| Saturday, 26th September 2026, 11:00 am

വിരാടിന്റെ അതെ വാശിയും ലക്ഷ്യബോധവും അവനുമുണ്ട്; തുറന്ന് പറഞ്ഞ് മുൻ ഇന്ത്യൻ ഫീൽഡിങ് പരിശീലകൻ ആർ ശ്രീധർ

അഞ്ജലി പി.കെ.

ഇന്ത്യൻ ഇതിഹാസ താരങ്ങളായ രോഹിത് ശർമയുടെയും വിരാട് കോഹ്‌ലിയുടെയും കളിക്കളത്തിലുണ്ടാക്കുന്ന ആവേശത്തെ കുറിച്ച് തുറന്ന് പറഞ്ഞ് മുൻ ഇന്ത്യൻ ഫീൽഡിങ് പരിശീലകൻ ആർ ശ്രീധർ. വിരാടിനെ പോലെ വാശിയും ലക്ഷ്യബോധവും രോഹിത്തിനുമുണ്ടെന്നും ഇരുവരുടെയും രീതികൾ വേറെ വേറെയെന്നും അദ്ദേഹം പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു ആർ ശ്രീധർ.

‘രോഹിത് വിരാടിനെപ്പോലെ തന്നെയായിരുന്നു. കാണുമ്പോൾ രോഹിത്തിന് തീവ്രതയില്ല, വളരെ കൂളാണ് എന്ന് തോന്നും. എന്നാൽ അത് തെറ്റാണ്. വിരാടിന്റെ അതേ വാശിയും ലക്ഷ്യബോധവും രോഹിത്തിനുമുണ്ട്, ചെയ്യുന്ന രീതി വേറെയാണെന്ന് മാത്രം. കളിക്കാരനേക്കാൾ ആ വ്യക്തിയെ മനസിലാക്കുകയാണ് വേണ്ടത്. കാരണം എല്ലാവരും ഒരുപോലെയല്ലല്ലോ.

അദ്ദേഹം എപ്പോഴും വെല്ലുവിളികൾ ഏറ്റെടുക്കാൻ ആഗ്രഹിക്കുന്ന ഒരു കളിക്കാരനാണ്. ഒരു പരിശീലകനെന്ന നിലയിൽ ഫീൽഡിങ് ഡ്രില്ലുകളിലും ത്രോഡൗണുകളിലും അദ്ദേഹത്തിന്റെ അതേ ആവേശത്തോടും തീവ്രതയോടും ഒപ്പം നിൽക്കുക എന്നത് പ്രധാനമായിരുന്നു. സ്വന്തം കംഫർട്ട് സോണിന് പുറത്തുള്ള കഠിനമായ പരിശീലനങ്ങളാണ് അദ്ദേഹം എപ്പോഴും ആഗ്രഹിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.

കോഹ്‌ലിയും രോഹിതും

ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റർമാരിൽ രണ്ടുപേരാണ് കോഹ്‌ലിയും രോഹിതും. ഏകദേശം 49,000 റൺസും 136 സെഞ്ച്വറിയും ഇവർക്കൊപ്പമുണ്ട്. 2014 മുതൽ 2021 വരെ ശ്രീധർ ഇന്ത്യയുടെ ഫീൽഡിങ് പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്. അപ്പോഴെല്ലാം കോഹ്‌ലി പ്രധാനമായും ടീമിനെ നയിച്ചപ്പോൾ രോഹിത് ഓപ്പണറായി ടീമിൽ നിർണായക പങ്ക് വഹിച്ചു.

നിലവില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്ക് തയ്യാറെടുക്കുകയാണ് ഇരുവരും. മൂന്ന് മത്സരങ്ങള്‍ അടങ്ങിയ പരമ്പരയില്‍ റോ-കോ കൂട്ടുകെട്ടില്‍ മികച്ച മത്സരം കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.

സെപ്റ്റംബര്‍ 27 ന് ആരംഭിക്കുന്ന പരമ്പരയിലെ ആദ്യ മത്സരം തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് നടക്കുന്നത്. രണ്ടാം മത്സരം സെപ്റ്റംബര്‍ 30ന് ഗുവാഹത്തിയിലെ ബര്‍സാപാര ക്രിക്കറ്റ് സ്റ്റേഡിയത്തിലും, മൂന്നാം മത്സരം ഒക്ടോബര്‍ 3 ന് ന്യൂ ചണ്ഡീഗഢ് മഹാരാജ യാദവീന്ദ്ര സിങ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലും നടക്കും.

വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്ലി, ഋതുരാജ് ഗെയ്ക്വാദ്, കെ.എല്‍. രാഹുല്‍, ധ്രുവ് ജുറേല്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍നൂര്‍ ബ്രാര്‍, മുഹമ്മദ് സിറാജ്, ആഖിബ് നബി, യശസ്വി ജെയ്‌സ്വാള്‍, നമന്‍ ധീര്‍.

Content Highlights: Former India fielding coach R Sridhar has spoken openly about the excitement that Indian legends Rohit Sharma and Virat Kohli create on the field. He said that Rohit has the same drive and determination as Virat and that the two have different styles

അഞ്ജലി പി.കെ.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്നി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദവും മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദവും നേടി.

Latest Stories

We use cookies to give you the best possible experience. Learn more