പാരീസ്: മുന്‍ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി തെരഞ്ഞെടുപ്പ് ധനസഹായവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസില്‍ ജയിലിലേക്ക്. അഞ്ച് വര്‍ഷം തടവിന് ശിക്ഷ ലഭിച്ച സര്‍ക്കോസി ചൊവ്വാഴ്ച മുതല്‍ ജയില്‍ ശിക്ഷയനുഭവിച്ച് തുടങ്ങി. രണ്ടാം ലോക മഹായുദ്ധകാലത്തിന് ശേഷം ജയില്‍ ശിക്ഷ അനുഭവിക്കുന്ന ആദ്യ ഫ്രഞ്ച് പ്രസിഡന്റാണ് സര്‍ക്കോസി.
സുരക്ഷാ കാരണങ്ങളാല്‍ മുന്‍പ്രസിഡന്റിനെ ഐസൊലേഷന്‍ യൂണിറ്റില്‍ ഏകാന്ത തടവിലിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
2007ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ലിബിയയുടെ അന്തരിച്ച മുന്‍നേതാവ് മുഅമ്മര്‍ ഗദ്ദാഫിയില്‍ നിന്നും ധനസഹായം തേടിയെന്നായിരുന്നു സര്‍ക്കോസിക്ക് എതിരെ ചുമത്തപ്പെട്ടിരുന്ന കുറ്റം. ഈ തെരഞ്ഞെടുപ്പില്‍ സര്‍ക്കോസി വിജയിക്കുകയും ചെയ്തിരുന്നു.
കേസില്‍ കഴിഞ്ഞമാസമാണ് സര്‍ക്കോസി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. തുടര്‍ന്ന് 70കാരനായ സര്‍ക്കോസിക്ക് അഞ്ച് വര്‍ഷം തടവുശിക്ഷ വിധിക്കുകയായിരുന്നു. പൊതുക്രമത്തിന്റെ തകര്‍ച്ചയാണ് ഈ കുറ്റകൃത്യത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാണിച്ചിരുന്നു.
എന്നാല്‍ താന്‍ നിരപരാധിയാണെന്നായിരുന്നു സര്‍ക്കോസി വാദിച്ചത്. നിരപരാധിത്വം തെളിയിക്കും വരെ ശിക്ഷ വിധിക്കരുതെന്നും സര്‍ക്കോസി അഭ്യാര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഉടനെ തന്നെ ശിക്ഷ അനുഭവിക്കാന്‍ തയ്യാറാകാനായിരുന്നു കോടതി നിര്‍ദേശിച്ചത്.
2007 മുതല്‍ 2012 വരെ ഫ്രാന്‍സ് ഭരിച്ച പ്രസിഡന്റാണ് സര്‍ക്കോസി. ‘പാരീസിലെ എലിസി കൊട്ടാരത്തില്‍ നിന്നും നഗരത്തിലെ കുപ്രസിദ്ധമായ ലാ സാന്റെ ജയിലിലേക്ക്’ എന്നാണ് സര്‍ക്കോസിയുടെ ജയില്‍ ശിക്ഷയെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്.
തടവ് ശിക്ഷയനുഭവിക്കാനായി ലാ സാന്റെ ജയിലിലേക്ക് എത്തിയ സര്‍ക്കോസിയെ കുടുംബാംഗങ്ങള്‍ അനുഗമിച്ചിരുന്നു. സര്‍ക്കോസി ജയിലിലെത്തിയതായി ഫ്രാന്‍സ് നിയമമന്ത്രി ജെറാള്‍ഡ് ഡാര്‍മാനിന്‍ സ്ഥിരീകരിച്ചു. ജയിലിലെത്തും മുമ്പ് പോസ്റ്റ് ചെയ്ത സോഷ്യല്‍മീഡിയ കുറിപ്പില്‍ താന്‍ നിരപരാധിയാണെന്ന് സര്‍ക്കോസി ആവര്‍ത്തിച്ചിരുന്നു.
Content Highlight: Former French President Sarkozy enters to jail sor five years in prison in Paris