ഇന്ത്യന്‍ സൂപ്പര്‍ താരം രോഹിത് ശര്‍മയെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ അസിസ്റ്റന്റ് കോച്ച് അഭിഷേക് നായര്‍. രോഹിത് ശര്‍മയുടെ ഫിറ്റ്‌നസിനെക്കുറിച്ചും 2011ല്‍ ഒരു വാര്‍ത്താ ചാനല്‍ അദ്ദേഹത്തെ ബോഡി ഷെയിം ചെയതതിനെക്കുറിച്ചും അഭിഷേക് നായര്‍ തുറന്ന് പറഞ്ഞു. താനും രോഹിത്തും തമ്മില്‍ പലപ്പോഴും തര്‍ക്കമുണ്ടാകുമായിരുന്നുവെന്നും പരിശീലനം നടത്തേണ്ട സമയത്ത് അദ്ദേഹം കൂടുതലും തന്റെ കഴിവിനെ ആശ്രയിച്ചായിരുന്നു കളിച്ചിരുന്നതെന്നും അഭിഷേക് നായര്‍ പറഞ്ഞു.
എന്നാല്‍ ഒരു വാര്‍ത്താ ചാനല്‍ രോഹിത്തിന്റെ വയറിന് ചുറ്റും വട്ടമിട്ട് ഒരു ചിത്രം പ്രസിദ്ധീകരിച്ചതാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ വലിയ വഴിത്തിരിവായതെന്നും അത് രോഹിത്തിന്റെ മനസില്‍ കൊണ്ടു എന്നും അഭിഷേക് നായര്‍ കൂട്ടിച്ചേര്‍ത്തു.
‘ഞാനും അദ്ദേഹവും തമ്മില്‍ പലപ്പോഴും തര്‍ക്കമുണ്ടാകുമായിരുന്നു. കാരണം ഞാന്‍ കഠിനമായി പരിശീലനം നടത്തേണ്ട സമയത്ത് അദ്ദേഹം കൂടുതലും തന്റെ കഴിവിനെ ആശ്രയിച്ചായിരുന്നു കളിച്ചിരുന്നത്. ‘വാ, നമുക്ക് ജിമ്മില്‍ പോകാം’ എന്ന് ഞാന്‍ പറയുമ്പോള്‍, ‘വിട്, ഞാന്‍ റണ്‍സ് നേടിക്കോളാം’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ആ മനോഭാവത്തില്‍ തെറ്റൊന്നുമില്ലായിരുന്നു.
അന്ന് ഫിറ്റ്‌നസ് സംസ്‌കാരവും വിരാട് കോഹ്‌ലി എന്ന പ്രതിഭാസവും ഇന്ത്യന്‍ ക്രിക്കറ്റിനെ ഇത്രത്തോളം മാറ്റിമറിച്ചിരുന്നില്ല. എന്നാല്‍ ഒരു വാര്‍ത്താ ചാനല്‍ അദ്ദേഹത്തിന്റെ വയറിന് ചുറ്റും വട്ടമിട്ട് ഒരു ചിത്രം പ്രസിദ്ധീകരിച്ചതാണ് വഴിത്തിരിവായത്. ആ ചിത്രം അദ്ദേഹത്തിന്റെ മനസില്‍ പതിഞ്ഞു,’ ദൂരദര്‍ശനിലെ ദി ഗ്രേറ്റ് ഇന്ത്യന്‍ ക്രിക്കറ്റ് ഷോയില്‍ അഭിഷേക് നായര്‍ പറഞ്ഞു.
അടുത്തിടെ അവസാനിച്ച ഇംഗ്ലണ്ടിനെതിരായ മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരത്തില്‍ രോഹിത്തും വിരാടും മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. സെഞ്ച്വറി നേടിയാണ് രോഹിത് തിളങ്ങിയത്. 110 പന്തില്‍ 17 ഫോറുകളും അഞ്ച് സിക്സുകളും അടക്കം 138 റണ്‍സാണ് രോഹിത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. അതേസമയം വിരാട് പരമ്പരയില്‍ രണ്ട് അര്‍ധ സെഞ്ച്വറി നേടിയാണ് തിളങ്ങിയത്. രണ്ടാം ഏകദിനത്തില്‍ 65 റണ്‍സും അവസാന ഏകദിനത്തില്‍ 74 റണ്‍സുമാണ് താരം സ്വന്തമാക്കിയത്.
ഇന്ത്യയുടെ അടുത്ത പര്യടനം ന്യൂസിലാന്‍ഡിനോടാണ്. ഒക്ടോബര്‍ 22നാണ് മത്സരം ആരംഭിക്കുന്നത്. അഞ്ച് ടി-20യും അഞ്ച് ഏകദിനങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളുമാണ് ഇന്ത്യ ന്യൂസിലാന്‍ഡിനോട് കളിക്കുക. ഏകദിന മത്സരം ആരംഭിക്കുന്നത് നവംബര്‍ നാലിനാണ്. ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി വിരാടും രോഹിത്തും വലിയ തയ്യാറെടുപ്പിലാണ്.
Content Highlight: Former Indian Assistant Coach Abhishek Nayar Talking About Rohit Sharma