ഇന്ത്യന്‍ ഇതിഹാസ ജോഡിയായ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും ലോകകപ്പില്‍ കളിക്കുന്നതിനെക്കുറിച്ചുള്ള അഭ്യൂഹങ്ങളെക്കുറിച്ച് മുന്‍ ഇന്ത്യന്‍ പേസര്‍ ചേതന്‍ ശര്‍മ. പ്രായം ഒരു പ്രശ്‌നമായി കാണേണ്ടതില്ലെന്നും, താരങ്ങളുടെ പ്രകടനമാണ് ടീമിലേക്കുള്ള തെരഞ്ഞെടുപ്പിന് പ്രധാന മാനദണ്ഡമാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇരുവരുടെയും മികച്ച ബാറ്റിങ് ഫോം കണക്കിലെടുത്താണ് ചേതന്‍ ശര്‍മയുടെ പ്രതികരണം. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ചേതന്‍.
‘അവര്‍ക്ക് റണ്‍സ് നേടാന്‍ കഴിയുന്നു, ഫിറ്റ്‌നസുമുണ്ട്. പിന്നെ എന്തുകൊണ്ട് കളിക്കാന്‍ പാടില്ല? എല്ലാവരോടും ഞാന്‍ ഇതാണ് ചോദിക്കുന്നത്. ആളുകള്‍ പറയുന്ന ഒട്ടുമിക്ക കാര്യങ്ങളും എനിക്ക് മനസിലാകും. രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും ഇന്ത്യന്‍ ക്രിക്കറ്റിന്റെ ‘കോഹിനൂര്‍’ രത്‌നങ്ങളാണ്. പ്രായം ഒരു നമ്പര്‍ മാത്രമാണ്. അവര്‍ മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കില്‍ പിന്നെ എന്തുകൊണ്ട് കളിക്കാന്‍ പാടില്ല? രോഹിത് അടുത്തിടെ സെഞ്ച്വറി നേടി. വിരാട് എല്ലാ മത്സരങ്ങളിലും റണ്‍സ് നേടിക്കൊണ്ടിരിക്കുന്നു. പിന്നെ എന്താണ് പ്രശ്‌നം?
നമുക്കായി മത്സരങ്ങള്‍ വിജയിപ്പിക്കാന്‍ കഴിയുന്ന താരങ്ങളെയാണ് വേണ്ടത്. അത് ചെയ്യാന്‍ ഇരുവര്‍ക്കും കഴിയും. ഇന്ത്യയ്ക്കായി അവര്‍ ബാറ്റ് ചെയ്യാനെത്തുന്നതും ടീമിനെ വിജയിപ്പിക്കുന്നതും കാണാന്‍ എനിക്ക് വളരെ ഇഷ്ടമാണ്. ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷം രോഹിത് നമുക്ക് ഒരു ട്രോഫി നേടിത്തന്നു. 17 വര്‍ഷത്തിന് ശേഷം ഇന്ത്യയെ രണ്ടാം ടി-20 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചത് അദ്ദേഹമാണ്. അതിന് നമ്മള്‍ അദ്ദേഹത്തോട് നന്ദിയുള്ളവരായിരിക്കണം. മറ്റുള്ളവര്‍ പറയുന്ന കാര്യങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടതില്ല,’ ചേതന്‍ ശര്‍മ പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ നിര്‍ണായക മത്സരത്തില്‍ 110 പന്തില്‍ 138 റണ്‍സ് നേടിയ രോഹിത് നിലവില്‍ മികച്ച ഫോമിലാണ്. അതേസമയം, ഈ വര്‍ഷം ഏകദിനത്തില്‍ കോഹ്‌ലിയും മികച്ച സ്ഥിരതയാണ് കാഴ്ചവെച്ചത്. ആറ് മത്സരങ്ങളില്‍ നിന്ന് 64 എന്ന ശരാശരിയില്‍ 384 റണ്‍സാണ് താരം നേടിയത്. 106.67 സ്‌ട്രൈക്ക് റേറ്റും അദ്ദേഹത്തിനുണ്ട്.
ഏകദിന ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ കോഹ്‌ലി രണ്ടാം സ്ഥാനത്തും രോഹിത് മൂന്നാം സ്ഥാനത്തുമാണ് നിലയുറപ്പിച്ചിട്ടുള്ളത്. കോഹ്‌ലി 1,795 റണ്‍സും രോഹിത് 1,575 റണ്‍സുമാണ് തങ്ങളുടെ അക്കൗണ്ടിലേക്ക് അടിച്ചു കയറ്റിയത്. മൊത്തം ഏകദിന റണ്‍സിലും ഇന്ത്യന്‍ താരങ്ങളില്‍ കോഹ്‌ലി രണ്ടാമതും രോഹിത് മൂന്നാമതുമാണ്. കോഹ്‌ലി 14,941 റണ്‍സും രോഹിത് 11,895 റണ്‍സുമാണ് നേടിയിട്ടുള്ളത്.
നിലവില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്ക് തയ്യാറെടുക്കുകയാണ് ഇരുവരും. മൂന്ന് മത്സരങ്ങള്‍ അടങ്ങിയ പരമ്പരയില്‍ റോ-കോ കൂട്ടുകെട്ടില്‍ നല്ലൊരു മത്സരം പിറവിയെടുക്കാനുള്ള സാധ്യതകള്‍ ഏറെയാണ്.
സെപ്റ്റംബര്‍ 27 ന് ആരംഭിക്കുന്ന പരമ്പരയിലെ ആദ്യ മത്സരം തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് നടക്കുന്നത്. രണ്ടാം മത്സരം സെപ്റ്റംബര്‍ 30ന് ഗുവാഹത്തിയിലെ ബര്‍സാപാര ക്രിക്കറ്റ് സ്റ്റേഡിയത്തിലും, മൂന്നാം മത്സരം ഒക്ടോബര്‍ 3 ന് ന്യൂ ചണ്ഡീഗഢ് മഹാരാജ യാദവീന്ദ്ര സിങ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലും നടക്കും.
വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ഇന്ത്യന്‍ സ്‌ക്വാഡ്
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്ലി, ഋതുരാജ് ഗെയ്ക്വാദ്, കെ.എല്‍. രാഹുല്‍, ധ്രുവ് ജുറേല്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍നൂര്‍ ബ്രാര്‍, മുഹമ്മദ് സിറാജ്, ആഖിബ് നബി, യശസ്വി ജെയ്‌സ്വാള്‍, നമന്‍ ധീര്‍.
Content Highlight: Former Indian Pacer Chetan Sharma Talking About Rohit Sharma And Virat Kohli