| Sunday, 20th September 2026, 7:15 pm

സിക്‌സുകൾ നേടാനുള്ള അവന്റെ കഴിവ് സ്വന്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു; സൂര്യകുമാർ യാദവ്

അഞ്ജലി പി.കെ.

360 ഡിഗ്രി ഷോട്ടുകളിലൂടെ ഇന്ത്യൻ ക്രിക്കറ്റിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് മുൻ ഇന്ത്യൻ ടി-20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. മറ്റൊരു ക്രിക്കറ്റ് താരത്തിന്റെ ഒരു കഴിവ് സ്വന്തമാക്കാൻ അവസരം ലഭിച്ചാൽ ആരുടെ കഴിവായിരിക്കും തെരഞ്ഞെടുക്കുകയെന്ന ചോദ്യത്തിന് സൂര്യ നൽകിയ മറുപടി ആരാധകർക്കിടയിൽ ശ്രദ്ധേയമായിരിക്കുകയാണ്.

രോഹിത് ശർമ, വിരാട് കോഹ്‌ലി തുടങ്ങിയ ആധുനിക ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളെ മറികടന്നാണ് സൂര്യ തന്റെ തെരഞ്ഞെടുപ്പ് നടത്തിയത്. യുവതാരം വൈഭവ് സൂര്യവംശിയുടെ സിക്‌സർ നേടാനുള്ള മികവാണ് താൻ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നതെന്നാണ് സൂര്യകുമാർ യാദവ് വ്യക്തമാക്കിയത്.

ഹ്യൂമൻസ് ഓഫ് ബോംബെ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സൂര്യകുമാർ യാദവ്.

‘ഒരു യുവതാരമുണ്ട്, അദ്ദേഹത്തിന്റെ പേര് നിങ്ങൾ കേട്ടിട്ടുണ്ടാകുമല്ലോ. വൈഭവ് സൂര്യവംശി. തീർച്ചയായും, അദ്ദേഹത്തിന്റെ സിക്‌സുകൾ നേടാനുള്ള കഴിവാണ് ഞാൻ തിരഞ്ഞെടുക്കുക,’ യാദവ് പറഞ്ഞു.

ഈ വർഷം ഇന്ത്യയെ അണ്ടർ 19 ലോകകപ്പ് കിരീടത്തിലേക്ക് നയിക്കുന്നതിൽ നിർണായക പങ്കുവഹിച്ച യുവതാരമാണ് വൈഭവ്. 2026ലെ ഇന്ത്യൻ പ്രീമിയർ ലീഗിലും ഒരുപിടി ചരിത്ര നേട്ടവും ഈ 15 കാരൻ സ്വന്തമാക്കിട്ടുണ്ട്.

വൈഭവ് സൂര്യവംശി.Photo: espncricinfo.com

ടൂർണമെന്റിൽ 776 റൺസുമായി ഓറഞ്ച് ക്യാപ് നേടിയ സൂര്യവംശി, ഒരു സീസണിൽ ഏറ്റവും കൂടുതൽ സിക്‌സുകൾ നേടുന്ന താരമെന്ന റെക്കോഡും നേടി. 72 സിക്‌സുകളാണ് താരം അടിച്ചുകൂട്ടിയത്.

അനായാസം ഗ്യാലറിയുടെ മുകളിലൂടെ സിക്‌സുകൾ നേടി ആരാധകരുടെയും സഹതാരങ്ങളുടെയും ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് സൂര്യവംശി.

അഭിമുഖത്തിനിടെ താൻ നേരിട്ടതിൽ ഏറ്റവും പ്രയാസമേറിയ ബൗളർ ആരാണെന്നും സൂര്യകുമാർ വെളിപ്പെടുത്തി. മുംബൈ ഇന്ത്യൻസിലെയും ഇന്ത്യൻ ടീമിലെയും സഹതാരമായ ജസ്പ്രീത് ബുംറയെയാണ് സൂര്യ ഏറ്റവും പ്രയാസമേറിയ ബൗളറായി തെരഞ്ഞെടുത്തത്.

‘അത് എന്റെ ടീമിൽ തന്നെയുള്ള ബുംറയാണ്,’ എന്നായിരുന്നു സൂര്യയുടെ പ്രതികരണം.

Content Highlight: Former Indian captain Suryakumar Yadav talks about Vaibhav Suryavanshi

അഞ്ജലി പി.കെ.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്നി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദവും മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദവും നേടി.

We use cookies to give you the best possible experience. Learn more