2026 ടി-20 ലോകകപ്പ് ഫൈനലിനൊരുങ്ങുകയാണ് ഇന്ത്യ. ഇപ്പോള്‍ ടീമിലെ മിന്നും താരം സഞ്ജു സാംസണെ പ്രശംസിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സദഗോപന്‍ രമേശ്. സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ സൂുപ്പര്‍ 8 മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ ടീമില്‍ സഞ്ജുവിനെ തിരിച്ചെത്തിക്കുമോ എന്ന പത്രസമ്മേളനത്തിലെ ചോദ്യത്തിന് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് സഞ്ജുവിനെ ആക്ഷേപിച്ച് ചിരിച്ച് തള്ളിയിരുന്നു.
സഞ്ജുവിന് പകരം ആരെയാണ് ഒഴിവാക്കേണ്ടതെന്നും അഭിഷേകിനെയാണോ തിലകിനെയാണോ മാറ്റേണ്ടത് എന്ന് പറഞ്ഞ് ചിരിക്കുകയായിരുന്നു സൂര്യ. എന്നാല്‍ അതേ സൂര്യ സഞ്ജുവിനെ സല്യൂട്ട് ചെയ്യാന്‍ നിര്‍ബന്ധിതനായെന്ന് രമേശ് പറഞ്ഞു. മാത്രമല്ല ഇന്ത്യ ഫൈനലിലെത്താന്‍ കാരണം സഞ്ജുവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘സഞ്ജുവിന് കളിക്കാന്‍ കഴിയുമോ എന്ന് പത്രസമ്മേളനത്തില്‍ ചോദിച്ചപ്പോള്‍ സൂര്യകുമാര്‍ പരിഹാസത്തോടെ ചോദിച്ചു, ‘അഭിഷേകോ തിലകോ ആരെയാണ് പകരം വെയ്ക്കാന്‍ കഴിയുക?’ എന്നാല്‍ ഇപ്പോള്‍ സാംസണ്‍ അതേ സൂര്യയെ തന്നെ വണങ്ങി സല്യൂട്ട് ചെയ്യാന്‍ നിര്‍ബന്ധിതനായി. ഇന്ത്യ ഫൈനലില്‍ എത്താനുള്ള പ്രധാന കാരണം സഞ്ജുവാണ്,’ സദഗോപന്‍ രമേശ് യൂട്യൂബില്‍ നടന്ന ഒരു ചര്‍ച്ചയില്‍ പറഞ്ഞു.
ലോകകപ്പിലെ നിര്‍ണായകമായ ‘ക്വാര്‍ട്ടര്‍ ഫൈനലില്‍’ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഓപ്പണ്‍ ചെയ്യാന്‍ അവസരം ലഭിച്ചപ്പോള്‍ സഞ്ജു ആളിക്കത്തുകയായിരുന്നു. കരീബിയന്‍ പടയ്ക്കെതിരെ 50 പന്തില്‍ പുറത്താകാതെ 97* റണ്‍സ് നേടി വമ്പന്‍ പ്രകടനമായിരുന്നു സഞ്ജു കാഴ്ചവെച്ചത്. 194.00 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശിയ സഞ്ജു നാല് സിക്സറും 12 ഫോറുമായിരുന്നു ഗാലറിയിലേക്ക് അടിച്ചിട്ടത്. മത്സരം ഫിനിഷ് ചെയ്തതും സഞ്ജുവായിരുന്നു. മൂന്ന് റണ്‍സിന് സെഞ്ച്വറി നഷ്ടപ്പെട്ടെങ്കിലും സെഞ്ച്വറിയോളം പോന്ന സഞ്ജുവിന്റെ ആ ഇന്നിങ്സ് ഇന്ത്യന്‍ ക്യാപ്റ്റന്‍ അടക്കം പലരുടേയും ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായി മാറി.
മാത്രമല്ല സെമി ഫൈനലിലും സഞ്ജു വമ്പന്‍ പ്രകടനം പുറത്തെടുത്ത് ഇന്ത്യയെ ഫൈനലിലെത്തിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ ഡു ഓര്‍ ഡൈ മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി 42 പന്തില്‍ എട്ട് ഫോറും ഏഴ് സിക്‌സും ഉള്‍പ്പെടെ 89 റണ്‍സ് നേടിയാണ് സഞ്ജു കൂടാരം കയറിയത്. 211.90 എന്ന മിന്നും സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു. നിര്‍ണായക ഘട്ടത്തില്‍ ബാക് ടു ബാക് ഫിഫ്റ്റി നേടിയാണ് സഞ്ജു തന്റെ പവര്‍ ഒരിക്കല്‍ക്കൂടി കാണിച്ചത്. കൂടാതെ ബാക് ടു ബാക് പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടാനും താരത്തിന് സാധിച്ചു.
അതേസമയം നാളെ നടക്കുന്ന ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരെയും സഞ്ജു മിന്നും പ്രകടനം പുറത്തെടുക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഗുജറാത്ത് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.
Content Highlight: Former Indian Playar Sadagoppan Ramesh Talking About Sanju Samson And Suryakumar Yadav