| Friday, 2nd October 2026, 2:34 pm

എല്ലാ തുടക്കക്കാരെയും വെച്ച് കളിക്കരുത്, അത് അവരുടെ കരിയർ നശിപ്പിക്കും; ഗില്ലിന് മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം

അഞ്ജലി പി.കെ.

വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ശുഭ്‌മൻ ഗില്ലിന്റെ ക്യാപ്റ്റൻസിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് . ഇന്ത്യ ഇതിനകം 2-0 ന് പരമ്പര തൂത്തുവാരി. എന്നിരുന്നാലും ക്യാപ്റ്റനെന്ന നിലയിൽ ശുഭ്‌മൻ ഗിൽ ഇപ്പോഴും പഠന ഘട്ടത്തിലാണ്. ടീമിൽ കൂടുതൽ പരിചയസമ്പന്നരായ ബൗളർമാരെ ആവശ്യമാണ്.

മുഹമ്മദ് കൈഫ്, Photo:Cricket Central/x.com

രണ്ടാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസ് 405 റൺസ് നേടിയപ്പോൾ, ഫ്ലാറ്റ് പിച്ചുകൾ ഒരു കാരണമായി ഉപയോഗിക്കാനാവില്ലെന്നും പരിചയസമ്പന്നരും യുവ ബൗളർമാരും ടീമിൽ ഉണ്ടെങ്കിൽ ശരിയായ സന്തുലിതാവസ്ഥ കണ്ടെത്താൻ ഗിൽ ശ്രമിക്കേണ്ടതുണ്ടെന്നും കൈഫ് പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു മുൻ താരം.

‘അവന് ഇതെല്ലാം മനസ്സിലാക്കാൻ കഴിയാത്തത് സങ്കടപെടുത്തുന്ന കാര്യമാണ്. ആരാണ് അവന് ഉപദേശങ്ങൾ നൽകുന്നതെന്ന് എനിക്കറിയില്ല. അവൻ ഇപ്പോഴും ക്യാപ്റ്റൻസി പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് ആദ്യം അംഗീകരിക്കണം. അതുകൊണ്ടാണ് പരിചയസമ്പന്നരായ ബൗളർമാരുടെ ആവശ്യം വരുന്നത്. അത് ഇല്ലാത്തതുകൊണ്ടാണ് ക്യാപ്റ്റൻസിയിലെ പോരായ്മകൾ പുറത്തുവരുന്നത്.

ഫ്ലാറ്റ് പിച്ചുകളുടെ ഒഴിവ് കഴിവ് പറഞ്ഞ് നിങ്ങൾക്ക് ഒരു നല്ല ക്യാപ്റ്റനാകാൻ കഴിയില്ല. ഫ്ലാറ്റ് പിച്ചുകൾ എപ്പോഴും ഉണ്ടാകും. ശുഭ്മൻ ഗിൽ ഇവിടെ ബുദ്ധിപൂർവ്വം പ്രവർത്തിക്കുകയും പരിചയസമ്പന്നരും യുവനിരയിലുള്ളതുമായ ബൗളർമാരുടെ ഒരു കോമ്പിനേഷൻ ടീമിൽ കൊണ്ടുവരികയും വേണം.

നബിയ്ക്ക് പരിക്കേറ്റാൽ ഗുർണൂരിന് എങ്ങനെ അദ്ദേഹത്തെ സഹായിക്കാനാകും? ഒരു സീനിയർ ബൗളർക്ക് മാത്രമേ യുവ ബൗളർമാരെ വഴിനടത്താൻ കഴിയൂ. എല്ലാ തുടക്കക്കാരെയും  മാത്രം നിങ്ങൾക്ക് കളിക്കാൻ കഴിയില്ല. അത് ആ യുവ ബൗളർമാരുടെ കരിയറിനെത്തന്നെയാണ് നശിപ്പിക്കുന്നത്,’ കൈഫ് വ്യക്തമാക്കി.

