഭിപ്രായപ്പെട്ടു.

എന്നാല്‍, യശസ്വി ജെയ്‌സ്വാളിനെ ഏകദിന ടീമിലെ ഓപ്പണറായി ഉള്‍പ്പെടുത്തിയതാണ് തന്നെ ഏറ്റവും കൂടുതല്‍ അത്ഭുതപ്പെടുത്തിയതെന്ന് ചോപ്ര പറഞ്ഞു. ജെയ്‌സ്വാള്‍ മികച്ച ടെസ്റ്റ് താരമാണെങ്കിലും, ഏകദിന ക്രിക്കറ്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെച്ച മറ്റുതാരങ്ങള്‍ ഉള്ള സാഹചര്യത്തില്‍ ഈ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്യപ്പെടുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.

റിഷബ് പന്തിന്റെ തെരഞ്ഞെടുപ്പിനെയും ചോപ്ര ചോദ്യം ചെയ്തു. നിലവിലെ ഫോമിന്റെ അടിസ്ഥാനത്തില്‍ ഇഷാന്‍ കിഷന് കൂടുതല്‍ മുന്‍ഗണന ലഭിക്കേണ്ട സാഹചര്യമാണുള്ളതെന്നും, അത്തരമൊരു സാഹചര്യത്തില്‍ പന്തിനെ എങ്ങനെ ടീമില്‍ ഉള്‍പ്പെടുത്തുമെന്നത് വിശദീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബൗളിങ് നിരയില്‍ ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും സ്വാഭാവിക തെരഞ്ഞെടുപ്പുകളാണെന്ന് ചോപ്ര അഭിപ്രായപ്പെട്ടു. എന്നാല്‍ മുഹമ്മദ് ഷമിയെയും ഭുവനേശ്വര്‍ കുമാറിനെയും 2027 ലോകകപ്പ് ടീമിലേക്ക് പരിഗണിച്ചത് അപ്രതീക്ഷിതമായ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി ഇരുവരെയും തിരിച്ചുവിളിക്കാന്‍ സാധ്യത കുറവാണെന്നും ചോപ്ര വിലയിരുത്തി.

ടീമില്‍ ഒരു ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ പോലും ഇല്ലാത്തത് വലിയ പോരായ്മയാണെന്നും ചോപ്ര ചൂണ്ടിക്കാട്ടി. ആധുനിക ഏകദിന ക്രിക്കറ്റില്‍ വ്യത്യസ്ത ആംഗിളുകളില്‍ പന്തെറിയാന്‍ കഴിയുന്ന ഇടംകൈയന്‍ പേസര്‍മാരുടെ സാന്നിധ്യം നിര്‍ണായകമാണെന്നും, അതിനാല്‍ ഭാവി ലോകകപ്പ് പദ്ധതിയില്‍ അത്തരമൊരു ബൗളറെ ഉള്‍പ്പെടുത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Content Highlight: Former Indian player and cricket analyst Aakash Chopra has assessed the 15-member squad selected by former India coach Ravi Shastri

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more