| Thursday, 24th September 2026, 2:38 pm

സി.എസ്.കെ മുഖ്യപരിശീലകൻ; സഹീർ ഖാനു മുൻപ് പരിഗണിച്ചത് ആരെ? വെളിപ്പെടുത്തലുമായി ആർ അശ്വിൻ

അഞ്ജലി പി.കെ.

അഞ്ച് തവണ ഐ.പി.എൽ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സിന്റെ  മുഖ്യപരിശീലക സ്ഥാനത്തേക്ക് മറ്റൊരു മുൻ ഇന്ത്യൻ താരത്തെ പരിഗണിച്ചിരുന്നുവെന്ന് തുറന്ന് പറഞ്ഞ് മുൻ ഇന്ത്യൻ താരം ആർ.അശ്വിൻ.

ഗുജറാത്ത് ടൈറ്റൻസിന്റെ പരിശീലകൻ ആശിഷ് നെഹ്റയെയും ചില വിദേശ പരിശീലകരെയും പരിഗണിച്ചിരുന്നുവെന്നും അശ്വിൻ പറഞ്ഞു.തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അശ്വിൻ ഇക്കാര്യം വ്യക്തമാക്കിയത്.

‘നിരവധി പരിശീലകരുമായി ചർച്ചകൾ നടന്നിരുന്നു. എനിക്ക് തെറ്റിയില്ലെങ്കിൽ, ഒരു ഘട്ടത്തിൽ നെഹ്റയും പരിഗണനയിലുണ്ടായിരുന്നു. എന്നാൽ ഗുജറാത്തിൽ തുടരാനാണ് അദ്ദേഹത്തിന് താത്പര്യം. അവിടെ നിന്ന് മാറാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല.

നെഹ്റയെ കൂടാതെ മറ്റ് രണ്ട് മുൻ ഇന്ത്യൻ താരങ്ങളെയും ചില വിദേശ പരിശീലകരെയും സമീപിച്ചിരുന്നു.എന്നാൽ പല കാരണങ്ങളാൽ ചർച്ചകൾ മുന്നോട്ട് പോയില്ല. ചിലർക്ക് ഒരു വർഷത്തെ കരാർ സ്വീകരിക്കാൻ താത്പര്യമുണ്ടായിരുന്നില്ല,’ അശ്വിൻ പറഞ്ഞു.

ഗുജറാത്ത് ടൈറ്റൻസിന്റെ പരിശീലകൻ ആശിഷ് നെഹ്റ

ദൽഹി ക്യാപിറ്റൽസിന്റെ പരിശീലകനായ ഹേമംഗ് ബദാനിയും പരിഗണനയിലുണ്ടായിരുന്നു. എന്നാൽ ജോബർഗ് സൂപ്പർ കിങ്സിന്റെ ഹെഡ് കോച്ചായി ആൽബി മോർക്കലിനെ നിയമിച്ചതോടെ ആ നീക്കം നടക്കാതെ പോവുകയായിരുന്നെന്നും അശ്വിൻ കൂട്ടിച്ചേർത്തു.

2022ൽ ഗുജറാത്ത് ടൈറ്റൻസിന്റെ ഹെഡ് കോച്ചായി നെഹ്റ ചുമതലയേറ്റത്. അരങ്ങേറ്റ സീസണിൽ തന്നെ നെഹ്റയുടെ കീഴിൽ ഗുജറാത്ത് കിരീടം കൈപിടിയിലാക്കിയിരുന്നു. 2023ലും 2026ലും ടീം ഫൈനൽ വരെ എത്തി. എന്നാൽ 2024 സീസണിൽ ഏറ്റവും മോശം പ്രകടനം നടത്തിയത് ഗുജറാത്തായിരുന്നു. അന്ന് പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്തായിരുന്നു ടീം.

2027 ഐ.പി.എൽ സീസണിന് മുന്നോടിയായിയാണ് മുൻ ഇന്ത്യൻ പേസർ സഹീർ ഖാനെ കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പർ കിങ്സ് പുതിയ പരിശീലകനായി നിയമിച്ചത്. 47കാരനായ സഹീർ ആദ്യമായാണ് ഒരു ഐ.പി.എൽ ഫ്രാഞ്ചൈസിയുടെ ഹെഡ് കോച്ചായി ചുമതലയേൽക്കുന്നത്.

നേരത്തെ മെന്ററായി മുംബൈ ഇന്ത്യൻസിലും ലഖ്‌നൗ സൂപ്പർ ജയന്റിലും പ്രവർത്തിച്ചിട്ടുള്ള സഹീർ, 2009 മുതൽ സി.എസ്‌.കെയുടെ പരിശീലകനായിരുന്ന സ്റ്റീഫൻ ഫ്ലെമിങ്ങിന്റെ പകരക്കാരനായാണ് എത്തുന്നത്.

ചെന്നൈ സൂപ്പർ കിങ്സിന്റെ മുഖ്യ പരിശീലകൻ സഹീർ ഖാൻ

ഐപിഎല്ലിൽ സി.എസ്‌.കെയ്ക്കും എസ്‌.എ 20യിൽ ജോബർഗ് സൂപ്പർ കിങ്സിനും എം.എൽ.സിയിൽ ടെക്സസ് സൂപ്പർ കിങ്സിനും ഫ്ലെമിങ് ഹെഡ് കോച്ചായിരുന്നു. 2026ലെ മേജർ ലീഗ് ക്രിക്കറ്റിൽ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ് ‘മെൻ ഇൻ യെല്ലോ’ ഫിനിഷ് ചെയ്തത്. ഇതിന് പിന്നാലെയാണ് ഫ്ലെമിങ്ങിന്റെ സിഎസ്‌കെയിലെ പരിശീലക സ്ഥാനത്തുനിന്നുള്ള പിന്മാറ്റം.

Content Highlights: Former India opener R Ashwin has revealed that Gujarat Titans coach Ashish Nehra was considered for the head coach position of Chennai Super Kings.

അഞ്ജലി പി.കെ.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്നി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദവും മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദവും നേടി.

We use cookies to give you the best possible experience. Learn more