ശുഭ്‌മൻ ഗില്ലിന് കരിയറിൻ്റെ തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ സ്ഥാനം ലഭിച്ചിട്ടുണ്ടെന്നും സൗരവ് ഗാംഗുലി, എം.എസ്. ധോണി, വിരാട് കോഹ്‌ലി, രോഹിത് ശർമ എന്നിവരെപ്പോലുള്ളവരെ അപേക്ഷിച്ച് അദ്ദേഹത്തെ പിന്തുണയ്ക്കാൻ വേണ്ടത്ര മുതിർന്ന കളിക്കാരില്ലെന്നും കൈഫ് കൂട്ടിച്ചേർത്തു. ഫ്ലാറ്റ് ട്രാക്കുകളിൽ പോലും മികച്ച പ്രകടനം കാഴ്‌ചവയ്ക്കാൻ കഴിയുന്ന ഒരു മികച്ച ബൗളിങ് കോമ്പിനേഷൻ കണ്ടെത്തിയില്ലെങ്കിൽ ഗില്ലിൻ്റെ ക്യാപ്റ്റൻസി കരിയർ അധികകാലം നിലനിൽക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

ശുഭ്‌മൻ ഗിൽ

‘ഗിൽ വളരെ ചെറുപ്പക്കാരനായ ഒരു ക്യാപ്റ്റനാണ്. മറ്റ് പരിചയസമ്പന്നരായ ക്യാപ്റ്റന്മാരെയോ മുതിർന്ന കളിക്കാരെയോ എടുത്തുനോക്കിയാൽ, ഏകദിന ടീമിന്റെ നായകസ്ഥാനം ലഭിക്കുമ്പോഴേക്കും അവർ ധാരാളം മത്സരങ്ങൾ കളിച്ച് പരിചയസമ്പന്നരായിരുന്നു. എന്നാൽ ഗില്ലിനെ സംബന്ധിച്ച് ഈ മാറ്റം വളരെ നേരത്തെ സംഭവിച്ചുപോയി. മറ്റ് ക്യാപ്റ്റന്മാർക്ക് മുതിർന്ന കളിക്കാരുടെ വലിയ പിന്തുണ ഉണ്ടായിരുന്നുവെങ്കിൽ, ഗില്ലിന് അത്തരം ഒരു പിന്തുണ പറയത്തക്ക രീതിയിൽ ലഭിക്കുന്നില്ല. അദ്ദേഹം ഇതിനെക്കുറിച്ച് കാര്യമായി ചിന്തിക്കേണ്ടതുണ്ട്.

ക്യാപ്റ്റൻസി പഠിച്ചു വരുന്ന ഒരു യുവ നായകനും അനുഭവസമ്പത്തില്ലാത്ത ബൗളിങ് നിരയും ചേരുന്നത് മോശം കോമ്പിനേഷനാണ്. പിച്ച് ഫ്ലാറ്റ് ആണെങ്കിലും റൺസ് നിയന്ത്രിക്കാൻ പരിചയസമ്പന്നരായ സീനിയർ ബൗളർമാർ ആവശ്യമാണ്. സീനിയർ താരങ്ങളുടെ പിന്തുണയില്ലെങ്കിൽ റൺസ് ഒഴുകുമ്പോൾ എന്ത് ചെയ്യണമെന്ന് അറിയാതെ ഗില്ലിന്റെ കരിയർ തന്നെ പ്രതിസന്ധിയിലാകും,’ അദ്ദേഹം പറഞ്ഞു.

2026 ലെ ഏഷ്യൻ ഗെയിംസിലേക്ക് ജസ്പ്രീത്‌ ബുംറ ഉൾപ്പെട്ടതിനാൽ യുവ പേസർമാരെ നയിക്കാൻ കഴിയുന്ന മുതിർന്ന കളിക്കാരുടെ അഭാവം ഇന്ത്യയുടെ പേസ് ബൗളിങ് ആക്രമണത്തിനുണ്ട് മൂന്നാം ഏകദിനത്തിന് മുന്നോടിയായി പ്രസിദ്ധ് കൃഷ്ണ‌ പുറത്തായതോടെ, അൻഷുൽ കംബോജ് അദ്ദേഹത്തിന് പകരം ടീമിൽ ഇടം നേടി, അതേസമയം മുഹമ്മദ് ഷാമി, ഭുവനേശ്വർ കുമാർ തുടങ്ങിയ പരിചയസമ്പന്നർ ഇപ്പോഴും ടീമിലില്ലാത്തത് തിരിച്ചടിയാണ്.

Content Highlights: Former Indian cricketer Mohammad Kaif spoke openly about key factors to keep in mind regarding Shubman Gill’s captaincy in the ODI series against the West Indies

അഞ്ജലി പി.കെ.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്നി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദവും മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദവും നേടി.

Latest Stories

We use cookies to give you the best possible experience. Learn more