ദുലീപ് ട്രോഫിക്കുള്ള ഈസ്റ്റ് സോണ്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായി 15കാരനായ വൈഭവ് സൂര്യവംശിയെ നിയമിച്ചതില്‍ പ്രതികരണവുമായി മുന്‍ ഗുജറാത്ത് നായകന്‍ പ്രിയങ്ക് പഞ്ചാല്‍. ഇത്ര ചെറിയ പ്രായത്തില്‍ നേതൃത്വ ചുമതല നല്‍കുന്നത് താരത്തിന് അനാവശ്യ സമ്മര്‍ദമാകുമെന്നാണ് പഞ്ചാലിന്റെ അഭിപ്രായം.
‘വൈഭവ് സൂര്യവംശിയെ ഈസ്റ്റ് സോണ്‍ വൈസ് ക്യാപ്റ്റനാക്കുന്നത് സോണല്‍ സെലക്ടര്‍മാര്‍ക്ക് ഒഴിവാക്കാമായിരുന്നു എന്ന് ഞാന്‍ കരുതുന്നു. അത് ആ കൊച്ചുകുട്ടിയില്‍ അനാവശ്യ സമ്മര്‍ദം ചെലുത്തും. അത്തരം ചുമതലകള്‍ അവനെ ഏല്‍പ്പിക്കുന്നതിനുമുമ്പ്, ആദ്യം അവന്‍ റെഡ് ബോള്‍ ക്രിക്കറ്റ് എന്താണെന്ന് ശരിയായി മനസിലാക്കട്ടെ,’ പഞ്ചാല്‍ എക്‌സില്‍ എഴുതി.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി എട്ട് മത്സരങ്ങളിലെ 12 ഇന്നിങ്‌സില്‍ നിന്ന് 207 റണ്‍സാണ് വൈഭവ് ഇതുവരെ നേടിയത്. 17.25 ആവറേജില്‍ റണ്‍സ് സ്‌കേര്‍ ചെയ്തത വൈഭവ് ഫോര്‍മാറ്റില്‍ ഒരു അര്‍ധ സെഞ്ച്വറി മാത്രമാണ് നേടിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ പരിചയസമ്പന്നത നേടേണ്ട ഘട്ടത്തിലാണ്
15കാരനെ വൈസ് ക്യാപ്റ്റനായി നിയമിച്ചത്.
ഓഗസ്റ്റ് 23 മുതലാണ് ദുലീപ് ട്രോഫി പോരാട്ടങ്ങള്‍ക്ക് തുടക്കമാവുന്നത്. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ നയിക്കുന്ന ഈസ്റ്റ് സോണിന്റെ ഓപ്പണറായിട്ടാകും വൈഭവ് കളത്തിലിറങ്ങുന്നതെന്നാണ് പ്രതീക്ഷ.
അതേസമയം സിംബാബ്‌വേക്കെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയില്‍ മികച്ച പ്രകടനമായിരുന്നു വൈഭവ് പുറത്തെടുത്തത്. പരമ്പരയിലെ താരവും വൈഭവ് തന്നെയായിരുന്നു. മൂന്ന് മത്സരങ്ങളില്‍ നിന്നും രണ്ട് അര്‍ധ സെഞ്ച്വറി അടക്കം 151 റണ്‍സാണ് വൈഭവ് നേടിയത്.
അഭിമന്യു ഈശ്വരന്‍, സുദീപ് കുമാര്‍ ഘരാമി, ഷഹബാസ് അഹമ്മദ്, സൂരജ് സിന്ധു ജയ്‌സ്വാള്‍, മുഹമ്മദ് ഷമി, മുകേഷ് കുമാര്‍, ഇഷാന്‍ കിഷന്‍ (ക്യാപ്റ്റന്‍), കുമാര്‍ കുശാഗ്ര, ശിഖര്‍ മോഹന്‍, അനുകുല്‍ റോയ്, വിരാട് സിങ്, ശുഭ്രന്‍ശു സേനാപതി, വൈഭവ് സൂര്യവംശി (വൈസ് ക്യാപ്റ്റന്‍), ഡെനിഷ് ദാസ്, അഭിജിത് സര്‍ക്കാര്‍.
Content Highlight: Former Gujarat Captain Priyank Panchal Talking About Vaibhav Sooryavansi