അഹമ്മദാബാദ്: ഗുജറാത്തിലെ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ശങ്കര്‍സിങ് വഗേല കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്താന്‍ ഒരുങ്ങുന്നു. ബി.ജെ.പി സര്‍ക്കാരിനെ ഭരണത്തില്‍ നിന്ന് പുറത്താക്കാന്‍ കോണ്‍ഗ്രസില്‍ ചേരാന്‍ താന്‍ സന്നദ്ധനാണെന്ന് അദ്ദേഹം വ്യക്തമാക്കി. തിരിച്ചെത്തുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങളുമായി വഗേല പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായി നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമായിരിക്കും ഔദ്യോഗിക പാര്‍ട്ടി പ്രവേശനമെന്നാണ് അദ്ദേഹം പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
എ.ഐ.സി.സി ഗുജറാത്ത് ചുമതലയുള്ള ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാല, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അമിത് ചാവ്ഡ, മുന്‍ കേന്ദ്രമന്ത്രി ഭരത് സിങ് സോളങ്കി എന്നിവരുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് വഗേല പറഞ്ഞു.
അടുത്ത മാസം നടക്കാനിരിക്കുന്ന ഗാന്ധിനഗര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിനും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനും മുന്നോടിയായാണ് ഈ സുപ്രധാന രാഷ്ട്രീയ നീക്കം. പാര്‍ട്ടിക്കായി തന്നാല്‍ കഴിയുന്ന സംഭാവനകള്‍ നല്‍കാനാണ് ആഗ്രഹിക്കുന്നതെന്നും, സ്ഥാനമാനങ്ങള്‍ ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും 86-കാരനായ വഗേല വ്യക്തമാക്കി. 2027-ലെ നിയമസഭാ തെരഞ്ഞെടുപ്പ് തന്റെ അവസാന രാഷ്ട്രീയ അവസരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2017-ലാണ് വഗേല കോണ്‍ഗ്രസ് വിട്ടത്. വഗേലയുടെ തിരിച്ചുവരവിനെക്കുറിച്ച് സംസ്ഥാന കോണ്‍ഗ്രസിനുള്ളില്‍ ഭിന്നഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും, ബി.ജെ.പിക്കെതിരെ സമാന ചിന്താഗതിയുള്ള എല്ലാവരെയും ഒന്നിപ്പിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. മുന്‍ സംസ്ഥാന അധ്യക്ഷന്‍ ഭരത് സിങ് സോളങ്കി ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ വഗേലയുടെ തിരിച്ചുവരവിനെ സ്വാഗതം ചെയ്തിട്ടുണ്ട്.
Content Highlight: Former Gujarat Chief Minister Shankersinh Vaghela ready to return to the Congress to oust the BJP.