| Tuesday, 21st July 2026, 8:48 pm

അക്കാര്യത്തില്‍ ഇംഗ്ലണ്ടിനെ കണ്ടുപഠിക്കണം; രോഹിത്തിന്റെയും വിരാടിന്റെയും കാര്യത്തില്‍ ഇന്ത്യയോട് മുന്‍ താരം

ആദർശ് എം.കെ.

തുടര്‍ച്ചയായ തോല്‍വികളില്‍ ഉഴറുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. അയര്‍ലാന്‍ഡിനോടും ഇംഗ്ലണ്ടിനോടും ടി-20 പരമ്പര നാണംകെട്ട് തോറ്റ ഇന്ത്യ, ഏകദിന പരമ്പരയില്‍ പൊരുതിത്തോല്‍ക്കുകയും ചെയ്തു.

ഇപ്പോള്‍ പരമ്പരയില്‍ ഇന്ത്യ വരുത്തിയ തെറ്റുകള്‍ ചൂണ്ടിക്കാട്ടുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ സദഗോപന്‍ രമേശ്. ഇന്ത്യ വിരാട് കോഹ്‌ലിയെയും രോഹിത് ശര്‍മയെയും സ്വാതന്ത്ര്യത്തോടെ കളിക്കാന്‍ അനുവദിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് അദ്ദേഹം അഭിപ്രായം വ്യക്തമാക്കിയത്.

സദഗോപന്‍ രമേശ്

‘രോഹിത്തിനും വിരാടിനും പൂര്‍ണ സ്വാതന്ത്ര്യത്തോടെ കളിക്കാന്‍ മാനേജ്മെന്റ് അവസരം നല്‍കേണ്ട സമയമായിരിക്കുന്നു, നിലവില്‍ ഏകദിന ബാറ്റിങ് റാങ്കിങ്ങിലെ ആദ്യ അഞ്ചില്‍ അവര്‍ ഉണ്ടെന്ന കാര്യം നിങ്ങളൊരിക്കലും മറക്കരുത്.

രോഹിത്തും വിരാടും

അതേസമയം, ഇംഗ്ലണ്ട് ജോ റൂട്ടിന് എത്രത്തോളം സ്വാതന്ത്ര്യം നല്‍കുന്നുണ്ടെന്ന് നോക്കൂ. യാതൊരു സമ്മര്‍ദവുമില്ലാതെ കളിക്കാന്‍ അനുവദിച്ചുകൊണ്ട് അദ്ദേഹത്തിന്റെ മികച്ച പ്രകടനം പുറത്തെടുക്കാനാണ് അവര്‍ ശ്രമിക്കുന്നത്.

ഇംഗ്ലണ്ട് റൂട്ടിനെ തങ്ങളുടെ വലിയ കരുത്തായി കാണുമ്പോള്‍, രോഹിത്തിനെയും വിരാടിനെയും ഇരട്ടി കരുത്തായി കാണേണ്ട ഇന്ത്യ പക്ഷേ അങ്ങനെ ചെയ്യുന്നില്ല,’ അദ്ദേഹം പറഞ്ഞു.

ജോ റൂട്ട്

പരമ്പരയില്‍ ഇന്ത്യ വരുത്തിയ മറ്റ് പിഴവുകളെ കുറിച്ചും അദ്ദേഹം നേരത്തെ വിമര്‍ശനമുന്നയിച്ചിരുന്നു. ടീമില്‍ ബുംറയില്ലാത്ത സാഹചര്യത്തില്‍ പോലും സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവിന് അവസരം നല്‍കാത്തതിന് എന്ത് യുക്തിയാണുള്ളതെന്നും, ഇന്ത്യന്‍ മാനേജ്മെന്റ് ഗുരുതരമായ പിഴവുകള്‍ വീണ്ടും ആവര്‍ത്തിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഇംഗ്ലണ്ട് മൂന്ന് സ്പിന്നര്‍മാരെ കളിപ്പിച്ചിരുന്നു. പിച്ചും വരണ്ടതായിരുന്നു. എന്നിട്ടും ബുംറ ഇല്ലാത്ത സാഹചര്യത്തില്‍ പോലും കുല്‍ദീപ് യാദവിന് ഈ ബൗളിങ് നിരയില്‍ ഇടം നല്‍കാത്തത് എന്ത് യുക്തിയാണ്?

ടീം തെരഞ്ഞെടുപ്പിലും പ്ലെയിങ് ഇലവനെ തീരുമാനിക്കുന്നതിലും ഈ മാനേജ്മെന്റ് തുടര്‍ച്ചയായി ഗുരുതരമായ പിഴവുകള്‍ വീണ്ടും ആവര്‍ത്തിക്കുകയാണ്,’ സദഗോപന്‍ രമേശ് ചൂണ്ടിക്കാട്ടി.

ഇന്ത്യൻ ടീം. Photo: BCCI/x.com

മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ 2-1നാണ് ഇന്ത്യ പരാജയപ്പെട്ടത്. ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിന്റെ മികച്ച വിജയം നേടി ഇന്ത്യ പരമ്പരയില്‍ ലീഡ് നേടിയിരുന്നു. കാര്‍ഡിഫിലെ രണ്ടാം ഏകദിനത്തില്‍ ജോ റൂട്ടിന്റെ കരുത്തില്‍ ആതിഥേയര്‍ പരമ്പരയിലൊപ്പമെത്തുകയും ചെയ്തു.

റണ്ണൊഴുകിയ ലോര്‍ഡ്‌സിലെ സീരീസ് ഡിസൈഡര്‍ മത്സരത്തില്‍ 27 റണ്‍സിനാണ് ആതിഥേയര്‍ വിജയിച്ചുകയറിയത്. ഇരു ടീമുകളില്‍ നിന്നും ഓരോ സെഞ്ച്വറിയും രണ്ട് വീതം അര്‍ധ സെഞ്ച്വറിയും പിറന്നപ്പോള്‍ മിഡില്‍ ഓര്‍ഡറും സ്‌കോര്‍ ബോര്‍ഡിലേക്ക് സംഭാവന ചെയ്തതാണ് ഇംഗ്ലണ്ടിന്റെ വിജയത്തില്‍ നിര്‍ണായകമായത്.

Content highlight: Former Indian opener Sadagopan Ramesh slams  management after ENG vs IND 2026 ODIs

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more