വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിനത്തിലെ വിജയത്തിന് പിന്നാലെ കുൽദീപ് യാദവ് പ്ലെയിങ് ഇലവനിൽ സ്ഥിരമായി പങ്കെടുക്കേണ്ടതിൻറെ ആവശ്യകത തുറന്ന് പറഞ്ഞ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര.
കുൽദീപ് യാദവിന്റെ ആ ബൗളിങ് പ്രകടനം ഇല്ലായിരുന്നെങ്കിൽ മത്സരം മറ്റൊരു വഴിക്ക് പോകാമായിരുന്നുവെന്നും ചോപ്ര കൂട്ടിച്ചേർത്തു. ക്രിക് ഇൻഫോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മുൻ ഇന്ത്യൻ താരം.
‘കുൽദീപ് യാദവിനെ ടീമിൽ കളിപ്പിക്കേണ്ടതിന്റെ ആവശ്യകത തെളിയിക്കുന്ന ഒന്നായിരുന്നു കഴിഞ്ഞ മാച്ച്. വിക്കറ്റൊന്നും പോവാതെ വെസ്റ്റ് ഇൻഡീസ് 135 റൺസ് എടുത്ത സ്ഥിതിക്ക്, ഈ കളി വേറൊരു രീതിയിലേക്ക് മാറിപ്പോയേനെ. ബാറ്റിങ്ങിന് പറ്റിയ നല്ല പിച്ചായിരുന്നു അവിടെയുണ്ടായിരുന്നത്. അങ്ങനെയൊരു സമയത്ത് കളി തിരിക്കാൻ എന്തെങ്കിലും ഒരു മാജിക് വേണമായിരുന്നു. ഒന്നുമില്ലായ്മയിൽ നിന്ന് പോലും വിക്കറ്റ് ഉണ്ടാക്കാൻ പറ്റുന്ന ഒരാളെയായിരുന്നു ആവശ്യമുണ്ടായിരുന്നത്. റിസ്റ്റ് സ്പിന്നർമാർക്ക് മാത്രമേ ആ രീതിയിൽ കളി തിരിച്ചുപിടിക്കാൻ സാധിക്കൂ.
കുൽദീപ് യാദവ്
ഇന്ത്യ കുൽദീപ് യാദവിനോട് എപ്പോഴും അത്ര നീതി കാണിച്ചിട്ടില്ല. ടീമിൽ എന്തെങ്കിലും മാറ്റം വരുത്തുമ്പോഴൊക്കെ ആദ്യം പുറത്താകുന്നത് അദ്ദേഹമായിരിക്കും. സത്യത്തിൽ, ഹർഷിത് റാണ ലഭ്യമായിരുന്നെങ്കിലോ അക്സർ പട്ടേൽ അടങ്ങുന്ന ഫുൾ സ്ട്രെങ്ത് ടീമായിരുന്നെങ്കിലോ, ഒരുപക്ഷേ കുൽദീപ് ഇപ്പോഴും ബെഞ്ചിൽ തന്നെ ഇരിക്കുമായിരുന്നു.
പക്ഷേ, ഇത്തവണ അവസരം കിട്ടിയപ്പോൾ നാല് വിക്കറ്റുകൾ വീഴ്ത്തി അദ്ദേഹം തന്റെ മൂല്യം തെളിയിച്ചു. ഈ ഒരു മത്സരത്തിൽ മാത്രമല്ല, 2027 ലോകകപ്പിനെക്കുറിച്ചും മിഡിൽ ഓവറുകളെക്കുറിച്ചും ചിന്തിക്കുമ്പോൾ അദ്ദേഹത്തെ ഒഴിവാക്കരുത് എന്നൊരു ഓർമ്മപ്പെടുത്തൽ കൂടിയായിരുന്നു ഇത്. എന്റെ അഭിപ്രായത്തിൽ, ലോകകപ്പിൽ ഇന്ത്യയുടെ വിജയസാധ്യതകൾക്ക് കുൽദീപ് ഒഴിവാക്കാനാവാത്ത ഘടകമാണ്,’ ആകാശ് ചോപ്ര വ്യക്തമാക്കി.
ഇന്നലെ (ഞായറാഴ്‌ച) തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ആദ്യ ഏകദിനത്തിൽ ഇന്ത്യ വെസ്റ്റ് ഇൻഡീസിനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി. 40 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ കുൽദീപാണ് കളിയിലെ താരം. ജോൺ കാംബെൽ (62), ജസ്റ്റിൻ ഗ്രീവ്സ് (101), ഷായ് ഹോപ്പ് (12) എന്നിവരുടെ നിർണായക വിക്കറ്റുകൾ കുൽദീപാണ് വീഴ്ത്തിയത്. ഇതോടെ 295 റൺസുമാത്രം നേടി വിൻഡീസ് പട കളം വിടുകയായിരുന്നു.
വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 296 റണ്‍സിന്റെ വിജയലക്ഷ്യം ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെയും വിരാട് കോഹ്‌ലിയുടെയും കരുത്തില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടക്കുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ മത്സരം കഴിഞ്ഞപ്പോള്‍ 1-0ന് മുമ്പിലെത്താനും ഇന്ത്യയ്ക്ക് സാധിച്ചു.
പരമ്പരയിലെ രണ്ടാം മത്സരം സെപ്റ്റംബര്‍ 30ന് ഗുവാഹത്തിയിലെ ബര്‍സാപാര ക്രിക്കറ്റ് സ്റ്റേഡിയത്തിലും, മൂന്നാം മത്സരം ഒക്ടോബര്‍ മൂന്നിന് ന്യൂ ചണ്ഡീഗഢ് മഹാരാജ യാദവീന്ദ്ര സിങ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലും നടക്കും.
Content Highlights : Former India player Aakash Chopra has expressed the need for Kuldeep Yadav to be a regular part of the playing XI