2026 ദുലീപ് ട്രോഫിയില്‍ ഈസ്റ്റ് സോണിന്റെ വൈസ് ക്യാപ്റ്റനായി ചുമതലയേറ്റിരിക്കുകയാണ് വൈഭവ് സൂര്യവംശി. ഇപ്പോള്‍ താരത്തെ വൈസ് ക്യാപ്റ്റനായി നിയമിച്ചതില്‍ പ്രതികരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം പ്രവഞ്ജന്‍ മുല്ലിക്. ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ വൈഭവിന് ലഭിച്ച മികച്ച അവസരമാണിതെന്നും ഒരുദിവസം വൈഭവ് ഇന്ത്യയുടെ ക്യാപ്റ്റനായി മാറുമെന്ന പ്രതീക്ഷയോടെയാണ് തങ്ങള്‍ കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ക്രിക്ബസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ദുലീപ് ട്രോഫിയില്‍ വൈസ് ക്യാപ്റ്റനെന്ന ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ വൈഭവിന് ലഭിച്ച മികച്ച അവസരമാണിത്. ആര്‍ക്കറിയാം? ഒരുദിവസം അവന്‍ ഇന്ത്യയുടെ ക്യാപ്റ്റനായി മാറുമെന്ന പ്രതീക്ഷയോടെയാണ് ഞങ്ങള്‍ കാത്തിരിക്കുന്നത്. വൈസ് ക്യാപ്റ്റന്‍സി നല്‍കാന്‍ പിന്നിലെ ചിന്തയും അതുതന്നെയാണ്,’ പ്രവഞ്ജന്‍ മുല്ലിക് പറഞ്ഞു.
ഇഷാന്‍ കിഷനും വൈഭവ് സൂര്യവംശിയും
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി എട്ട് മത്സരങ്ങളിലെ 12 ഇന്നിങ്‌സില്‍ നിന്ന് 207 റണ്‍സാണ് വൈഭവ് ഇതുവരെ നേടിയത്. 17.25 ആവറേജില്‍ റണ്‍സ് സ്‌കേര്‍ ചെയ്ത വൈഭവ് ഫോര്‍മാറ്റില്‍ ഒരു അര്‍ധ സെഞ്ച്വറി മാത്രമാണ് നേടിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ പരിചയസമ്പന്നത നേടേണ്ട ഘട്ടത്തിലാണ് 15കാരനെ വൈസ് ക്യാപ്റ്റനായി നിയമിച്ചത്.
ഓഗസ്റ്റ് 23 മുതലാണ് ദുലീപ് ട്രോഫി പോരാട്ടങ്ങള്‍ക്ക് തുടക്കമാവുന്നത്. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ നയിക്കുന്ന ഈസ്റ്റ് സോണിന്റെ ഓപ്പണറായിട്ടാകും വൈഭവ് കളത്തിലിറങ്ങുന്നതെന്നാണ് പ്രതീക്ഷ.
അതേസമയം സിംബാബ്‌വേക്കെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയില്‍ മികച്ച പ്രകടനമായിരുന്നു വൈഭവ് പുറത്തെടുത്തത്. പരമ്പരയിലെ താരവും വൈഭവ് തന്നെയായിരുന്നു. മൂന്ന് മത്സരങ്ങളില്‍ നിന്നും രണ്ട് അര്‍ധ സെഞ്ച്വറി അടക്കം 151 റണ്‍സാണ് വൈഭവ് നേടിയത്.
വൈഭവ് സൂര്യവംശി. Photo: BCCI/x.com
അതേസമയം ദുലീപ് ട്രോഫിക്കുള്ള ഈസ്റ്റ് സോണിന്റെ ടീമില്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയും ഇടം നേടിയിട്ടുണ്ട്. 2025 ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ഷമി പിന്നീട് ഇന്ത്യന്‍ ടീമിന് വേണ്ടി കളിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ആഭ്യന്തര ടൂര്‍ണമെന്റിലൂടെ മിന്നും പ്രകടനം നടത്തി വീണ്ടും ടീമിലേക്ക് തിരിച്ചെത്താനായിരിക്കും ഷമിയുടെ ലക്ഷ്യം.
അഭിമന്യു ഈശ്വരന്‍, സുദീപ് കുമാര്‍ ഘരാമി, ഷഹബാസ് അഹമ്മദ്, സൂരജ് സിന്ധു ജയ്‌സ്വാള്‍, മുഹമ്മദ് ഷമി, മുകേഷ് കുമാര്‍, ഇഷാന്‍ കിഷന്‍ (ക്യാപ്റ്റന്‍), കുമാര്‍ കുശാഗ്ര, ശിഖര്‍ മോഹന്‍, അനുകുല്‍ റോയ്, വിരാട് സിങ്, ശുഭ്രന്‍ശു സേനാപതി, വൈഭവ് സൂര്യവംശി (വൈസ് ക്യാപ്റ്റന്‍), ഡെനിഷ് ദാസ്, അഭിജിത് സര്‍ക്കാര്‍.
സ്റ്റാന്‍ഡ് ബൈ
ആയുഷ് ലോഹറുക, ശ്രീദം പോള്‍, സാംബിത് എസ് ബറാല്‍, ശരണ്‍ദീപ് സിങ്, സ്വസ്തിക് സമല്‍.
Content Highlight: Former Indian Cricketer Pravanjan mullick Talking About Vaibhav Sooryavanshi